കൊയിലാണ്ടി: ആഘോഷത്തിമര്‍പ്പുകള്‍ തീരെയില്ലാതെ നാട്യാചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍ക്ക് ഇന്ന് 99-ാം പിറന്നാള്‍. കോഴിക്കോട് കൊയിലാണ്ടി ചേലിയ ഗ്രാമത്തില്‍ 1091 മിഥുനമാസത്തിലെ കാര്‍ത്തിക നക്ഷത്രത്തിലാണ് നാട്യാചാര്യന്റെ ജനനം. വാക്കുകള്‍ക്ക് നവരസങ്ങളിലൂടെയും ഹസ്ത മുദ്രകളിലൂടെയും ജീവന് പകരുകയായിരുന്നു ഗുരുവിന്റെ ജന്മദൗത്യം.
പാലക്കാട് സ്വദേശിയായിരുന്ന കരുണാകരമേനോന്റെ കഠിന ശിക്ഷണത്തില്‍ കഥകളി പഠിച്ചു. ഉത്തരമലബാറിലെ വിവിധ കളിയോഗങ്ങളില്‍ സജീവസാന്നിദ്ധ്യമായിരുന്നു. കൗമുദി ടീച്ചറുടെ പ്രേരണയാല്‍ പിന്നീട് നൃത്തരംഗത്തേക്ക് പ്രവേശിച്ചു. ഭരതനാട്യം നന്നായഭ്യസിച്ചു. ചേലിയ കഥകളി വിദ്യാലയം സ്ഥാപകന്‍ കൂടിയാണ് ഗുരു. പ്രായത്തെ ഗൗനിക്കാതെ, തനിക്കിഷ്ടപ്പെട്ട കൃഷ്ണവേഷം നാലു മാസം മുമ്പ് ഗുരുവായൂരില്‍ കൃഷ്ണഭഗവാന്റെ മുമ്പിലും ആടി.
പ്രിയപ്പെട്ടവരും ആചാര്യസമാനരും സ്നേഹപൂര്‍വം ഗുരുവിനോട് അപേക്ഷിക്കാറുണ്ട്. ശരീരം ക്ഷീണിക്കുന്നു, 35 കിലോയിലും അധികം ഭാരം വരുന്ന കോപ്പുകള്‍ താങ്ങാന്‍ 99 കാരനാവുമോ ? എന്നാല്‍ അതൊന്നും ഗുരുവിന് പ്രശ്നമേയല്ല. ശതാബ്ദിക്കരികെയെത്തിയ ഗുരു ഇപ്പോള്‍ ആട്ടവിളക്കിന് ചുറ്റും സജീവമാകുകയാണ്. ഒട്ടേറെ പുരസ്കാരം ലഭിച്ച ഗുരുവിന് വൈകാതെ ‘പത്മ’ പുരസ്കാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗുരുവിന്റെ ആരാധകര്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: