തിരുവനന്തപുരം: അന്യസംസ്ഥാനങ്ങളില്‍ നിന്നും എത്തിക്കുന്ന അമിതകീടനാശിനി പ്രയോഗിച്ച പച്ചക്കറികള്‍ പിടിച്ചെടുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യകുടുംബക്ഷേമ മന്ത്രി വി.എസ്.ശിവകുമാര്‍. ഇത് സംബന്ധിച്ച് 18 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. നഗര പരിസ്ഥിതി മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ ഭാഗമായുള്ള ഹരിത വിജ്ഞാനകേന്ദ്രം പേട്ട ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിത സാങ്കേതികവിദ്യ വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി ജില്ലയിലെ വെസ്റ്റ് മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന 74 സ്കൂളുകളിലും പദ്ധതി ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതികാലാവസ്ഥാ വ്യതിയാന വകുപ്പ്, വിഎച്ച്എസ്എസ്ഇ ഡയറക്ടറേറ്റ്, സിഡിസിയു എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നഗര പരിസ്ഥിതി മെച്ചപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്. പേട്ട ജിവിഎച്ച്എസ്എസ് പ്രിന്‍സിപ്പാള്‍ സി.എസ്.ലക്ഷ്മീദേവി, സിസിഡിയു ഡയറക്ടര്‍ ഡോ. വി. സുഭാഷ് ചന്ദ്രബോസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.പുഷ്പലത തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: