തൃശൂര്‍: മെഡിക്കല്‍ കോളേജ് മുറ്റത്ത് ശിലാഫലകങ്ങള്‍ പെരുകുന്നു. പദ്ധതി പ്രഖ്യപനങ്ങളില്‍ മാത്രം. കഴിഞ്ഞ ആറ് മാസത്തിനിടയില്‍ മെഡിക്കല്‍ കോളേജ് കോമ്പൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിട്ട വിവിധ പദ്ധതികളുടെ തറക്കല്ലുകളില്‍ എട്ടാമത്തെയാണ് ഇന്നലെ ഡ്രഗ്സ് ടെസ്റ്റിങ് ലാബോറട്ടറിയുടേത്.
ആരോഗ്യസര്‍വകലാശാലയുടെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുമ്പോഴാണ് അതേ കോമ്പൗണ്ടില്‍ വികസനക്കല്ലുകള് നോക്കുകുത്തിയായി നിലകൊള്ളുന്നത്.കൊട്ടിഘോഷിച്ച പദ്ധതികള്‍ ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല.
അതിവേഗം ബഹുദൂരം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പദ്ധതി പ്രഖ്യാപനവും ശിലാസ്ഥാപനങ്ങളും ഉദ്ഘാടനവും. കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഉദ്ഘാടനം, ഇതോടൊന്നിച്ച് ഏഴ് വികസന പദ്ധതികളുടെ ശിലാസ്ഥാപനം ഒറ്റ വേദിയില്‍ നിന്ന് നിര്‍വഹിച്ചും മുഖ്യമന്ത്രി അന്ന് ഏറെ പ്രശംസ പിടിച്ച് പറ്റി. എന്നാല്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ പിന്നെ ആരും തിരിഞ്ഞ് നോക്കിയില്ല.
ഇവിടെ ഡെന്റല്‍ കോളേജ്, പി.ജി-യു.ജി ഹോസ്റ്റല്‍ ക്വാര്‍ട്ടേഴ്സ്, ജെറിയാട്രിക് യൂണിറ്റ്, ബേണ്‍സ്, നഴ്സിങ് കോളേജിന്റെ സൗത്ത്-ഈസ്റ്റ് ബ്ലോക്കുകള്‍, അതിഥി മന്ദിരം തുടങ്ങിയവക്കായിരുന്നു അന്ന് ശിലാസ്ഥാപനം നടത്തിയത്. എന്നാല്‍ തൃശ്ശൂര്‍ക്കാരെ ചതിച്ച് ഡെന്റല്‍ കോളേജ് ആലപ്പുഴക്ക് കൊണ്ടു പോകുകയാണ് ചെയ്തത്. ഉദ്ഘാടനം ചെയ്ത 800 കിടക്കകളുള്ള ബ്ലോക്ക് ഇപ്പോഴും പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല.
ശിലയിട്ട പദ്ധതികളും തുടങ്ങാനിരിക്കുന്നവയുമെല്ലാമായി 70 കോടിയോളം രൂപ അനുവദിച്ചതായാണ് മുഖ്യമന്ത്രി വേദിയില്‍ പറഞ്ഞത്. മെഡിക്കല്‍ കോളേജിലെ അപകടവഴിയായി പറയുന്ന അത്യാഹിത വിഭാഗത്തിന് മുന്നില്‍ റോഡ് നിര്‍മ്മിക്കുന്നതിന് നേരത്തെ പണമനുവദിച്ചുവെന്ന് പറഞ്ഞുവെങ്കിലും റോഡ് നിര്‍മ്മാണം ആയിട്ടില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ തന്നെ എങ്ങുമെത്താതിരിക്കെയാണ് എട്ടാമത്തെ ഒരു പദ്ധതിക്ക് കൂടി മുഖ്യമന്ത്രി ശിലയിട്ടിരിക്കുന്നത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: