കൊട്ടാരക്കര: പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാനും മ്യൂസിയം നിര്‍മിക്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം മതേതര സങ്കല്പത്തിനു വിരുദ്ധവും മതസ്വാതന്ത്ര്യ ധ്വംസനവുമാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി കുമ്മനം രാജശേഖരന് പ്രസ്താവിച്ചു.
ഗുരുവായൂര്‍ മോഡലില്‍ പത്മനാഭസ്വാമി ക്ഷേത്രം ഭരിക്കുമെന്ന് ദേവസ്വം മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ജീര്‍ണിച്ചതും കാലഹരണപ്പെട്ടതുമായ ഭരണവ്യവസ്ഥിതിയാണ് ഗുരുവായൂരിലേത്. സര്‍ക്കാര്‍ ക്ഷേത്രങ്ങളെ കൈയടക്കുന്നതും രാഷ്ട്രീയക്കാരില്‍ ഭരണം കേന്ദ്രീകരിക്കുന്നതും ക്ഷേത്രത്തെ നശിപ്പിക്കുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഗുരുവായൂരിലേത്. കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി ഓഫീസായി ഗുരുവായൂര്‍ ക്ഷേത്രം തരംതാണു . ശ്രീകോവിലിന്റെ മുമ്പില്‍ വച്ചു പോലും ഭരണക്കാര്‍ അസഭ്യം വിളിച്ചും തമ്മിലടിച്ചും ക്ഷേത്രത്തെ നിന്ദിച്ചു. ഭക്തരെ നിഷ്ഠൂരമായി മര്‍ദ്ദിച്ച പ്രതികള്‍ കോണ്‍ഗ്രസ്സുകാരായതുകൊണ്ട് ഒരു നടപടിയും സര്‍ക്കാര്‍ എടുക്കുന്നില്ല. പത്മനാഭ സ്വാമി ക്ഷേത്രവും സര്‍ക്കാര്‍ ഏറ്റെടുത്ത് ഇതേ അവസ്ഥയുണ്ടാകണമെന്നാണ് കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ ആഗ്രഹിക്കുന്നത്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ മ്യൂസിയം പണിയേണ്ടത് സര്‍ക്കാരല്ല. ക്ഷേത്ര ഭരണസമിതിയാണ്. ജനാധിപത്യ പ്രക്രിയയിലൂടെ ഭക്തജനപ്രാതിനിധ്യമുള്ള സ്വതന്ത്ര ഭരണസമിതിക്ക് പത്മനാഭസ്വാമി ക്ഷേത്രം കൈമാറണം. മതേതര സര്‍ക്കാര്‍ ക്ഷേത്രഭരണം മാത്രം സ്വന്തമാക്കണമെന്ന് ശഠിക്കുന്നത് ദുരുദ്ദേശപരമാണ്. മതവിവേചനമാണ്. ക്രൈസ്തവ-മുസ്ലിം ആരാധനാലയങ്ങളില്‍ അതത് മതസ്ഥര്‍ക്കുള്ള ഭരണാവകാശവും സ്വാതന്ത്ര്യവും ഹൈന്ദവ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്കു നല്‍കണം.
പത്മനാഭ സ്വാമി ക്ഷേത്ര ഭരണം ഭക്തജനപ്രതിനിധികളും രാജകുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് കൈമാറണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ കേരളം ഉന്നയിക്കണമെന്നും കുമ്മനം രാജശേഖരന് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: