മൂന്നരപ്പതിറ്റാണ്ടിന്റെ മഹത്തായ പാരമ്പര്യമുള്ള ‘ജന്മഭൂമി’യുടെ ആറാമത് എഡിഷന് ഇന്ന് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശിവപേരൂരില്‍നിന്ന് തുടക്കം കുറിക്കുകയാണ്. ആധുനിക കേരളത്തില്‍ ദേശീയബോധത്തിന്റെ ജിഹ്വയായി വളര്‍ന്നുവന്ന ‘ജന്മഭൂമി’ ഇന്ന് മലയാളികളുടെ മനഃസാക്ഷിയുടെ ഭാഗമാണ്. പി.വി.കെ. നെടുങ്ങാടി, പ്രൊഫ. എം.പി.മന്മഥന്, വി.എം. കൊറാത്ത്, പി. നാരായണന്, പ്രൊഫ. തുറവൂര്‍ വിശ്വംഭരന് തുടങ്ങിയ മഹാരഥന്മാരായ പത്രാധിപന്മാരുടെ മാര്‍ഗദര്‍ശനത്തില്‍ സത്യത്തിനൊപ്പം സഞ്ചരിച്ചതിന്റെ അഭിമാനകരമായ പൈതൃകമാണ് ‘ജന്മഭൂമി’ക്ക് ഉയര്‍ത്തിപ്പിടിക്കാനുള്ളത്.
കോഴിക്കോട്ടുനിന്ന് സായാഹ്നപത്രമായി പ്രവര്‍ത്തനം ആരംഭിച്ച് അടിയന്തരാവസ്ഥക്കുശേഷം പ്രഭാതപത്രമായ ‘ജന്മഭൂമി’യുടെ പില്ക്കാല വളര്‍ച്ച കൊച്ചി കേന്ദ്രീകരിച്ചായിരുന്നു. ഇന്ന് കൊച്ചിക്ക് പുറമെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ അഞ്ച് എഡിഷനുകളിലേക്ക് വളര്‍ന്നത് മാധ്യമരംഗത്തെ ഒരു വിജയഗാഥയാണ്. വളര്‍ച്ചയുടെ പടവുകള്‍ അഭിമാനത്തോടെ ചവിട്ടിക്കയറിയാണ് ഇപ്പോള്‍ ശക്തന്റെ തട്ടകമായ തൃശ്ശിവപേരൂരില്‍നിന്ന് ആറാമത് എഡിഷന് പ്രവര്‍ത്തനമാരംഭിക്കുന്നത്. പല നിലകളിലും സാംസ്കാരിക കേരളത്തിന്റെ ഈറ്റില്ലംതന്നെയായ തൃശ്ശിവപേരൂരില്‍നിന്ന് അളവറ്റ അഭിമാനത്തോടെയാണ് ‘ജന്മഭൂമി’ മഹത്തായ തുടക്കംകുറിക്കുന്നത്. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി തൃശ്ശിവപേരൂരിന്റെ നന്മകള് സ്വാംശീകരിച്ച് മുന്നോട്ടുപോകാന്‍ പ്രതിജ്ഞാബദ്ധമായ മനസ്സാണ് ‘ജന്മഭൂമി’ക്കുള്ളത്. മൂന്ന് പതിറ്റാണ്ടിലേറെക്കാലം വടക്കുന്നാഥന്റെ മണ്ണിലെ ജനത ‘ജന്മഭൂമി’ക്ക് നല്‍കിവന്ന നിര്‍ലോപമായ സഹായസഹകരണം തുടര്‍ന്നും ലഭിക്കുമെന്ന ഉറപ്പാണ് ഞങ്ങളുടെ കൈമുതല്‍.
സാംസ്കാരിക ദേശീയതയുടെ തനിമയില്‍ ജനാധിപത്യത്തെ അര്‍ത്ഥപൂര്‍ണമാക്കാനുള്ള ജനവിധിയോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതിയൊരു സര്‍ക്കാര്‍ രാജ്യത്ത് അധികാരമേറ്റിരിക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെക്കാലം മോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തുമായി മലയാള മാധ്യമചരിത്രത്തിന് അഭേദ്യമായൊരു ബന്ധമുണ്ട്. 1881 ല്‍ ദേവ്ജി ഭീംജി എന്ന ഗുജറാത്തിയാണ് കൊച്ചിയില്‍ ‘കേരളമിത്രം’ എന്ന പേരില്‍ ആദ്യമായി ലക്ഷണയുക്തമായ ദിനപത്രം തുടങ്ങിയത്. മോദിസര്‍ക്കാരിലെ വാര്ത്താവിതരണമന്ത്രിയായ പ്രകാശ് ജാവ്ദേക്കര്‍ ‘ജന്മഭൂമി’യുടെ ആറാമത് എഡിഷന് ഇന്ന് ഉദ്ഘാടനം ചെയ്യുമ്പോള്‍ അതില്‍ ചരിത്രത്തിന്റെ ഒരു നിയോഗമുണ്ട്. അത് നിറവേറ്റാന്‍ ഞങ്ങളെ അനുഗ്രഹിക്കുക.
– എം. രാധാകൃഷ്ണന് മാനേജിംഗ് ഡയറക്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: