കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ കാലാവധി അവസാനിക്കാനിരിക്കെ ‘കില’യില്‍ പരിശീലന മാമാങ്കം. സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ചാണ് തിരക്കിട്ട് പരിശീലനം. പഞ്ചായത്തുകളിലെ പദ്ധതി നിര്‍വ്വഹണ ചുമതലയുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം ഒരു പഞ്ചായത്തില്‍ നിന്ന് 21 പേര് വരെ ഇത്തരം പരിശീലനത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. രണ്ട് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനവും ഇതില്‍പെടും.
നവംബര്‍-ഡിസംബറോടെ വിവിധ വിഷയങ്ങളെക്കുറിച്ച് പരിശീലന പരമ്പരകള്‍ തന്നെയാണ് കിലയുടെ പദ്ധതി. തിരക്കിട്ട ഈ പദ്ധതി കൊണ്ട് കാര്യമായ ഫലം ഉണ്ടാകില്ലെന്നതാണ് വസ്തുത. പരിശീലനം സിദ്ധിച്ച ജനപ്രതിനിധികള്‍ക്ക് ഇനി അധികകാലം ഭരണനിര്‍വ്വഹണ ചുമതല ഉണ്ടാകില്ല. നിലവിലെ ഭരണസമിതിയുടെ കാലാവധി വരുന്ന ഒക്ടോബറില്‍ അവസാനിക്കും. പഞ്ചായത്ത് തെരെഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ആരംഭിച്ചു കഴിഞ്ഞു. ഓഗസ്റ്റില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പെരുമാറ്റചട്ടവും നിലവില്‍വരും. അതോടെ ഇപ്പോഴത്തെ ഭരണസമിതിക്ക് കാവല്‍ ചുമതല മാത്രമാകും. മാത്രമല്ല 2014-15 പദ്ധതി നിര്‍വ്വഹണപ്രക്രിയ മാര്‍ച്ച് 31 ഓടെ അവസാനിക്കും. പഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനത്തില്‍ നിലവിലെ ഭരണസമിതിയുടെ ‘സക്രിയ ഇടപെടലും’ അതോടെ തീരും. അടുത്ത പദ്ധതി നിര്‍വ്വഹണ ചുമതലയുടെ കാതലായ പങ്ക് നിര്‍വ്വഹിക്കേണ്ടി വരിക തെരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളായിരിക്കും.
തിരക്കിട്ട പരിശീലന പദ്ധതിക്കായി കിലയും പഞ്ചായത്തുകളും ലക്ഷക്കണക്കിന് രൂപയാണ് ധൂര്‍ത്തടിക്കുന്നത്. പരിശീലനത്തിനെത്തുന്നവര്‍ക്ക് യാത്രാബത്ത, ഭക്ഷണം തുടങ്ങിയ ഇനങ്ങള്‍ക്കായി കില പണം ചെലവഴിക്കേണ്ടതുണ്ട്. സംസ്ഥാനമൊട്ടാകെയുള്ള പരിശീല പദ്ധതിയായതിനാല്‍ ആ വകയില്‍ ലക്ഷങ്ങളാകും ചെലവഴിക്കപ്പെടുക. ജനപ്രതിനിധികള്‍ക്ക് തൃശൂരിലുള്ള കില ആസ്ഥാനത്തെത്താന്‍ ചില പഞ്ചായത്തുകള്‍ വാഹനസൗകര്യവും നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: