ശബരിമല: ശബരിമലയില്‍ ഇന്നലെ ആരംഭിച്ച അഷ്ടമംഗല ദേവപ്രശനത്തില്‍ ശകുനങ്ങളെല്ലാം അശുഭം. ദേവന് അനിഷ്ടത്തിലാണെന്നും കടുത്ത ദോഷവും ദൈവാധീനക്കുറവുണ്ടെന്നും പ്രശ്നത്തില്‍ തെളിഞ്ഞു. രാശിപൂജയിലും താംബൂല പ്രശ്നചിന്തയിലും കണ്ട നിരവധി നിമിത്തങ്ങള്‍ കടുത്ത ദോഷങ്ങളുടെ സൂചനയാണ് നല്‍കിയത്. ഇന്നലെ രാവിലെ 9.30ന് സന്നിധാനത്ത് കിഴക്കേ മണ്ഡപത്തില്‍ രാശിപൂജയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.
ദേവഹിതമറിയാന്‍ പൂജിച്ച സ്വര്‍ണ്ണരാശി വൃശ്ചികക്കൂറിലാണ് സമര്‍പ്പിക്കപ്പെട്ടത്. ആരൂഢത്തില്‍ വ്യാഴം അഷ്ടമത്തിലും ശനി പന്ത്രണ്ടിലും കണ്ടതിനാല്‍ ദോഷങ്ങള്‍ ഗൗരവകരമാണെന്ന് വിലയിരുത്തപ്പെട്ടു. രാശിപൂജാചടങ്ങിനിടെ പൂജിച്ച സ്വര്‍ണ്ണവുമായി രാശിക്കളത്തിന് വലംവെച്ച കൊച്ചുകുട്ടിയുടെ മേല്‍വസ്ത്രം വീണ്ടും ഉടുപ്പിച്ചതും രാശിക്കളത്തില്‍ സ്വര്‍ണ്ണം കമിഴ്ന്ന് കിടന്നതും ദോഷ സൂചകമായി. ഇത് അനിഷ്ടയോഗത്തിന് പ്രാബല്യമുണ്ടെന്ന് ദൈവജ്ഞര്‍ വിചിന്തനം ചെയ്തു. എല്ലാ ഗ്രഹങ്ങളും അനിഷ്ടഭാവത്തില്തന്നെയാണ് നിലകൊണ്ടത്. താംബൂലപ്രശ്നചിന്തയില് ദേവസാന്നിദ്ധ്യം, ക്ഷേത്രം, ബിംബം, തുടര്‍ന്ന് രക്ഷകന്മാര്, ഭരണാധികാരികള്‍, ധനവിഷയവും നിവേദ്യവും, പരിചാരകന്മാരും എന്നിവയുമാണ് പരിഗണിക്കപ്പെട്ടത്. പ്രധാനമായും ശബരിമലയിലെ കൊടിമരം ക്ഷയിച്ചതാണെന്നും അത് മാറ്റി നൂതന പ്രതിഷ്ഠ നടത്തണമെന്നുമാണ് ദേവഹിതം. ഇപ്പോള്‍ കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗത്തറ ചായം പൂശിയതാണ്. കൊടിമരത്തിന്റെ ചുവട് ജീര്‍ണ്ണിച്ചതാണെന്നും താംബൂല പ്രശ്നത്തില്‍ കണ്ടെത്തി.
ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ നെയ്വിളക്ക് തെളിയിച്ച് ശബരിമലയിലും മാളികപ്പുറത്തും കൂട്ടപ്രാര്‍ത്ഥന നടത്തണമെന്നും പ്രശ്നവശാല്‍ തെളിഞ്ഞു. വിളക്കുവെച്ച് ആരാധിക്കുന്ന ഒരു സങ്കേതം ഇന്ന് ഇരുളിലായതായും താംബൂലപ്രശ്നത്തില്‍ കണ്ടു. രാശിപൂജാ സമയം വിളക്കിലെ തിരിയണഞ്ഞതും അശുഭമാണ്. ഭഗവാന്റേയും മാളികപ്പുറത്തമ്മയുടേയും കോപവും താംബൂലപ്രശ്നത്തില്‍ തെളിഞ്ഞു. പന്ത്രണ്ടില്‍ ശനിയായതിനാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ക്ക് കോടതി വ്യവഹാരമോ ജയില്‍വാസമോ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണെന്ന് ദൈവജ്ഞര്‍ നിരീക്ഷിച്ചു. ഗണപതി ക്ഷേത്രത്തിന് അവഗണന വന്നതായും ഇതു ഉടന്‍ പരിഹരിക്കേണ്ടതാണെന്നും നിരീക്ഷണമുണ്ട്.
ഭഗവാന് ഭക്തര്‍ കാണിക്കയായി നല്കുന്ന കീരിടങ്ങളടക്കമുള്ള ആഭരണങ്ങള്‍ ബിംബത്തില്‍ ചാര്‍ത്തുന്നില്ല. നടതുറക്കുന്ന സമയത്ത് ആഭരണങ്ങള്‍ ചാര്‍ത്തണമെന്നാണ് ദേവഹിതം. മാളികപ്പുറത്തുള്ള മണിമണ്ഡപം പവിത്രമായി സംരക്ഷിക്കണം. അയ്യപ്പന്റെ ശ്രീമൂലസ്ഥാനമാണിത്. മാളികപ്പുറത്തെ ഒരു കാവായി കണ്ടുവേണം ഇവിടുത്തെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ ഇവിടെ ശ്രീകോവിലിന് വലുപ്പം കൂട്ടരുത്. മാളികപ്പുറത്ത് ഉപദേവതാ ക്ഷേത്രങ്ങള്‍ പല തട്ടുകളായാണ് സ്ഥിതിചെയ്യുന്നത്. ഇവിടെ മണിമണ്ഡപം ഒഴികെ ഉപദേവതാ ക്ഷേത്രങ്ങള്‍ സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റാവുന്നതാണെന്നും പ്രശ്നചിന്തയില്‍ കണ്ടു.
ആദ്യ ഭസ്മക്കുളം സ്ലാബിട്ട് മൂടിയത് ദോഷകാരണമായി തെളിഞ്ഞു. ഇത് ഉപയോഗ്യമാക്കണം. പുതിയ കുളം നിര്‍മ്മിച്ചാലും ഭസ്മക്കുളമെന്ന് പേരിടരുതെന്നും ദൈവജ്ഞര്‍ നിരീക്ഷിച്ചു. സന്നിധാനത്തെ ഫ്ലൈഓവറുകള്‍ ഒഴിവാക്കാവുന്നതാണ്. ക്ഷേത്രത്തിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും ദേവഹിതത്തില്‍ തെളിഞ്ഞു. ശബരിമലയില്‍ പൂജാരിയുടെ ഭാഗത്തുനിന്നും ഉണ്ടായതായി തെളിഞ്ഞ ദോഷപരിഹാരത്തിന് അരവണ വഴിപാട് കഴിച്ച ശേഷം അപരാധസൂക്തം ആയിരത്തെട്ടു ഉരു ജപിക്കാന്‍ ദേവജ്ഞര്‍ നിര്‍ദ്ദേശിച്ചു. ശബരിമലയില്‍ നിത്യപൂജകളില്‍ ലോപമുള്ളതായും നിരീക്ഷണമുണ്ടായി.
ജ്യോതിഷ പണ്ഡിതനായ ചെറുവള്ളി നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തിലാണ് ദേവപ്രശ്നം നടക്കുന്നത.് പ്രശസ്ത ജ്യോതിഷരായ രാവുണ്ണി പണിക്കര്‍, തൃക്കൂന്നപുഴ ഉദയകുമാര്‍, പൂക്കാട് കരുണാകരപണിക്കര്‍, ജി.അഖിലേഷ് ബാബു പണിക്കര്‍ എന്നിവരും പങ്കെടുത്തു. തന്ത്രി കണ്ഠര് മഹേശ്വരര്, ചെറുമകന് മഹേഷ് മോഹനര്, കണ്ഠര് രാജീവരര്, ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എം.പി.ഗോവിന്ദന്‍നായര്‍, അംഗങ്ങളായ സുഭാഷ് വാസു, പി.കെ. കുമാരന്, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ ജോളി ഉല്ലാസ് എന്നിവരും സന്നിഹിതരായിരുന്നു. ദേവപ്രശ്നം ഇന്ന് സമാപിക്കും.
ജി. സുനില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: