പെരിന്തല്‍മണ്ണ: വി എം സുധീരന് നയിക്കുന്ന ജനപക്ഷ യാത്രയുടെ പെരിന്തല്‍മണ്ണയിലെ സ്വീകരണ ചടങ്ങിനിടെ ഉപജില്ലാ കലോത്സവം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ പോലീസ് കേസ്സെടുത്തു.
കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയില്‍ വി.എം സുധീരന് നല്കിയ സ്വീകരണ സമ്മേളനം കൊഴുപ്പിക്കാന്‍ ഉപജില്ലാ കലോത്സവം കോണ്ഗ്രസ്സുകാര് അലങ്കോലപ്പെടുത്തിയിരുന്നു. വി.എം സുധീരന് പ്രസംഗിക്കാന്‍ സ്കൂള്‍ കലോത്സവം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. പെരിന്തല്‍മണ്ണ ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി സെന്‍ട്രല്‍ എല്‍പി സ്കൂളില്‍ നടന്ന അറബിക് കലോത്സവമാണ് കോണ്ഗ്രസ്സുകാര് അലങ്കോലപ്പെടുത്തിയത്. അറബിക് കലോത്സവത്തിന്റെ ഭാഗമായുള്ള അറബി പദ്യം ചൊല്ലല്‍ മത്സരം വേദിയില്‍ നടന്നുകൊണ്ടിരിക്കെ മൈക്ക് ഓഫ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസ്സുകാരുടെ അഴിഞ്ഞാട്ടം. മത്സരം പുരോഗമിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്യാനാകില്ലെന്ന് സംഘാടകര്‍ അറിയിച്ചു. ഇതു കേള്‍ക്കാതെ വേദിയില്‍ അതിക്രമിച്ചുകയറിയ കോണ്ഗ്രസ്സുകാര് മൈക്ക് മാറ്റുകയും ബോക്സ് തിരിച്ചുവെക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പ്രശ്നം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും കോണ്ഗ്രസ്സുകാര് കയ്യേറ്റം ചെയ്തിരുന്നു. ഈ പ്രശ്നങ്ങളുടെ അടിസ്ഥാനത്തില്‍ ഉപജില്ലാ കലോത്സവ സംഘാടകരുടെ പരാതി പ്രകാരവും ജാഥാസ്വീകരണ കമ്മിറ്റിയുടെ പരാതി പ്രകാരവും രണ്ട് കേസ്സുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത.് പ്രതിഷേധപ്രകടനത്തില്‍ കൊടികളും ബാനറുകളും നശിപ്പിച്ച കണ്ടാലറിയാവുന്ന 60 പേര്‍ക്കെതിരെയും പോലീസ് കേസ്സെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: