കൊച്ചി: ദേശീയ പാത 17 നാലുവരിയാക്കി പുനര്‍ നിര്‍മ്മിക്കുന്ന ജോലി സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. പൊതു മരാമത്ത് വകുപ്പാണ് നീക്കമാരംഭിച്ചിട്ടുള്ളത്. മലപ്പുറം കേന്ദ്രമാക്കി പുതിയ കമ്പനി രൂപീകരിച്ച് പാത നിര്‍മ്മാണം ഏറ്റടുക്കാനാണ് പരിപാടി.
ബി.ഒ.ടി അടിസ്ഥാനത്തിലായിരിക്കും നിര്‍മ്മാണം. പാത പൂര്‍ത്തിയാകുന്നതോടെ വന്‍ ടോള്‍ കൊള്ളക്കും അവസരമൊരുങ്ങും. 1500 കോടിയാണ് ആദ്യഘട്ടത്തില്‍ പദ്ധതി ചെലവായി കണക്കാക്കുന്നതെങ്കിലും ഇത് 5000 കോടി വരെയായി ഉയര്‍ത്താനാണ് ആലോചന.
പൊതു മരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന മുസ്ലീം ലീഗിന്റെ താത്പര്യ പ്രകാരമാണ് നിര്‍മ്മാണം സ്വകാര്യ കമ്പനിക്ക് കൈമാറുന്നത്. 45 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നാണ് ദേശീയ പാത അതോറിറ്റി പാത വികസനത്തില്‍ നിന്ന് പിന്മാറിയത്. തുടര്‍ന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 30 മീറ്റര്‍ വീതിയില്‍ നാലുവരിപ്പാത നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പി ഡബ്ല്യു ഡി നേരിട്ട് കരാര്‍ നല്കി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു ആദ്യ വിശദീകരണം. എന്നാല്‍ ആ തീരുമാനത്തില്‍ നിന്ന് പിന്മാറി സ്വകാര്യ കമ്പനിയെ പൂര്‍ണ്ണമായും നിര്‍മ്മാണ ജോലികള്‍ ഏല്‍പ്പിക്കാനാണ് ഇപ്പോള്‍ തിരക്കിട്ട നീക്കം.
ഇരുപതോ മുപ്പതോ വര്‍ഷത്തേക്ക് ടോള്‍ പിരിക്കാനുള്ള അവകാശവും കമ്പനിക്ക് ലഭിക്കും. ഇതോടെ ഇപ്പോള്‍ ജനങ്ങള്‍ക്ക് സൗജന്യ സഞ്ചാര സ്വാതന്ത്ര്യമുള്ള റോഡ് സ്വകാര്യ കമ്പനിയുടെ കൈപ്പിടിയിലൊതുങ്ങും.
ദേശീയ പാത 47 ല്‍ തൃശ്ശൂര്‍ മുതല്‍ ഇടപ്പള്ളി വരെയുള്ള ഭാഗം നാലുവരിയാക്കാന്‍ ഇതേ രീതിയില്‍ സ്വകാര്യ കമ്പനിക്ക് കൈമാറിയത് സംബന്ധിച്ച ആക്ഷേപങ്ങള്‍ നിലനില്‍ക്കേയാണ് പുതിയ നീക്കം. ഗുരുവായൂര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കായിരുന്നു ഈ പദ്ധതിയുടെ ചുമതല. ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ പലരും കോണ്‍ഗ്രസ് -ലീഗ് നേതാക്കള്‍ക്ക് വേണ്ടപ്പെട്ടവരാണെന്ന് ആക്ഷേപമുണ്ട്. തൃശ്ശൂര്‍- അങ്കമാലി പാാതയുടെ നിര്‍മ്മാണ കരാര്‍ 312 കോടിയുടേതായിരുന്നു. പിന്നീട് ഇത് 630 കോടിയായി ഉയര്‍ത്തി. ഈ തുക പിരിച്ചെടുക്കുന്നതിന് പാലിയേക്കരയില്‍ കമ്പനി ടോള്‍ പിരിവും തുടങ്ങി. പ്രതിദിനം 50 ലക്ഷം രൂപയിലേറെ ഇവിടെ ടോള്‍ പിരിവ് നടക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിനകം മൂന്നു വര്‍ഷം കൊണ്ടു തന്നെ ഈ കണക്കില്‍ 540 കോടിയിലേറെ പിരിച്ചെടുത്തിട്ടുണ്ട്. ഇനി പതിനേഴ് വര്‍ഷം കൂടി ടോള്‍ പിരിവ് തുടരും. സമാനമായ രീതിയില്‍ ദേശീയ പാത 17 ലും വന്‍ ടോള്‍ കൊള്ളക്കാണ് അവസരമൊരുങ്ങുന്നത്.
ടി.എസ്. നീലാംബരന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: