തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജ് പ്രവേശനത്തിലെ പ്രതിസന്ധി സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സ്വാശ്രയ പ്രവേശനം പ്രതിസന്ധിയിലായതിനെക്കുറിച്ചു സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു ടി.വി. രാജേഷ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.
മാനേജ്മെന്റുകള്‍ സീറ്റുകള്‍ ലേലം ചെയ്യുകയാണെന്നും സംസ്ഥാനത്തെ സാശ്രയ മെഡിക്കല്‍ പ്രവേശനം ഒരു കാലത്തും നേരിടാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍ നേരിടുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ട് 675 സീറ്റുകള്‍ നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉള്ളത്. ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയെ സര്‍ക്കാര്‍ നോക്കുകുത്തിയാക്കുകയാണ്. ജസ്റ്റിസ് ജെയിംസ് കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ടി.വി.രാജേഷ് ആവശ്യപ്പെട്ടു.
മാനേജ്മെന്റുകള്‍ സര്‍ക്കാരിന് സീറ്റുകള്‍ നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ മറുപടി നല്കി. പ്രവേശനം പൂര്‍ത്തിയാക്കാന്‍ സെപ്റ്റംബര്‍ 30 വരെ സമയമുണ്ടെന്നും ശിവകുമാര്‍ നിയമസഭയെ അറിയിച്ചു. ഇതിനകം പ്രശ്നം പരിഹരിക്കും. വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ ശരിയല്ല. ഇതിനോടകം മൂന്ന് തവണ മാനേജ്മെന്റുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തി. ഫീസ് വര്‍ധിപ്പിക്കണമെന്ന മാനേജ്മെന്റ് ആവശ്യം സര്‍ക്കാര്‍ തള്ളി. ഇരുപതാം തീയതിക്ക് മുമ്പായി മാനേജ്മെന്റുമായി കരാറില്‍ ഒപ്പിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശിവകുമാര്‍ സഭയെ അറിയിച്ചു.
മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: