കരുനാഗപ്പള്ളി: ഓച്ചിറ ക്ഷേത്രം മതേതരക്കാര്ക്കുള്ളതല്ലെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി. മുരളീധരന്. ഓച്ചിറയില്‍ വ്യവസായസമ്മേളനത്തില് അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ സ്വാഗതപ്രാസംഗികന്‍ ഓച്ചിറ ഒരു മതേതരക്ഷേത്രമാണെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹം തന്റെ പ്രസംഗം ഇങ്ങനെ ആരംഭിച്ചത്. ക്ഷേത്രങ്ങളെല്ലാം ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണ്.
ക്ഷേത്രത്തെപ്പോലും മതേതരസ്ഥാപനമാക്കി മാറ്റാന്‍ വെമ്പുന്നവര്‍ എന്തു മതേതരത്വമാണ് നടത്തുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഈ കപടമതേതരവാദികള് പിന്നോക്കക്കാരെ ഉദ്ധരിക്കുവാന്‍ ഇവിടെ എന്താണ് ചെയ്തത്. നാം മാത്രം മതേതരം പറയുമ്പോള്‍ മറ്റു സമുദായക്കാര്‍ അവരുടെ കാര്യത്തില്‍ മാത്രം ഊന്നല്‍ നല്കി പ്രവര്‍ത്തിക്കുന്നു. അതിന്റെ ഫലമായി ഇന്നു കേരളത്തിന്റെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം അവരാണ് ഭരിക്കുന്നത്. വിദ്യാഭ്യാസം, ഭൂമി, വ്യവസായം എല്ലാം അവരില്‍ ചേര്‍ന്നിരിക്കുന്നു. ഇതാണോ അവര്‍ ഉദ്ദേശിക്കുന്ന മതേതരത്വമെന്നും അദ്ദേഹം ചോദിച്ചു. ഇവിടെ ഭൂരിപക്ഷസമുദായക്കാര്ക്ക് അര്‍ഹമായത് ലഭിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. അല്ലാതെ മതേതരത്വം പ്രസംഗിച്ചു നടക്കരുതെന്നും അദ്ദേഹം പറഞ്ഞു.
എസ്എന്‍ഡിപി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനങ്ങള്‍ നടത്തിയതുകൊണ്ടുമാത്രം വ്യവസായങ്ങള്‍ ഉണ്ടാകുകയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹിന്ദു ഇവിടെ അടവുനയത്തില്‍ അടയിരുന്ന് ഒന്നുമില്ലാത്തവനായി മാറുകയും മതേതരത്വത്തെ പുകഴ്ത്തി മറ്റുള്ളവര്‍ക്ക് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുകയും ചെയ്യുന്നതായും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നോട്ടുള്ള പോക്ക് അസലാകുന്നുണ്ട്. താന്‍ ബിജെപിക്കാരനല്ല പക്ഷെ നല്ലതുകാണുമ്പോള്‍ അത് പറയാന്‍ ചങ്കൂറ്റം കാണിക്കും.
അടുത്ത 25 വര്‍ഷത്തേക്ക് മറ്റൊരു ഭരണം കേന്ദ്രത്തില്‍ ആരും സ്വപ്നം കാണേണ്ടിവരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ, കെ.സി. രാജന്, കെ. സുരേഷ്ബാബു, എം. ലിജു, കെ. ഉദയഭാനു, അഡ്വ.പി.എസ്. ബാബുരാജ്, അഡ്വ. റാഫിരാജ്, ഡി. ചിദംബരന്, എസ്. കൃഷ്ണന്, അനില്‍ വാഴപ്പള്ളി, ആലുംപീടിക സുകുമാരന്‍, ഭരണസമിതി പ്രസിഡന്റ് വി.പി.എസ്. മേനോന്, സെക്രട്ടറി വി. സദാശിവന്, ട്രഷറര്‍ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തകസമിതി അംഗം രാധാകൃഷ്ണന് മഠത്തിക്കാരാഴ്മ സ്വാഗതവും അനില്‍ കുറുങ്ങപ്പള്ളി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: