തൃശൂര്‍: ലഹരിവിമുക്തകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് നയിക്കുന്ന ജനപക്ഷയാത്ര ആര്ഭാടമാക്കാന് ബാറുകളില്‍ നിന്നും പണപ്പിരിവ് നടത്തിയതോടെ യാത്രയുടെ ഉദ്ദേശ്യശുദ്ധി തകര്‍ന്നടിഞ്ഞു. തിരുവില്വാമല കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓക് ട്രീ ബാറില്‍ നിന്നും അയ്യായിരം രൂപ സംഭാവന വാങ്ങിയത് തെളിവ് സഹിതം പുറത്തുവന്നതോടെയാണ് സുധീരന്റെ ഖദറിലും മദ്യക്കറ പുരണ്ടത്.
എ, ഐ ഗ്രൂപ്പുകള്‍ ഒരുപോലെ അവഗണിച്ച യാത്ര തുടങ്ങിയപ്പോള്‍ തന്നെ പൊളിഞ്ഞിരുന്നു. ഇപ്പോള്‍ ബാറിനെതിരായ സമരയാത്രയ്ക്ക് ബാറുകാരില്‍ നിന്ന് പിരിവ് വാങ്ങിയെന്നു കൂടി തെളിഞ്ഞതോടെ യാത്ര സുധീരനു തന്നെ നാണക്കേടായി.
സംഭവം പുറത്തായതോടെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോര്‍ജ് പുളിങ്കാനയെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള തത്രപ്പാടിലാണ് നേതൃത്വം. ജനപക്ഷയാത്ര തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന അന്നുതന്നെയാണ് പണപ്പിരിവിന്റെ വാര്‍ത്തയും പുറത്തുവന്നത്.
സംഭവം അറിഞ്ഞ ഉടനെ ഡിസിസി പ്രസിഡന്റിനോട് റിപ്പോര്‍ട്ട് തേടിയെന്നാണ് കെപിസിസി പ്രസിഡന്റ് അവകാശപ്പടുന്നത്. മണ്ഡലം നേതൃത്വത്തിന്റെ തലയില്‍ എല്ലാഭാരവും കെട്ടിവെച്ച് രക്ഷപ്പെടുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഡിസിസി നേതൃത്വം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മണ്ഡലം പ്രസിഡന്റിനെതിരെ നടപടി എടുത്തിട്ടുള്ളത്.
നവംബര്‍ 12നാണ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഒപ്പിട്ട് നല്കിയ രസീത് സഹിതമുള്ള വാര്‍ത്ത പുറത്തുവന്നത്. കാസര്‍കോട്ടു നിന്ന് ആരംഭിച്ച ജനപക്ഷയാത്ര യാതൊരു തരത്തിലുള്ള ചലനങ്ങളും സൃഷ്ടിക്കാതെ നിഷ്ക്രിയമായി നീങ്ങുന്നതിനിടെയാണ് പണപ്പിരിവ് വാര്‍ത്ത തെളിവ് സഹിതം പുറത്തുവന്നത്.
ഓരോ ബൂത്ത് കമ്മിറ്റിയും ജനപക്ഷയാത്രയുടെ നിയോജകമണ്ഡലതല ഉദ്ഘാടനം നടക്കുമ്പോള്‍ പതിനയ്യായിരം രൂപവീതം നല്‍കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീടുകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി ജനങ്ങളെ ഞെക്കിപ്പിഴിയുകയായിരുന്നു. ഇതിനുപുറമെ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാക്കള്‍ പരിപാടിയുടെ സ്വീകരണ നടത്തിപ്പുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് രൂപ സംഭാവനയായും കൈപ്പറ്റിയിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും പതിനായിരം രൂപ മുതല്‍ അമ്പതിനായിരം രൂപവരെ ആവശ്യപ്പെട്ടിരുന്നതായി ഇതിനോടകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പണം കൊടുത്തില്ലെങ്കില്‍ സ്ഥാനചലനം ഉണ്ടാകുമെന്ന ഭീഷണി ഉയര്‍ത്തിയാണ് കെപിസിസി പ്രസിഡന്റിന്റെ യാത്ര കെങ്കേമമാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തിറങ്ങിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: