റാസൈഫ്: ലോകകപ്പില്‍ വീണ്ടുമൊരു വമ്പന്‍ അട്ടിമറി. ഗ്രൂപ്പ് ഡിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ നാല് തവണ ലോകചാമ്പ്യന്മാരായ ഇറ്റലിയാണ് അട്ടിമറിക്കപ്പെട്ടത്. കോസ്റ്ററിക്കയാണ് ഏകപക്ഷീയമായ ഒരു ഗോളിന് അസൂറികളെ തകര്‍ത്തുവിട്ടത്. ഇതോടെ രണ്ട് മത്സരങ്ങളും വിജയിച്ച കോസ്റ്ററിക്ക 6 പോയിന്റുമായി പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നാലാം ലോകകപ്പ് കളിക്കുന്ന കോസ്റ്ററിക്ക് രണ്ടാം തവണയാണ് നോക്കൗട്ട് റൗണ്ടില്‍ കടക്കുന്നത്. 1990-ലെ തങ്ങളുടെ ആദ്യ ലോകകപ്പിലും അവര്‍ പ്രീ-ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരുന്നു. 44-ാം മിനിറ്റില്‍ കോസ്റ്ററിക്ക് ക്യാപ്റ്റന്‍ മാര്‍ക്കോ റൂസാണ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ അസൂറികളുടെ നെഞ്ചകം പിളര്‍ത്തിയ ഗോള്‍ സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ ഇറ്റാലിയന്‍ പെരുമയെ വകവെക്കാതെ ആക്രമണങ്ങളുടെ തിരമാലയാണ് കോസ്റ്ററിക്ക താരങ്ങള്‍ അഴിച്ചുവിട്ടത്. ജോയല്‍ കാംപെല്ലും മാര്‍ക്കോ റൂസും ബൊളാനോസുമാണ് ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. രണ്ടാം മിനിറ്റില്‍ തന്നെ അവര്‍ ലക്ഷ്യത്തിനടുത്തെത്തുകയും ചെയ്തു. ബ്രയാസ് റൂസിന്റെ പാസില്‍ നിന്ന് ക്രിസ്റ്റ്യന്‍ ബൊളോനസ് ബോക്സിന് പുറത്തുനിന്ന് പറത്തിയ ഷോട്ട് ഇറ്റാലിയന്‍ ഗോളി ബഫണ് രക്ഷപ്പെടുത്തി. ഏഴാം മിനിറ്റില്‍ സെല്‍സോ ബോര്‍ഗസിന്റെ ക്ലോസ് റേഞ്ചില്‍ നിന്നുള്ള ഹെഡ്ഡര്‍ ക്രോസ്ബാറിന് മുകളിലൂടെ പറന്നപ്പോള്‍ ഇറ്റാലിയന്‍ താരങ്ങള്‍ ആശ്വാസംകൊണ്ടു. 27-ാം മിനിറ്റിലാണ് ഇറ്റലി ആദ്യമായി എതിര് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചത്. എന്നാല്‍ തിയാഗോ മോട്ടോ ബോക്സിന് പുറത്തുനിന്ന് പറത്തിയ ഷോട്ട് പുറത്തേക്ക് പറന്നു. തൊട്ടുപിന്നാലെ മരിയോ ബെലോട്ടെല്ലിയുടെ ഒരു ഷോട്ട് പുറത്തേക്ക് പോയപ്പോള്‍ ബോക്സിന് പുറത്തുനിന്ന് പായിച്ച വെടിയുണ്ടകണക്കെയുള്ള മറ്റൊരു ഷോട്ട് കോസ്റ്ററിക്കന്‍ ഗോളി രക്ഷപ്പെടുത്തി. 36-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ബൊളോനസിന്റെ മറ്റൊരു ശ്രമവും ഇറ്റാലിയന്‍ ഗോളി ബഫണ് കയ്യിലൊതുക്കി. 39-ാം മിനിറ്റില്‍ മാര്‍ക്കോസ് റൂസിന്റെ ലോംഗ്റേഞ്ച് ഷോട്ട് ബഫണ് കയ്യിലൊതുക്കിയപ്പോള്‍ തൊട്ടുപിന്നാലെ ഓസ്കര് ഡുറേറ്റയുടെ ഹെഡ്ഡര്‍ ക്രോസ് ബാറിനെ ഉമ്മവച്ച് പുറത്തുപോയി. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 44-ാം മിനിറ്റില്‍ കോസ്റ്ററിക്ക ആദ്യ ഗോള്‍ നേടി. ഇടതുവിംഗില്‍ക്കൂടി പന്തുമായി കുതിച്ച ജൂനിയര്‍ ഡയസ് കൊടുത്ത ക്രോസ് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ മാര്‍ക്കോ റൂസ് വലയിലേക്ക് തിരിച്ചുവിട്ടത് ഇറ്റാലിയന്‍ ഗോളി ബഫണിനെ കീഴടക്കി ക്രോസ്ബാറിന്റെ അടിയില്‍ത്തട്ടി വലയില്‍ പതിച്ചു. ആദ്യപകുതിയില്‍ മാത്രം കോസ്റ്ററിക്കയുടെ നാല് ശ്രമങ്ങളാണ് ഇറ്റാലിയന്‍ ഗോളി ബഫണ് ഉജ്ജ്വലമായി രക്ഷപ്പെടുത്തിയത്.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താനുള്ള അവസരം കോസ്റ്ററിക്ക് നഷ്ടമായി. ജിയാന്‍ കാര്‍ലോസ് ഗൊണ്സാലിന്റെ ഹെഡ്ഡര്‍ പുറത്തുപോയി. തൊട്ടുപിന്നാലെ ഇറ്റലിയുടെ മാറ്റിയോ ഡാര്‍മിയന്‍ ബോക്സിന് പുറത്തുനിന്ന് പറത്തിയ ഷോട്ട് കോസ്റ്ററിക്കന്‍ ഗോളി കയ്യിലൊതുക്കി. 54-ാം മിനിറ്റില്‍ കോസ്റ്ററിക്കയുടെ സെല്‍സോ ബോര്‍ഗസിന്റെ ഷോട്ടും ലക്ഷ്യം കണ്ടില്ല. 61-ാം മിനിറ്റില്‍ ഇറ്റലിയുടെ അന്റോണിയോ കസാനോക്ക് ലഭിച്ച അവസരവും മുതലാക്കാനായില്ല. പിന്നീട് അവസാന മിനിറ്റുകളില്‍ ഇറ്റലി തുടര്‍ച്ചയായി കോസ്റ്ററിക്കന്‍ ഗോള്‍മുഖത്തേക്ക് ആക്രമണം നടത്തിയെങ്കിലും പ്രതിരോധക്കോട്ടക്കെട്ടി അവയെല്ലാം തടഞ്ഞതോടെ സമനിലയെന്ന സ്വപ്നവും അസൂറികള്‍ക്ക് നഷ്ടമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: