കാഞ്ഞങ്ങാട്: കേരളത്തിലെ ഹിന്ദുജനസംഖ്യ കുറയുന്നതും മറ്റുന്യൂനപക്ഷ ജനസംഖ്യ വര്‍ധിക്കുന്നതും ആപത്കരമാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. വിശ്വഹിന്ദുപരിഷത്ത് സുവര്‍ണ ജൂബിലി രഥയാത്രയുടെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള നില്‍പ്പ് സമരത്തെ അവഗണിക്കുന്ന സര്‍ക്കാര്‍ ക്രിസ്ത്യന്‍-മുസ്ലിം മതസംഘടനകള്‍ക്ക് ഹെക്ടര്‍ കണക്കിന് ഭൂമി പതിച്ചു നല്കുന്നു. ക്ഷേത്രസ്വത്ത് ഏറ്റെടുക്കാന്‍ ഈ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായം നല്‍കാതെ തീര്‍ത്ഥാടനത്തെ അട്ടിമറിക്കാന്‍ സംസ്ഥാന ഭരണകൂടം ഗൂഢാലോചന നടത്തുന്നു, അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രപരിസരത്ത് വിഎച്ച്പി അന്താരാഷ്ട്ര പ്രസിഡന്റ് പി. രാഘവറെഡ്ഡി ഉദ്ഘാടനം നിര്‍വഹിച്ച രഥയാത്ര വന്‍ വിജയമായി മുന്നേറുകയാണ്. ചിന്മയമിഷന് കേരള ഘടകം പ്രസിഡന്റ് വിവിക്താനന്ദ സരസ്വതിയാണ് അനുഗ്രഹപ്രഭാഷണം നടത്തിയത്. ജില്ലയില്‍ രഥയാത്രക്ക് വമ്പിച്ച സ്വീകരണമാണ് ലഭിച്ചത്.
ഇന്നലെ രാവിലെ 8.30 ന് മധൂരില്‍ നിന്ന് ബജ്രംഗ്ദള് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അമ്പതോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടുകൂടിയാണ് രഥയാത്ര പുറപ്പെട്ടത്.
കാസര്‍കോട് കറന്തക്കാടായിരുന്നു ആദ്യസ്വീകരണ സ്ഥലം. തുടര്‍ന്ന് പത്തുമണിയോടുകൂടി പൊയിനാച്ചിയിലെത്തി. അവിടെ നടന്ന സ്വീകരണ പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ നിഷ സോമന് മുഖ്യപ്രഭാഷണം നടത്തി. സാഗതസംഘം ചെയര്മാന് മുണ്ടാത്ത് കൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. പൊയിനാച്ചി ചിന്മയ മിഷന് സ്വാമി തത്വാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. കണ്‍വീനര്‍ എന്‍. ഗണപതി സ്വാഗതവും വിശ്വന് പറമ്പ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് പതിനൊന്നരയോടെ രഥയാത്ര കാഞ്ഞങ്ങാട് പുതിയകോട്ടയിലെ സ്വീകരണ കേന്ദ്രത്തിലെത്തി. യോഗം പ്രമുഖ ആദ്ധ്യാത്മിക പ്രഭാഷകന്‍ രാധാകൃഷ്ണന് നരിക്കോട് ഉദ്ഘാടനം ചെയ്തു. ശിവകുമാര്‍ പൊതുവാള് അധ്യക്ഷത വഹിച്ചു. ബജ്രംഗ്ദള് സംസ്ഥാന സംയോജകന്‍ പി.ജി.കണ്ണന് മുഖ്യപ്രഭാഷണം നടത്തി.
വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് സംസാരിച്ചു. ആര്‍എസ്എസ് കാഞ്ഞങ്ങാട് ജില്ലാ സംഘചാലക് പി. ഗോപാലകൃഷ്ണന് മാസ്റ്റര്‍, സുവര്‍ണജയന്തി സംസ്ഥാന ആഘോഷ സമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര് കുമാര്‍, സ്വാമിമാരായ കൃഷ്ണാനന്ദ തീര്‍ത്ഥ, പ്രേമാനന്ദ ശിവഗിരി മഠം, ഈശ്വരാനന്ദ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വിഎച്ച്പി ജില്ലാ സെക്രട്ടറി ബാബു അഞ്ചാംവയല്‍ സ്വാഗതവും ടി.നാരായണന് നന്ദിയും പറഞ്ഞു.
തൃക്കരിപ്പൂരിലും രഥയാത്രയ്ക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടന്ന സ്വീകരണ പരിപാടിയില്‍ ടി.കോരന് അധ്യക്ഷനായിരുന്നു. ആര്‍എസ്എസ് കണ്ണൂര്‍ സമ്പര്‍ക്ക് പ്രമുഖ് കോടവലം വേലായുധന് മുഖ്യപ്രഭാഷണം നടത്തി. സുവര്‍ണ ജയന്തി ആഘോഷ പ്രമുഖ് എസ്.ജെ.ആര്.കുമാര്‍, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന്, സ്വാമി കൃഷ്ണനാഥ, സ്വാമി ഈശ്വരാനന്ദ, സ്വാമി പ്രേമാനന്ദ എന്നിവര്‍ സംസാരിച്ചു.
എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ വന്‍ വരവേല്‍പ്പാണ് യാത്രയ്ക്ക് ലഭിച്ചത്. രഥത്തില്‍ നിന്നും വിതരണം ചെയ്യുന്ന പ്രസാദം വാങ്ങാനും നല്ല തിരക്കനുഭവപ്പെട്ടു.രഥയാത്രയില്‍ ഭാരത് മാതാവിന്റെ പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിച്ച രഥത്തില്‍ നിന്നും ഹരിദ്വാറില്‍ നിന്നുള്ള ഗംഗാതീര്‍ത്ഥം, മധുരയില്‍ നിന്നുള്ള ഗോപീചന്ദനം, അയോധ്യയില്‍ നിന്നും പൂജിച്ച ചരട്, കാവിധ്വജം എന്നിവ പ്രസാദമായി വിതരണം ചെയ്യുന്നുണ്ട്.
ഇന്ന് കണ്ണൂര്‍ ജില്ലയിലായിരിക്കും രഥയാത്ര. കണ്ണൂര്‍, മട്ടന്നൂര്‍, തലശ്ശേരി, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് സ്വീകരണം. വൈകിട്ട് അഞ്ചിന് തലശ്ശേരിയില്‍ നടക്കുന്ന പൊതുസമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: