ആലപ്പുഴ: കുട്ടനാട് പാക്കേജിന്റെ ഭാഗമായി പാടശേഖരങ്ങളുടെ പുറം ബണ്ട് നിര്‍മിച്ചതില്‍ വന്അപാകതയുണ്ടെന്ന് ലോകായുക്ത വിജിലന്‍സ് റിപ്പോര്‍ട്ട്. നിര്‍മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നിര്‍മാണത്തിലെ അപാകത പരിഹരിച്ചശേഷമേ കരാറുകാര്‍ക്ക് തുക കൈമാറാവൂ എന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു.
കുട്ടനാട് പാക്കേജിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അഴിമതിയുണ്ടെന്ന് തുടക്കം മുതല്‍ തന്നെ പരാതിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്നാണ് ലോകായുക്ത വിജിലന്‍സ് ഡിവൈഎസ്പി: വി. രാജേന്ദ്രന് നിര്‍മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷണം നടത്തിയത്. പാക്കേജിന്റെ ഭാഗമായി പാടശേഖരങ്ങളുടെ പുറംബണ്ട് നിര്‍മിച്ചതില്‍ അപാകതയുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചു.
ചിത്തിര കായലില്‍ നിര്‍മിച്ച 100 മീറ്റര്‍ പുറംബണ്ട് പരിശോധിച്ചതില്‍ 50 മീറ്റര്‍ ഭാഗവും തകര്‍ന്ന അവസ്ഥയിലാണ്. റാണി കായലിലെ പെയില്‍ ആന്‍ഡ് സ്ലാബുകളില്‍ ബഹുഭൂരിപക്ഷവും തകര്‍ന്നു. സി ബ്ലോക്കിലെ കരിങ്കല്‍ കെട്ടുകള്‍ ഇടിഞ്ഞുതാണു. കല്‍ക്കെട്ടുകള്‍ക്കിടയിലൂടെ വെള്ളം കയറുന്നതായും പരിശോധനയില്‍ ബോധ്യപ്പെട്ടു. പുറംബണ്ടുകള്‍ ശക്തിപ്പെടുത്തുന്നതിനായി സ്ഥാപിച്ച ജിയോ ഫാബ്രിക് ഫില്‍റ്റര്‍ എന്ന നെയിലോണ്‍ ഷീറ്റ് കീറിയ നിലയിലാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച പല ഉദ്യോഗസ്ഥരും നല്കിയ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപാകത കണ്ടെത്തിയ ഭാഗങ്ങള്‍ പരിശോധിച്ച് വീഴ്ച പരിഹരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമേ കരാറുകാര്‍ക്ക് ബാക്കി തുക മാറാവൂ എന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്. അന്വേഷണറിപ്പോര്‍ട്ട് ഉടന്‍തന്നെ ലോകായുക്തയ്ക്ക് സമര്‍പ്പിക്കും. പതിറ്റാണ്ടുകളായി കൃഷി നടക്കാത്ത കായല്‍ നിലങ്ങളില്‍ മുന്‍ഗണന പരിഗണന ലംഘിച്ച് പുറംബണ്ട് നിര്‍മിക്കുന്നതിനെതിരെ തുടക്കത്തില്‍ തന്നെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇവിടങ്ങളില്‍ സ്ഥാപിച്ച സ്ലാബുകള്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ തകര്‍ന്നിരുന്നു. സ്ലാബുകള്‍ക്ക് മതിയായ ഉയരം ഇല്ലായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
കൃഷി പതിവായി ചെയ്യുകയും മഴക്കാലങ്ങളില്‍ ബണ്ടു തകര്‍ന്ന് വന്‍തോതില്‍ കൃഷി നശിക്കുകയും ചെയ്യുന്ന പാടശേഖരങ്ങളെ ഒഴിവാക്കി കൃഷി ചെയ്യാത്ത കായല്‍നിലങ്ങളില്‍ പുറംബണ്ട് നിര്‍മിക്കുന്നതില്‍ അഴിമതിയുണ്ടെന്ന കര്‍ഷകരുടെ ആരോപണം ശരിവയ്ക്കുന്നതാണ് ലോകായുക്ത വിജിലന്‍സ് റിപ്പോര്‍ട്ട്. കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ കണ്ട കുട്ടനാട് പാക്കേജ് അഴിമതി പാക്കേജായി മാറുന്നവെന്നതാണ് ദുരവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: