തൊടുപുഴ: അനധികൃത സ്വത്തുകേസില്‍ വിജിലന്‍സ് പിടികൂടിയ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിയുടെ ഇടനിലക്കാരനാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പൊതുമരാമത്ത് മന്ത്രിക്കും മുഖ്യമന്ത്രിക്കും സൂരജിന്റെ അനധികൃത പണം ഇടപാടില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.
കോടിക്കണക്കിന് രൂപ നിയമം കാറ്റില്‍പറത്തി സമ്പാദിച്ച ഈ ഉദ്യോഗസ്ഥനെ ഇതുവരെ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയ്യാറാകാത്തത് ഭരണത്തിലെ ഉന്നതര്‍ക്ക് പണം ഇടപാടില്‍ ബന്ധമുളളതുകൊണ്ടാണെന്നും സുരേന്ദ്രന് ആരോപിച്ചു.
സര്‍ക്കാരിന്റെ കീഴിലുള്ള ഏജന്‍സി സൂരജിന്റെ സ്വത്ത് സമ്പാദനക്കേസ് അന്വേഷിച്ചാല്‍ പ്രതി രക്ഷപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇയാള്‍ക്ക് തമിഴ്നാട്ടിലും ആന്ധ്രയിലും അനധികൃതമായ സ്വത്തുണ്ട്. എത്രയും പെട്ടന്ന് എന്‍ഫോഴ്സ്മെന്റ് സൂരജിന്റെ സ്വത്തുക്കള്‍ കണ്ട് കെട്ടണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
രാജ്യത്തെല്ലായിടത്തും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പിക്കുന്നത് ഇ-ടെന്റര്‍ വഴിയാണ്. എന്നാല്‍ കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഇതിന് തയ്യാറാകുന്നില്ല. മിക്ക കരാറുകളിലും അഴിമതിയാണ്. ലീഗ് നേതാക്കള്‍ക്കും വകുപ്പ് മന്ത്രിയുടെ ബന്ധുക്കള്‍ക്കും ചട്ടങ്ങള്‍ കാറ്റില്‍ പറത്തി കരാറുകള്‍ നല്‍കിയിട്ടുണ്ടെന്നും സുരേന്ദ്രന് ആരോപിച്ചു.
അഴിമതി നടത്താനാണ് നാഷണല്‍ ഹൈവേയുടെ നിര്‍മ്മാണ ജോലികളും മംഗലാപുരം- ഷൊര്‍ണ്ണൂര്‍ അതിവേഗപാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കേരളം നടത്തിക്കൊള്ളാമെന്ന് പറയുന്നത്.
മാറാട് കൊലക്കേസിലും സൂരജ് ആരോപണവിധേയനാണ്. കൂട്ടക്കൊലയെ സഹായിക്കുന്ന രീതിയില്‍ അന്നത്തെ കോഴിക്കോട് കളക്ടറായിരുന്ന സൂരജ് പ്രവര്‍ത്തിച്ചുവെന്ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന് രേഖപ്പെടുത്തിയിട്ടുണ്ട്. കൂട്ടക്കൊലയ്ക്കായി പണശേഖരണം നടത്തിയതായും കമ്മീഷന് കണ്ടെത്തിയിരുന്നു. സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദനം ദുരൂഹമാണ് എന്നതിന് വ്യക്തമായ തെളിവാണ് മാറാട് കമ്മീഷന്റെ അന്നത്തെ റിപ്പോര്‍ട്ടുകള്‍.
മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 142ലേക്കെത്താറായിട്ടും ശക്തമായ നടപടിക്ക് മുതിരാത്ത കഴിവുകെട്ട സര്‍ക്കാരാണ് കേരളത്തില്‍.
രണ്ട് വര്‍ഷം മുന്‍പ് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലേക്ക് എത്തുമെന്ന സ്ഥിതി വന്നപ്പോള്‍ കേരള കോണ്‍ഗ്രസ്, സിപിഎം, ഇപ്പോഴത്തെ എം.പി ജോയിസ് ജോര്‍ജ് എന്നിവര്‍ സമരമുഖത്തുണ്ടായിരുന്നു. ജലനിരപ്പ് 142ലെത്തുന്ന സ്ഥിതിയുണ്ടായിട്ടും അന്ന് വീറും വാശിയും കാണിച്ച രാഷ്ട്രീയ നേതാക്കള്‍ രംഗത്ത് വരാത്തതിന് കൃത്യമായ ഉത്തരം വേണമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: