ബ്രസീലിയ: പൊരുതിക്കളിച്ച ഐവറികോസ്റ്റിന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഗ്രൂപ്പ് സിയില്‍ കൊളംബിയ രണ്ടാം വിജയം സ്വന്തമാക്കി. ഈ വിജയത്തോടെ കൊളംബിയ നോക്കൗട്ട് റൗണ്ട് പ്രവേശനം ഏറെക്കുറെ ഉറപ്പാക്കുകയും ചെയ്തു.
മത്സരത്തിന്റെ അഞ്ചാം മിനിറ്റില്‍ കൊളംബിയയുടെ തിയോഫിലോ ഗ്വിറ്റാരസ് അവസരം പാഴാക്കി. 25-ാം മിനിറ്റിലാണ് ഐവറികോസ്റ്റിന് ആദ്യ അവസരം ലഭിച്ചത്. എന്നാല്‍ ചിക് ടിയോട്ടെയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. പിന്നീട് 28-ാം മിനിറ്റില്‍ കൊളംബിയയുടെ ഗ്വിറ്റാരസ് തുറന്ന ഒരു അവസരം നഷ്ടമാക്കി. 31-ാം മിനിറ്റില്‍ ഐവറിയുടെ ഒൗരിയരുടെ ഒരു നല്ല ഗ്രൗണ്ടര്‍ കൊളംബിയന്‍ ഗോളി കയ്യിലൊതുക്കി. തുടര്‍ന്നും ഇരുടീമുകളും തകര്‍പ്പന്‍ മുന്നേറ്റങ്ങളുമായി എതിര് ബോക്സുകളില്‍ പ്രവേശിച്ചെങ്കിലും ഗോള്‍ നേടാന്‍ മാത്രം കഴിഞ്ഞില്ല. ഇതോടെ ആദ്യപകുതി ഗോള്‍രഹിതമായി കലാശിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കൊളംബിയയുടെ ഗ്വിറ്റാരസ് നല്കിയ പാസില്‍ ഇബാര്‍ബോ ഒരു അവസരം കൂടി പാഴാക്കി. തൊട്ടുപിന്നാലെ ഐവറി കോസ്റ്റിന്റെ യായാ ടൂറേയും നല്ലൊരു അവസരം പാഴാക്കി. 60-ാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണിയെ തിരിച്ചുവിളിച്ച് സൂപ്പര്‍താരം ദിദിയര്‍ ദ്രോഗ്ബയെ ഐവറി കോസ്റ്റ് കളത്തിലിറക്കി. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊടുവില്‍ 64-ാം മിനിറ്റില്‍ കൊളംബിയ ലീഡ് നേടി. അവര്‍ക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗ്വില്ലര്‍മോ ക്വാര്‍ഡാഡോ എടുത്ത കിക്ക് ഉയര്‍ന്നു ചാടിയ ജെയിംസ് റോഡ്രിഗസ് ഉതിര്‍ത്തി തകര്‍പ്പന്‍ ഹെഡ്ഡര്‍ ഐവറി കോസ്റ്റ് ഗോളി തടയാന്‍ ശ്രമിച്ചെങ്കിലും കയ്യില്‍ത്തട്ടി വലയില്‍ പതിച്ചു (1-0). ഇതോടെ ആക്രമണം ശക്തമാക്കിയ കൊളംബിയ 70-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്തി. ഐവറി കോസ്റ്റ് പ്രതിരോധനിര താരത്തിന്റെ കാലില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത ഗ്വിറ്റാരസ് നീട്ടി നല്കിയ പാസുമായി കുതിച്ചുകയറിയ ജുവാന്‍ ക്വിന്ററോ അഡ്വാന്‍സ് ചെയ്ത് മുന്നോട്ടുനീങ്ങിയ ഗോളിയെ നിഷ്പ്രഭമാക്കി പന്ത് വലയിലെത്തിച്ചു (2-0). മൂന്നു മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഒരു ഗോള്‍ ഐവറികോസ്റ്റ് നേടി. ആര്‍തര്‍ ബൊക്കയുടെ പാസില്‍ നിന്ന് ഗര്വീഞ്ഞോയാണ് ഗോള്‍ നേടിയത് (2-1). അവസാന മിനിറ്റുകളില്‍ സമനിലക്കായി ഐവറി കോസ്റ്റ് പൊരുതിയെങ്കിലും ഗോള്‍ വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: