ഇന്ന് വായനാദിനം
ആലുവ: ഹോട്ടല്‍ ദ്വാരക വെജിറ്റേറിയന്‍ ഒണ്‍ലി നെയിംബോര്ഡില്നിന്ന് കാര്യങ്ങള്‍ വ്യക്തം. ശുദ്ധ സസ്യഭോജനശാല. എന്നാല്‍ മുപ്പത്തടം കവലയില്‍ രണ്ട് പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ദ്വാരകയില്‍ ഭക്ഷണത്തിനൊപ്പം വിഭവസമൃദ്ധമായ വിജ്ഞാനവും ലഭിക്കും.
പത്രങ്ങളുടെയും മറ്റ് പ്രസിദ്ധീകരണങ്ങളുടെയും കലവറയായ വരാന്ത കടന്നുവേണം തീന്‍മേശയിലെത്താന്‍. പ്രതിമാസം 5000 രൂപയോളം ചെലവിട്ടാണ് ദ്വാരകയുടെ പരിപാലകന് നാരായണന് പ്രസിദ്ധീകരണങ്ങള്‍ വരുത്തുന്നത്. ഇവിടെ ലഭിക്കാത്ത മലയാളം, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങള്‍ വിരളം. ഹോട്ടലിലെ പതിവുകാരുടെ രണ്ടിരട്ടിയെങ്കിലും വരും പത്രവായനക്കും റഫര്‍ ചെയ്യാനുമായി എത്തുന്നവര്‍.
പ്രഭാതത്തില്‍ നൂറുകണക്കിന് കാക്കകള്‍ക്ക് ഭക്ഷണം നല്‍കിയാണ് ശ്രീമന്‍ നാരായണന് ഹോട്ടലില്‍ വിളക്ക് തെളിയിക്കുക. പിറകെ ഹോട്ടലിലെ മുന്നിലെ വായന മേശയിലേക്ക് പുത്തന്‍ വാര്‍ത്തകളും ഫീച്ചറുകളുമായി മലയാളപത്രങ്ങള്‍ പ്രവഹിക്കുകയായി. മുപ്പത്തടം എന്ന ചെറിയ ഗ്രാമത്തിലെ ചെറിയൊരു ഹോട്ടലില്‍ ഏതാണ്ടെല്ലാ മലയാളപത്രങ്ങളും നാട്ടുകാര്‍ക്കായി ഒരുക്കിയിരിക്കുന്നു. പേജുകള്‍ മാറിപ്പോകാതെ ഓരോ പത്രവും സ്റ്റാപ്പിള്‍ ചെയ്ത് ഒരുക്കിവെക്കും. കുറഞ്ഞത് ആയിരത്തി ഇരുനൂറു പേരെങ്കിലും ഇവിടെ ദിവസേന വായനക്കായെത്തുന്നുണ്ടെന്ന് ശ്രീമന്‍ നാരായണന് പറഞ്ഞു.
പല പത്രങ്ങളും ആനുകാലികങ്ങളും റഫര്‍ ചെയ്യാനുള്ള പ്രത്യേക സൗകര്യം യുവജനങ്ങളും ഉദ്യോഗാര്‍ത്ഥികളും രാഷ്ട്രീയനേതാക്കളും വരെ പ്രയോജനപ്പെടുത്തുന്നു. അറിവ് പകരാനും അതിനുള്ള സൗകര്യം ഒരുക്കാനും സാധിക്കുന്നത് അനുഗ്രഹമായി കണക്കാക്കുകയാണ് ബിരുദാനന്ദര ബിരുദങ്ങളും പ്രകൃതിജീവന ശാസ്ത്രത്തില്‍ ഡിപ്ലോമയുമുള്ള ഇദ്ദേഹം. നാട്ടിലുണ്ടാകുന്ന ഏതെങ്കിലും സംഭവം മാധ്യമങ്ങള്‍ വിവിധ രീതിയിലായിരിക്കും റിപ്പോര്‍ട്ട് ചെയ്യുക. നാലഞ്ചു പത്രങ്ങള്‍ വായിച്ചാല്‍ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം ഏകദേശം മനസിലാകും, ശ്രീമന്‍ പറയുന്നു.
20 വര്‍ഷമായ സമ്പ്രദായം ഇപ്പോഴത്തെ രീതിയില്‍ സര്വസജ്ജമായിട്ട് ഏഴുവര്‍ഷമായി. എടയാര്‍ മേഖല പരിസ്ഥിതി സംരക്ഷണ സമിതിയുടെ രക്ഷാധികാരികൂടിയായ ഇദ്ദേഹം ഇതര പ്രശ്നങ്ങളിലും ഇടപെടുന്നു. അതിനിടെ എഴുതാനും സമയം കണ്ടെത്തുന്നു. പെരിയാറിന്റെ ദുഃഖങ്ങളും ദുരവസ്ഥകളും ചിത്രീകരിക്കുന്ന ശ്രീമന്‍ നാരായണന്റെ ‘എന്റെ പുഴ’ നോവലിന്റെ മൂന്നാമത്തെ പതിപ്പും സ്റ്റോക്ക് തീര്‍ന്നു. പുസ്തകം വായിച്ച ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ മനോഹരമായ നോവല്‍ പെരിയാറിന്റെ തീരത്തേക്ക് തന്നെ കൊണ്ടുപോയെന്നാണ് അഭിപ്രായപ്പെട്ടത്. കുട്ടികളുടെ ഗുരുദേവന്, മഹാഗുരു എന്നീ രണ്ട് കൃതികള്‍കൂടി അദ്ദേഹത്തിന്റെതായിട്ടുണ്ട്. ഗാനരചയിതാവ്കൂടിയായ ശ്രീമന്‍ നാരായണന് എല്ലാം എനിക്കെന്റെ കണ്ണന്, സ്വാമി ദര്‍ശനം, അമൃതദര്‍ശനം, തിരുനബി തുടങ്ങിയ 1600 ഗാനങ്ങളും എഴുതിയിട്ടുണ്ട്.
20 വര്‍ഷം മുമ്പ് ഭാര്യ ലീലാദേവി നാരായണനെ വിട്ടുപിരിഞ്ഞു. മൂന്ന് പെണ്‍കുട്ടികളുണ്ട്. ലീന, ധന്യ, പുണ്യ. മൂന്നുപേരും വിവാഹിതര്‍. ജൂണ്‍ 19 ന് ഇന്ന് വായനാദിനം ആചരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ദ്വാരക. പവിത്രനാണ് അതിഥി.
ഇദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള വായനയാണ് പ്രത്യേക പരിപാടി. പത്രങ്ങളും ആനുകാലികങ്ങളും തുടരെ വായിക്കുന്ന രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറുവരെ തുടരും.
രാവിലെ എട്ടു മണിക്ക് പി.എന്‍. പണിക്കരുടെ ഛായാചിത്രത്തിന് മുമ്പില്‍ നിലവിളക്ക് കൊളുത്തി മാല ചാര്‍ത്തി വായനാദിനം ഉദ്ഘാടനം ചെയ്യും. മതമൈത്രി സന്ദേശമുള്‍ക്കൊണ്ട് ഭഗവദ്ഗീത, ഖുറാന്, ബൈബിള്‍ പാരായണവും തുടര്‍ന്ന് നോവല്‍, കഥ, കവിതാവായനയും നടക്കും. അറിവ് പകരുവാന്‍ ചെയ്യുന്ന ഈ പുണ്യകര്‍മ്മമാണിത്.
ഈ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് അറിയാനുള്ള മനസ് കൂടുതല്‍ ഊര്‍ജിതമാക്കുവാനാണ് നിറമനസ്സോടെ ഈ സംരംഭം തുടരുന്നതെന്നും ശ്രീമന്‍ നാരായണന് പറഞ്ഞു.
ശ്രീമൂലം മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: