തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവസ്തുക്കളുടെ ശേഖരം സുപ്രീംകോടതിയുടെ അനുമതിയോടെ മ്യൂസിയം ആക്കാനുള്ള ആശയം യാഥാര്‍ത്ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി. ക്ഷേത്രത്തിന്റെ ഭരണച്ചുമതല ഏറ്റെടുക്കുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യം ഓഗസ്റ്റ് ആറിന് മുമ്പ് സുപ്രീംകോടതിയെ അറിയിക്കുമെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു.
നിധിശേഖരവുമായി ബന്ധപ്പെട്ട് രാജകുടുംബത്തെ അധിക്ഷേപിക്കുന്നത് നിറുത്തണം. കോടതിയിലെ കേസ് കഴിയുന്നതുവരെ നിഗമനങ്ങളില്‍ എത്തിച്ചേരുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജകുടുംബത്തിന്റെ വിശ്വാസ്യതയുടെ തെളിവാണ് അമൂല്യനിധി ശേഖരമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് സംബന്ധിച്ച് സര്‍ക്കാരും രാജകുടുംബവുമായി ഒരു ഒത്തുകളിയില്ലെന്ന് ദേവസ്വംമന്ത്രി വി.എസ് ശിവകുമാര്‍ സഭയെ അറിയിച്ചു.
ക്ഷേത്രത്തിലെ അമൂലവസ്തുക്കള് നഷ്ടപ്പെട്ടിട്ടില്ല. അമൂല്യവസ്തുക്കള്‍ നഷ്ടപ്പെട്ടെന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു ലഭിച്ചിട്ടില്ല. ഇക്കാര്യത്തില്‍ കോടതി നിര്‍ദേശങ്ങള്‍ പാലിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നിലപാട് ഓഗസ്റ്റ് ആറിനു മുന്‍പു കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ ഭരണം രാജകുടുംബത്തിന്റെ പക്കല്‍ നിന്ന് മാറ്റേണ്ട ആവശ്യമില്ലെന്ന സത്യവാങ്മൂലം കോടതിയില്‍ നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
രാജവാഴ്ച ഒഴിഞ്ഞെങ്കിലും അവരെ അനുകൂലിക്കുന്നവര്‍ ഇവിടെയുണ്ടെന്ന് സിപിഎമ്മിലെ ജി. സുധാകരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: