കൊള്ളപ്പലിശക്കാരെ കുടുക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്ക് ആഭ്യന്തരവകുപ്പ് നല്കിയ പേര് ഓപ്പറേഷന് കുബേര. പുരാണത്തിലെ കുബേരന് ആരാണെന്നും എന്താണെന്നും അറിയാതെ പേരിടല്‍ നടത്തിയ ആഭ്യന്തരവകുപ്പ് നല്ലവനായ കുബേരനെ കൊള്ളപ്പലിശക്കാരനാക്കുകയാണ് ചെയ്തത്. കേരളത്തില്‍ ഇരുപത്തിനാലായിരം കോടിയുടെ കള്ളപ്പണം കൊള്ളപ്പലിശക്കാര്‍ പാവങ്ങള്‍ക്ക് നല്കി അവരെ ദുരിതക്കയത്തിലേക്ക് തള്ളിവിടാനുള്ള സാഹചര്യം സൃഷ്ടിച്ചവരാരെന്നത് മറന്നായിരുന്നു നിയമസഭയില്‍ പോലീസിനും ജയിലുകള്ക്കുമുള്ള ധനാഭ്യര്ത്ഥനകള്ക്കുമേല് ചര്‍ച്ച നടന്നത്. നല്ലവനായ കുബേരനെ കൊള്ളപ്പലിശക്കാരനാക്കിയവര്ക്കെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും ഓപ്പറേഷന് കുബേര എന്ന പേര് മാറ്റാന്‍ തയ്യാറല്ലെന്ന നിലപാട് നിയമസഭയിലും സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പേരുമാറ്റാതെ തന്നെ കുബേരന്മാരെ പിടിക്കുന്ന പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സഭയില്‍ പ്രഖ്യാപിച്ചു.
ഓപ്പറേഷന് കുബേരയില്‍ വമ്പന്‍ സ്രാവുകള്‍ രക്ഷപ്പെടുകയാണെന്ന ആക്ഷേപം നേരത്തെയുണ്ട്. സഭയിലെ ചര്‍ച്ചയിലും ഇതാവര്‍ത്തിച്ചു. പരല്‍മീനുകളെ പിടിച്ച ശേഷം വമ്പന്‍ സ്രാവുകളെ വെറുതെ വിടുന്നതില്‍ കൂടുതല്‍ പ്രതിഷേധിച്ചത് പ്രതിപക്ഷത്തു നിന്ന് സംസാരിച്ച സി.കെ.നാണുവും എളമരം കരീമും വി.എസ്.സുനില്‍കുമാറുമാണ്. ആഭ്യന്തര വകുപ്പ് കൊട്ടിഘോഷിച്ച് ഓപ്പറേഷന് കുബേര നടപ്പിലാക്കുമ്പോള്‍ മൈക്രോഫൈനാന്സിലൂടെയും സ്വര്ണ്ണപ്പണയത്തിലൂടെയും വമ്പന്മാര് ജനങ്ങളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണെന്നായിരുന്നു ആക്ഷേപം.
കൊള്ളപ്പലിശക്കാര്‍ ഉയര്‍ത്തുന്ന ഭീഷണിയേക്കാള്‍ ഭയാനകമാണ് കേരളത്തിലെ പെണ്ണുപിടിയന്മാര് ഉയര്‍ത്തുന്നതെന്ന അഭിപ്രായമാണ് കെ.കെ.ലതികയുടേത്. പെണ്ണുപിടിയന്മാരെ കുടുക്കാന്‍ പദ്ധതിയാവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട ലതിക അതിന് പിരിടലും നടത്തി. ഓപ്പറേഷന് ദുശ്ശാസന. മഹാഭാരതത്തില്‍ പാണ്ഡവരുടെ പത്നിയായ പാഞ്ചാലിയെ സഭാമധ്യത്തില്‍ വസ്ത്രാക്ഷേപം ചെയ്ത ദുശ്ശാസനന്റെ പേരല്ലാതെ മേറ്റ്ന്തുപേരിലാാണ് പെണ്ണുപിടിയന്മാരെ വിളിക്കാന്‍ കഴിയുക എന്നാണ് ലതിക ചോദിക്കുന്നത്. ലതികയുടെ നിര്‍ദ്ദേശം സ്വീകരിച്ച് ചെന്നിത്തല ഇനി ‘ഓപ്പറേഷന് ദുശ്ശാസന’ തുടങ്ങുമോ എന്ന് കാത്തിരുന്നു കാണാം.
കേരളത്തില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങിനടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന ജി.എസ്.ജയലാലിന്റെ അഭിപ്രായം കോണ്‍ഗ്രസ്സുകാരെ ചൊടിപ്പിക്കുന്നതായിരുന്നു. ഏതുസ്ത്രീയെയും കൊല്ലാം, പീഡിപ്പിക്കാം, ഒരു കേസുമുണ്ടാകില്ല. ചെയ്യുന്നത് കോണ്ഗ്രസ്സുകാരായിരിക്കണമെന്നുമാത്രം. നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ കൊലപാതകവും പലകേസുകളിലും പ്രതികളെ പിടിക്കാന്‍ കഴിയാത്ത പോലീസിന്റെ നിഷ്ക്രിയത്വവും ചൂണ്ടിക്കാട്ടി ജയലാല്‍ കത്തിക്കയറിയപ്പോള്‍ ബന്നിബഹന്നാന്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിര്‍ക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
ചാനല്‍ ചര്‍ച്ചകള്‍ നമ്മുടെ സംസ്കാരത്തെ നശിപ്പിക്കുന്നതാണെന്ന അഭിപ്രായം സി.മോയിന്‍കുട്ടിയെ കൊണ്ട് പറയിച്ചത് മുക്കം അനാഥാലയവുമായി ബന്ധപ്പെട്ടുണ്ടായ മനുഷ്യക്കടത്ത് വിവാദമാണ്. പ്രശ്നം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്ത് വഷളാക്കിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ‘ഇടുക്കി ഗോള്‍ഡ്’ സിനിമ കണ്ടാണ് കേരളത്തിലെ യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കാന്‍ ശീലിച്ചതെന്ന കണ്ടെത്തലാണ് ഹൈബി ഈഡന്റെത്. ആദ്യ ദിവസം തന്നെ ജനങ്ങള്‍ തിരസ്കരിച്ച സിനിമ സമൂഹത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയില്ലെന്ന തിരിച്ചറിവ് ഹൈബിക്കുണ്ടായതുമില്ല. സ്പിരിറ്റ് സിനിമ മദ്യപാനത്തിനെതിരാണെന്നത് തെറ്റിദ്ധരിധാരണയാണെന്ന് പി.സി.വിഷ്ണുനാഥിന് കണ്ടെത്താന്‍ കാലമിത്രയും വേണ്ടിവന്നു. രാവിലെ കട്ടന്‍ ചായക്കൊപ്പവും മദ്യം കലര്ത്തിക്കഴിക്കാമെന്ന് കള്ളുകുടിയന്മാരെ പഠിപ്പിക്കുകയായിരുന്നു സ്പിരിറ്റെന്ന് വിഷ്ണുനാഥിന് മനസ്സിലായത് ഇപ്പോള്‍ മാത്രം. കൊള്ളപ്പലിശക്കാരെ അമര്‍ച്ച ചെയ്യാന്‍ ഖലീഫഉമ്മര് പ്രത്യേക സേനയെ നിയേഗിച്ചതിനോടാണ് ചെന്നിത്തലയുടെ ഓപ്പറേഷന് കുബേരയെ വിഷ്ണുനാഥ് ഉപമിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മോശം പരാമര്‍ശം നടത്തിയവര്‍ക്കെതിരെ കേസെടുത്തതിലുള്ള പ്രതിഷേധം രേഖപ്പെടുത്താന്‍ വി.ടി.ബലറാമും എളമരംകരീമും ഒന്നിച്ചതും നിയമസഭയിലെ ഇന്നലത്തെ കാഴ്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: