ന്യൂദല്‍ഹി: കള്ളപ്പണത്തിനെതിരായ നരേന്ദ്ര മോദി സര്‍ക്കാരിന്റെ പോരാട്ടത്തില്‍ നിര്‍ണായക വഴിത്തിരിവ്. നികുതിവെട്ടിച്ച് കോടികള്‍ സ്വിസ് ബാങ്കില്‍ കൂട്ടിയിട്ടിരിക്കുന്നവരുടെ പട്ടിക ഇന്ത്യയ്ക്കു ലഭിക്കും.
കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരുടെ പട്ടിക കൈമാറാന്‍ സ്വിറ്റ്സര്‍ലന്റ് തീരുമാനിച്ചു. ഇന്ത്യന്‍ നിക്ഷേപകരുടെ ലിസ്റ്റ് തയ്യാറായെന്നും സ്വിസ് അധികൃതര്‍ സൂചിപ്പിച്ചു. സ്വിറ്റ്സര്‍ലന്റിലെ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്താന്‍ അധികൃതര്‍ ആരംഭിച്ച നടപടികളാണ് ഇന്ത്യയില്‍ നിന്നുള്ള വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷണത്തിന്റെ വലയില്‍പ്പെടുത്തിയത്.
ബിനാമികളുടെയും ട്രസ്റ്റുകളുടെയും സ്ഥാപനങ്ങളുടെയും മറവില്‍ കോടിക്കണക്കിനു രൂപ നികുതിവെട്ടിച്ച് സ്വിസ് ബാങ്കില്‍ പൂഴ്ത്തിവച്ചിരിക്കുന്നുവെന്ന സംശയത്തിനിടയാക്കിയവരാണ് ഈ വ്യക്തികള്‍. സ്ഥാപനങ്ങളില്‍ പലതും ഇന്ത്യയ്ക്കു പുറത്തുമാണ്, സ്വിസ് ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. എന്നാല്‍ നയതന്ത്രപരമായ കാരണങ്ങളാല്‍ വ്യക്തികളാരെന്നും അവരുടെ പേരിലെ കള്ളപ്പണത്തിന്റെ അളവിനെപ്പറ്റിയും യാതൊന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല. കള്ളപ്പണത്തിനെതിരെ ഇന്ത്യയിലെ പുതിയ സര്‍ക്കാര്‍ നടത്തുന്ന പോരാട്ടത്തിന് തുണയേകുമെന്നും പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കുമെന്നും സ്വിസ് അധികൃതര്‍ വ്യക്തമാക്കി.
കള്ളപ്പണത്തിന്റെ പ്രധാന ശേഖരണ കേന്ദ്രമായ സ്വിറ്റ്സര്‍ലന്റില്‍ നിലവില്‍ 283 ബാങ്കുകളുണ്ട്. ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്ന അവയൊന്നും ഇരുമ്പുമറ മാറ്റാന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സ്വിസ് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു.
സ്വിസ് ബാങ്കിംഗ് സംവിധാനത്തിനെതിരെ ആഗോള തലത്തില്‍ തന്നെ എതിര്‍പ്പുകള്‍ ശക്തമാണെങ്കിലും ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തിന് കുറവുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഏകദേശം 14000 കോടി രൂപ ഇന്ത്യക്കാരുടെ പേരില്‍ സ്വിസ് ബാങ്കിലുണ്ടെന്നു എസ്എന്‍ബി (സ്വിസ് നാഷണല്‍ ബാങ്ക്) നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2013ല്‍ ഇന്ത്യക്കാരുടെ നിക്ഷേപം 200 കോടി സ്വിസ് ഫ്രാങ്കായി വര്‍ധിച്ചു. 2012ലെ 1 കോടി 42 ലക്ഷം സ്വിസ് ഫ്രാങ്കുമായി തട്ടിച്ചുനോക്കുമ്പോള്‍ 40 ശതമാനം കൂടുതല്‍. ഇടപാടുകാരോടുള്ള ‘ബാധ്യത’ അതല്ലെങ്കില്‍ ‘നല്‍കാനുള്ള തുക’ എന്നാണ് സ്വിസ് ബാങ്ക് ഫണ്ടുകളെ വിശേഷിപ്പിക്കുന്നത്. എസ്എന്‍ബി പുറുത്തുവിട്ട ഈ കണക്കുകള്‍ യാഥാര്‍ത്ഥ്യത്തില്‍ നിന്നും ഏറെ അകലെയാണെന്നു സുവ്യക്തം.
സ്വിറ്റ്സര്‍ലന്റിലെ സുരക്ഷിത ഉറവിടങ്ങളില്‍ ഇന്ത്യക്കാര്‍ പൂഴ്ത്തിവച്ചിരിക്കുന്ന പണത്തിന്റെ അളവിനെ അതു പ്രതിഫലിപ്പിക്കുന്നില്ല. വ്യത്യസ്ത രാജ്യങ്ങളിലെ സ്ഥാപനങ്ങളുടെ മറവില്‍ ഇന്ത്യക്കാര്‍ ഒളിപ്പിച്ച കള്ളപ്പണത്തിന്റെ കണക്കുകളും ഉള്‍പ്പെടുന്നില്ലെന്നതും മറ്റൊരു വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: