ഇത്തവണയും ഗണവേഷത്തോടുകൂടി വിജയദശമി പരിപാടിയില്‍ സന്നിഹിതനായിരുന്നു കര്‍ത്താസാര്‍ എന്നറിയപ്പെട്ടിരുന്ന രാമചന്ദ്രന് കര്‍ത്താ. എല്ലാ സംഘപരിപാടിയിലും അദ്ദേഹം ഈ നിഷ്ഠ പുലര്‍ത്തിയിരുന്നു. അടിയന്തിരാവസ്ഥ പ്രഖ്യാപിയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള മഹാനഗര്‍ ബൈഠക് ചേരാനല്ലൂരില്‍ കര്‍ത്താസാറിന്റെ വീട്ടില്‍ വച്ചായിരുന്നു നടന്നത്. അന്നാണ് ഞാന്‍ ആദ്യമായി കര്‍ത്താസാറിനെ കാണുന്നത്. സംഘത്തിന്റെ ആദ്യകാല പ്രചാരകന്മാരില് ഒരാളാണെന്നും മറ്റും മനസ്സിലാക്കാന്‍ സാധിച്ചു. പിന്നെ രണ്ടുകൊല്ലം അടിയന്തിരാവസ്ഥ. ഞാന്‍ മഹാരാജസ് കോളേജിലായിരുന്നു. ഇപ്പോഴത്തെ ബിജെപി യുടെ സംസ്ഥാന സംഘടനാ സെക്രട്ടറി ഉമാകാന്തനും, ഡിഎഫ്ഒ ആയിരുന്ന ഇന്ദുചൂഡനും അവിടെയുണ്ടായിരുന്നു. ഉമാകാന്തനും കര്‍ത്താസാറിന്റെ മൂത്തമകന് സതീശനും ഒരേ ക്ലാസ്സിലായിരുന്നു.
അടിയന്തിരാവസ്ഥയ്ക്കുശേഷം കൊച്ചി മഹാനഗരത്തിന്റെ സംഘചാ ലക് സി ആര് ആര് വര്മ്മാജിയായിരുന്നു. അതിനുശേഷം കര്‍ത്താസാര്‍ ആ ചുമതലയേറ്റെടുത്തു. എല്ലാ കാര്യകര്‍ത്താക്കള്‍ക്കും മാതൃകയായി അദ്ദേഹം എപ്പോഴും മുന്നില്‍ നിന്നിരുന്നു.
ഒരിക്കല്‍, ഒരു ബൈഠക്കില്‍ ഒരു കാര്യകര്‍ത്താവ് പരിചയപ്പെടുത്തിയ രീതി അദ്ദേഹത്തിന് ഇഷ്ടമായില്ല. അപ്പോള്‍, എങ്ങനെയാണ് പരിചയപ്പെടുത്തേണ്ടതെന്ന് അദ്ദേഹം തന്നെ എഴുന്നേറ്റ് നിന്ന് സ്വയം പരിചയപ്പെടുത്തി ഉദാഹരിച്ചു. സത്യത്തില്‍ അത്രയും വിശദമായിട്ട് ആരും തന്നെ ഇപ്പോഴും പരിചയപ്പെടുത്താറില്ല. അവനവന്റെ ശീല ങ്ങള് വരെ പറയേണ്ടിവരും. അദ്ദേഹത്തിന് അതു പറയാന്‍ ഒട്ടും മടിയുണ്ടായിരുന്നില്ല.
എല്ലാ സ്വയംസേവകരേയും സ്നേഹം കൊണ്ടു കീഴ്പ്പെടുത്തിയ ഒരു മഹദ്വ്യക്തിത്വമായിരുന്നു കര്‍ത്താസാര്‍. സംഘത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരു കണ്ണികൂടി അറ്റുപോയി. ആ മഹത്തായ ആത്മാവിന്റെ മുന്നില്‍ നമ്രശിരസ്ക്കരനായി പ്രണമിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: