കാഞ്ഞങ്ങാട്: ഹൊസ്ദൂര്‍ഗ് ഗവ.ഹൈസ്കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയെ മുക്കിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സഹപാഠികള്‍ അറസ്റ്റിലായി.
മീനാപ്പീസ് കടപ്പുറത്തെ മത്സ്യത്തൊഴിലാളികളായ സുരേഷ്-മിനി ദമ്പതികളുടെ മകന് അഭിലാഷിനെ(15) വെള്ളക്കെട്ടില്‍ മുക്കിക്കൊന്ന സംഭവത്തില്‍ സഹപാഠികളായ 17ഉം, 16 ഉം വയസ്സുള്ള രണ്ടുപേരാണ് പിടിയിലായത്. കാഞ്ഞങ്ങാട് കുശാല്‍ നഗര്‍ നിത്യാനന്ദ എന്‍ജിനീയറിംഗ് കോളേജിന് സമീപത്തെ വെളളക്കെട്ടില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് മൃതദേഹം കണ്ടത്. സംഭവദിവസം വൈകുന്നേരം സ്കൂള്‍ വിട്ട് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് വരുമ്പോള്‍ കുശാല്‍ നഗറില്‍ ഇറങ്ങിയ അഭിലാഷ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് രാത്രി നടത്തിയ തെരച്ചിലില്‍ അഭിലാഷിന്റെ ബാഗും ചെരുപ്പും വെള്ളക്കെട്ടിനടുത്ത് കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന കാഞ്ഞങ്ങാട് സിഐ. ടി.പി.സുമേഷിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ വെള്ളക്കെട്ടില്‍ വിശദമായി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെ അഭിലാഷിനെ വെളളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സഹപാഠികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലയുടെ വിവരം പുറത്തുവന്നത്. അഭിലാഷിനെ വെള്ളക്കെട്ടില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊല്ലുകയായുരുന്നുവെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
ഡിവൈഎസ്പി ഹരിശ്ചന്ദ്രനായ്ക്, സിഐ ടി.പി.സുമേഷ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ്. പ്രണയത്തെക്കുറിച്ചുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: