ഹരിപ്പാട്: രണ്ടുകോടിയോളം രൂപയുടെ ബ്രൗണ്‍ഷുഗറുമായി അന്താരാഷ്ട്ര മയക്കുമരുന്നുസംഘത്തിലെ കണ്ണികള്‍ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കള്‍ എക്സൈസ് പിടിയിലായി. കോഴിക്കോട് സ്വദേശികളായ വടകര മേമ്മൂട്ട വില്ലേജില്‍ മയ്യന്നൂര്‍ പൂവള്ളിപ്പറമ്പത്ത് വീട്ടില്‍ അബ്ദുള്ളയുടെ മകന് മന്‍ഷാദ് (25), മാവുള്ളതില്‍ കുഞ്ഞബ്ദുള്ളയുടെ മകന് ഇസ്മയില്‍ (24)എന്നിവരാണ് പിടിയിലായത്.
പ്രധാന പ്രതിക്കുവേണ്ടി എക്സൈസ് ഡപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കാസര്‍കോട് കേന്ദ്രീകരിച്ച് തെരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ബ്രൗണ്‍ഷുഗറിന് പുറമേ നെട്രോസിഫാം 10 എംജിയുടെ 10 ടാബിള്റ്റ്, ബ്രുഫ്രിനോര്ഫിന് നാല് ആംപ്യൂള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഇന്നലെ രാവിലെ പത്തരയോടെ ഹരിപ്പാട് കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ഇറങ്ങിയ ഇരുവരും വടക്കുഭാഗത്തുള്ള ഒരു സ്വകാര്യ ലോഡ്ജിലെത്തി വിശ്രമിക്കാന്‍ പോകുമ്പോഴാണ് എക്സൈസ് സംഘത്തെ കണ്ടത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ എക്സൈസ് സംഘം പിന്തുടര്ന്ന് പിടിക്കുകയായിരുന്നു.
ഹരിപ്പാട് എക്സൈസ് ഓഫീസിലെത്തി ബാഗ് പരിശോധിച്ചപ്പോഴാണ് 883 ഗ്രാം, 653 ഗ്രാം തൂക്കത്തില്‍ രണ്ട് പോളിത്തീന്‍ കവറില്‍ പായ്ക്ക് ചെയ്ത നിലയില്‍ ബ്രൗണ്‍ഷുഗര്‍ കണ്ടെത്തിയത്. ബാഗില്‍ നിന്നും ശ്രീലങ്കന്‍ കറന്‍സി, പാസ്പോര്‍ട്ട്, ഐഡി കാര്‍ഡ്, ലാപ്ടോപ് എന്നിവയും കണ്ടെടുത്തു.
വെള്ളനിറത്തിലുള്ള പൊടിരൂപത്തിലുള്ളതാണ് ബ്രൗണ്‍ഷുഗര്‍. കറുപ്പുചെടിയില് നിന്നും മോര്‍ഫിന്‍ എന്ന പദാര്‍ഥം കയറ്റിയാണ് ഇത് ഉണ്ടാക്കുന്നത്. വെള്ളത്തില്‍ കലക്കി ഇന്‍ജക്ട് ചെയ്യുകയും മദ്യത്തില്‍ കലര്‍ത്തിയുമാണ് ഉപയോഗിക്കുന്നത്.
ഇസ്മയിലായിരുന്നു ബാഗ് സൂക്ഷിച്ചിരുന്നത്. മന്‍ഷാദിന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നാണ് മാരകമായ കാന്‍സര്‍ രോഗത്തിന് നല്‍കിവരുന്ന ബ്രുഫ്രിനോര്ഫിന് എന്ന മയക്കുമരുന്ന് കണ്ടെടുത്തത്. ഇത് വില്‍പ്പന നടത്തുന്നതിനുള്ള സാമ്പിളായാണ് കയ്യില്‍ സൂക്ഷിക്കുന്നത്. മംഗലാപുരം കേന്ദ്രീകരിച്ച് കണ്ണികളുള്ള ഈ സംഘം എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിലാണ് കൂടുതലും ബ്രൗണ്‍ഷുഗര്‍ വിറ്റുവരുന്നതെന്നും, രണ്ടുതവണ ആലപ്പുഴയിലും എത്തിയിട്ടുണ്ടെന്നും എക്സൈസിനോട് വെളിപ്പെടുത്തി.
യഥാസ്ഥാനത്ത് എത്തിച്ചുകൊടുക്കാന്‍ ഇരുവര്‍ക്കുമായി രണ്ടുലക്ഷം രൂപയാണ് പ്രതിഫലം കിട്ടുന്നത്. ബാക്കി തുക നെറ്റ്ബാങ്കിങ് മുഖേന യഥാര്‍ഥ സംഘത്തിന്റെ കയ്യില്‍ എത്തുകയാണ് പതിവ്. 21ന് വടകരയിലും കാസര്‍കോട്ടും സന്ദര്‍ശിക്കുകയും ഇതിനുശേഷം ഷൊര്‍ണൂരില്‍ നിന്നും തീവണ്ടി മാര്‍ഗം എറണാകുളത്തെത്തിയ ഇരുവരും 22ന് വൈകിട്ട് ആലപ്പുഴയില്‍ തങ്ങിയ ശേഷം 23ന് രാവിലെ ബസ് മാര്‍ഗം ഹരിപ്പാട്ടേക്ക് തിരിക്കുകയായിരുന്നു.
10-ാം ക്ലാസിന് താഴെ മാത്രം വിദ്യാഭ്യാസമുള്ള മന്‍ഷാദും ഇസ്മയിലും പെയിന്റിങ് ജോലി നടത്തിവരികയാണെങ്കിലും സാമ്പത്തികമായി ഉന്നത നിലവാരത്തിലാണെന്ന് എക്സൈസ് അധികൃര്‍ പറഞ്ഞു. എക്സൈസ് ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍, പ്രിവന്റീവ് ഓഫീസറായ വി. അരുണ്‍കുമാര്‍, സിഇഒമാരായ ആനന്ദരാജ്, കലേശ്, ഗോപകുമാര്‍, ഡി. മായാജി എന്നിവരാണ് സംഘത്തെ പിടികൂടിയത്. സിഐ: പി. വിനയകുമാറിന്റെ സാന്നിധ്യത്തില്‍ പ്രതികളെ ദേഹപരിശോധന നടത്തി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: