കായംകുളം: നാടകനടന്‍ അരങ്ങില്‍ കുഴഞ്ഞുവീണ് മരിച്ചു. വള്ളികുന്നം തറയില്‍ ആര്.സി. പിള്ള (പിള്ളച്ചേട്ടന്,45)യാണ് മരിച്ചത്.
ബുധനാഴ്ച രാത്രി കെപിഎസി ഓഡിറ്റോറിയത്തില്‍ എണ്ണയ്ക്കാട് നാരായണന്‍കുട്ടിയുടെ ഭാഗവത സപ്താഹം ആറാം ദിവസം എന്ന നൃത്തസംഗീത നാടകത്തില്‍ അഭിനയിക്കവെയാണ് കുഴഞ്ഞുവീണത്. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അരങ്ങില്‍ മഹാവിഷ്ണുവിനെ പ്രാര്‍ത്ഥിച്ച് നില്‍ക്കുമ്പോഴായിരുന്നു മരണം ആര്.സി. പിള്ളയെ കവര്‍ന്നെടുത്തത്.
ദരിദ്രയായ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്ന ധനികനായ ഗോവിന്ദന് എന്ന കഥാപാത്രത്തെയാണ് ആര്.സി. പിള്ള നാടകത്തില്‍ അവതരിപ്പിച്ചത്. ഗോവിന്ദന്റെ ഭക്തിയിലും കര്‍മ്മത്തിലും സംപ്രീതനായ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് അനുഗ്രഹിക്കുന്ന അന്ത്യരംഗം എത്തിയപ്പോള്‍ നടനെ മരണം ചമയങ്ങളും ചായങ്ങളുമില്ലാത്ത ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
മാവേലിക്കര കേരളകലാ അക്കാദമിക്കുവേണ്ടിയാണ് നാടകം കെപിഎസിയില്‍ അരങ്ങേറിയത്. ഇരുപത്തിയഞ്ച് വര്‍ഷമായി നൃത്തനാടക രംഗത്ത് തന്റേതായ കൈയൊപ്പ് ചാര്‍ത്തിയ പ്രതിഭാധനനായ അഭിനേതാവായിരുന്നു ആര്.സി. പിള്ള. ഭാര്യ: ഗിരിജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: