തിരുവനന്തപുരം : അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടര്‍ക്കെതിരെ പീഡനകേസും. സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സോഷ്യോ എക്കണോമിക്സ് യൂണിറ്റ് ഫൗണ്ടേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഐസക്ക് ജോണിനെതിരെയാണ് മ്യൂസിയം പോലീസ് കേസി രജിസ്റ്റര്‍ ചെയ്തത്. അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ സ്ഥാപനത്തിലെ വനിതാ ഫൈനാന്‍ഷ്യല്‍ ഓഫീസറെ ഓഫീസില്‍ തടഞ്ഞുവയ്ക്കുകയും അസഭ്യം പറയുകയും മടിക്കുത്തില്‍ കുത്തിപ്പിടിച്ച് അപമാനിക്കുകയും ചെയ്തു എന്നതാണ് കേസ്. ഇമെയില്‍ സന്ദേശങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെ തെളിവ് സഹിതമാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്. കുടിവെള്ളം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് നെതര്‍ലാന്റ് സര്‍ക്കാരിന്റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചിരുന്ന സംഘടനയാണ് സോഷ്യോ എക്കണോമിക്സ് ഫൗണ്ടേഷന്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ജലവിഭവവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ശുചിത്വ മിഷന് എക്സിക്യുട്ടീവ് ഡയറക്ടര്‍ എന്നിവര്‍ സര്‍ക്കാര്‍ പ്രതിനിധിക്കും റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന് എന്‍. രാമചന്ദ്രന് ചെയര്‍മാനായുള്ള 10 അംഗ ഗവേണിംഗ് ബോഡിയാണ് ഭരണ നിര്‍വ്വഹണം. ബോര്‍ഡ് അംഗമായിരുന്ന ഐസക്ക് ജോണിനെ ഗുരുതരമായ അഴിമതി നടത്തിയതിന് അന്വേഷണ വിധേയമായി സസ് പെന്റ് ചെയ്തിരുന്നു. അന്വേഷണ കമ്മീഷന്റെ ശുപാര്‍ശപ്രകാരമായിരുന്നു ഇത്. പോണ്ടിച്ചേരിയില്‍ ജലശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാന്‍ സ്വകാര്യ കമ്പനിയുമായി കരാര്‍ ഏര്‍പ്പെടുക വഴി ലക്ഷങ്ങളുടെ അഴിമതി നടന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
കമ്മീഷന്റെ അന്വേഷണത്തിനു പുറമെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയില്‍ ക്രിമിനല്‍ കേസും ഐസക്ക് ജോണിനെതിരായുണ്ട്.
കേസില്‍ സ്ഥാപനത്തിന്റെ ഫിനാന്‍ഷ്യല്‍ ഓഫീസറുടെ മൊഴി നിര്‍ണായകമാണ്. അതിനാല്‍ അനുകൂലമായി മൊഴി നല്കാന് വനിതയായ ഓഫീസര്‍ക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ഉണ്ടായിരുന്നു. വഴങ്ങില്ലെന്ന് കണ്ടെത്തിയപ്പോഴാണ് ഭീഷണിയും അപമാനിക്കലും.
തൊഴില്‍ സ്ഥലത്ത് മേല്‍ ഉദ്യോഗസ്ഥന് പീഡിപ്പിച്ചു എന്നുകാട്ടി വനിതാ ജീവനക്കാരി രേഖാമൂലം പരാതി നല്‍കിയിട്ടും പോലീസിന്റെ ഭാഗത്തുനിന്ന് നടപടിയെടുക്കാത്തതില്‍ ദുരൂഹതയുണ്ട്. ഐസക്ക് ജോണിന് ഹായ് ക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം എടുക്കാന്‍ അവസരമൊരുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നാണ് സംശയം.
അഴിമതിയുടെ പേരില്‍ പുറത്താക്കപ്പെട്ട ആള് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയതും പെന്ഷന് പറ്റിയശേഷം കാലാവധി നീട്ടിക്കൊടുത്തതും എങ്ങനെ എന്ന ചോദ്യവും പ്രസക്തമാണ്. ഉയര്‍ന്ന ഐഎഎസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്നതാണ് ഗവേണിംഗ് സമിതിയെങ്കിലും ഇവരാരും യോഗങ്ങളില്‍ പങ്കെടുക്കാറില്ല. ഗവേണിംഗ് കമ്മിറ്റി തീരുമാനം എന്ന പേരില്‍ വരുന്നത് ചെറിയൊരു കോക്കസിന്റെ തീരുമാനമാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. എല്ലാ ജില്ലകളിലും ഓഫീസുകളുള്ള ഫൗണ്ടേഷന് 60 സ്ഥിരം ജീവനക്കാരാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: