തിരുവനന്തപുരം; ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്(എയിംസ്ാമാതൃകയില് കേരളത്തില്‍ ആതുരാലയം സ്ഥാപിക്കാന്‍ കേന്ദ്രം സന്നദ്ധത അറിയിച്ചതോടെ കേരളത്തിലെ എംപിമാര്‍ തങ്ങളുടെ മണ്ഡലത്തിലേക്ക് പദ്ധതി എത്തിക്കാന്‍ വടംവലി തുടങ്ങി.
നാഴികക്കല്ലാകുന്ന പദ്ധതി കൈവിട്ടു പോകാതിരിക്കാന്‍ ആരോഗ്യവകുപ്പും മന്ത്രിയും കഠിന പ്രയത്നം ആരംഭിച്ചു . ഒരു മാസത്തിനകം സ്ഥലവും സന്നദ്ധതയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനെ അറിയിക്കണം. സ്ഥലം കണ്ടെത്തുന്നതിനു വേണ്ടി ആരോഗ്യവകുപ്പ് പ്രത്യേക സമിതിക്കു രൂപം നല്കി. പത്തു ദിവസത്തിനകം സമിതി അനുയോജ്യമായ സ്ഥലങ്ങളുടെ റിപ്പോര്‍ട്ടു നല്‍കും. എന്നാല്‍, സര്‍ക്കാരിനെയും വകുപ്പിനെയും മറികടന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ തങ്ങളുടെ സ്വന്തം മണ്ഡലങ്ങളില്‍ എയിംസ് എത്തിക്കാന്‍കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നേരിട്ട് കത്തുനല്‍കിയിരിക്കുകയാണ്. കേന്ദ്രബജറ്റിനു മുമ്പ് എംപിമാരുടെ യോഗം 27ന് സംസ്ഥാന സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ എയിംസ് ആവശ്യവും എംപിമാര്‍ ഉന്നയിക്കും.
എറണാകുളം എംപി കെ.വി. തോമസാണ് ആദ്യം കത്തു നല്‍കിയത്. എച്ച്എംടിയുടെ പക്കലുള്ള ഭൂമി മുഴുവന്‍ എയിംസ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. പോരെങ്കില്‍ എറണാകുളത്ത് എവിടെ വേണമെങ്കിലും സ്ഥലം കണ്ടെത്താന്‍ തയ്യാറാണെന്നും കത്തില്‍ പറയുന്നു. കോട്ടയത്ത് വേണമെന്ന ആവശ്യം ഉന്നയിച്ച് ജോസ് കെ. മാണിയും കത്തു നല്‍കിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിനെ എയിംസായി ഉയര്‍ത്തിയാല്‍ മതിയാകും. ഇല്ലാത്തപക്ഷം എച്ച്എന്‍എല്ലിന്റെ ഭൂമി വിട്ടു നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജിനെ എയിംസായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച് ഇ. അഹമ്മദ് എംപിയും രംഗത്ത് വന്നിട്ടുണ്ട്. ആലപ്പുഴയ്ക്കു വേണ്ടി കെ.സി. വേണുഗോപാല്‍ ഇതുവരെ ആവശ്യമുന്നിയിച്ചിട്ടില്ല. എന്നാല്‍, എല്ലാ എംപിമാരും അവരവരുടെ മണ്ഡലങ്ങള്‍ക്കു വേണ്ടി വാദിക്കുമ്പോള്‍ തന്റെ മണ്ഡലത്തിനു വേണ്ടിയും ആവശ്യമുന്നയിക്കും. ആലപ്പുഴയില്‍ സ്ഥലം ഇല്ലാത്തത് തിരിച്ചടിയായിട്ടുണ്ട്. പള്ളിപ്പുറത്തു മാത്രമാണ് സര്‍ക്കാര്‍ ഭൂമിയുള്ളത്. ഇത് അപര്യാപ്തവും. കേന്ദ്രീയവിദ്യാലയം സ്ഥാപിക്കുന്നതിനുള്ള പ്രൊപ്പോസലിന് അംഗീകാരം കിട്ടിയിട്ടും പദ്ധതി നടപ്പാകാത്തത് സ്ഥലം തികയാതെ വന്നതുകൊണ്ടാണ്.
കാസര്‍ഗോഡ് എംപി പി. കരുണാകരന് അഞ്ചുസ്ഥലങ്ങള്‍ കണ്ടെത്തി സര്‍ക്കാരിനെ അറിയിച്ചു. കരിന്തറ, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ സ്ഥലം ധാരാളമുണ്ട്. എയിംസ് വയനാടു തന്നെ സ്ഥാപിക്കണമെന്ന് എം.ഐ. ഷാനവാസ് എംപി പറയുന്നു. പാലക്കാട് കഞ്ചിക്കോട് സ്ഥലമുണ്ട്. വേണണെങ്കില്‍ റെയില്‍വേയുടെ സ്ഥലമേറ്റെടുക്കാനാകുമെന്നു പാലക്കാട് എംപി എംബി. രാജേഷ്. ഇക്കാര്യം എംപിമാരുടെ യോഗത്തില്‍ ആവശ്യപ്പെടും, എംപി പറഞ്ഞു.
പത്തനംതിട്ടയില്‍ ളാഹ എസ്റ്റേറ്റില്‍ സ്ഥലമുണ്ടെന്നും ഇവിടെ എയിംസ് സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എംപി. ആന്റോആന്ണിക്ക് ആയ്യപ്പ സേവാസംഘം പ്രവര്‍ത്തകര്‍ നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ടയില്‍ എയിംസ് സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് കത്തു നല്‍കിയിട്ടുണ്ടെന്നറിയുന്നു. തലസ്ഥാന ജില്ലക്കു വേണ്ടി ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും, എംപി ശശി തരൂരും ആവശ്യമുന്നയിച്ചിട്ടുണ്ട്. കൂടാതെ നഗരസഭ എയിംസിനു വേണ്ടി പ്രമേയവും പാസ്സാക്കി. മെഡിക്കല്‍കോളേജ് ആശുപത്രിയെ എയിംസാക്കി ഉയര്‍ത്തണമെന്നാണ് പ്രമേയം. കേന്ദ്ര നിബന്ധനകള്‍ പ്രകാരം നിലവിലുള്ള ആശുപത്രികളെ എയിംസ് ആക്കാന്‍ സാധിക്കില്ല.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: