ബാഗ്ദാദ്: സുന്നി ഭീകരര്‍ വടക്കന്‍ ഇറാഖില്‍ സ്വാധീനമുറപ്പിച്ച് മുന്നേറുന്നു. ഇന്നലെ ഭീകരര്‍ ഒരു നഗരം കൂടി പിടിച്ചടക്കി. വടക്കന്‍ ഇറാഖില്‍ ബാഗ്ദാദിന് 420 കിലോമീറ്റര്‍ അകലെയുള്ള തല്‍ അഫര്‍ എന്ന നഗരത്തിലാണ് ഭീകരര്‍ അധികാരമുറപ്പിച്ചത്.
200,000 ഓളം പേര് താമസിക്കുന്ന ഈ നഗരത്തില്‍നിന്ന് ഭൂരിഭാഗം കുടുംബങ്ങളും പലായനം ചെയ്തു. തല്‍ അഫറില്‍ കൂടുതലും ഷിയാ വിഭാഗക്കാരാണ് താമസിക്കുന്നത്. ഇവിടെ ഇടയ്ക്കിടെ സുന്നി-ഷിയാ ഏറ്റുമുട്ടലുകള്‍ ഉണ്ടാകാറുമുണ്ട്. ഷിയാ വിഭാഗത്തിന്റെ സഹായത്തോടെ സര്‍ക്കാര്‍ സൈന്യം ചെറുത്തുനില്‍പ്പ് നടത്തിയെങ്കിലും ഫലം കണ്ടില്ല. അതേ സമയം വടക്ക്-പടിഞ്ഞാറന്‍ ഇറാഖില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഇരുഭാഗത്തും ആള്‍നാശമുണ്ടായി. നിരവധി പേര് വീടുകളില്‍ ഇപ്പോഴും കുടുങ്ങിയിരിക്കുകയാണ്.
ഭീകരര്‍ 1700 ഇറാഖ് സൈനികരെ വധിച്ചതായി ട്വിറ്ററില്‍ കഴിഞ്ഞ ദിവസം അവകാശപ്പെട്ടു. ഷിയാ സൈനികരെ വധിക്കുന്ന കൂടുതല്‍ ചിത്രങ്ങളും ഇതോടൊപ്പം ഭീകരര്‍ പുറത്തുവിട്ടു. കൈകള്‍ പിറകില്‍ കെട്ടി നിലത്ത് കിടത്തിയതിന് ശേഷം വെടിവച്ച് കൊല്ലുന്ന ചിത്രങ്ങളാണ് ട്വിറ്ററില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ബാഗ്ദാദ് പിടിച്ചെടുക്കാനുള്ള സുന്നി ഭീകരരുടെ മുന്നേറ്റം തടഞ്ഞുകൊണ്ട് സര്‍ക്കാര്‍ സൈന്യം പ്രതിരോധം തീര്‍ത്തിരിക്കുകയാണ്. 279 വിമതരെ കൊലപ്പെടുത്തിയതായി ഇറാഖ് പ്രധാനമന്ത്രി നൂരി അല്‍മാലികിയുടെ സുരക്ഷാ വക്താവ് ലഫ്റ്റനന്റ് ജനറല്‍ ഖസീം അത്ത കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: