കാട്ടാക്കട: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിന്റെ ബസ് ഒരു കുടുംബത്തിലെ രണ്ടുപേരുടെ ജീവനെടുത്തു. കാട്ടാക്കട കള്ളിക്കാട് ശ്രീസുന്ദരത്തില് അജയകുമാറിന്റെ ഭാര്യ രാധിക(39)യും ഇളയമകള്‍ ഭവ്യ(9)യുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. രോഷാകുലരായ നാട്ടുകാര്‍ ബസ് പൂര്‍ണമായും തല്ലിത്തകര്‍ത്തു. ഇന്നലെ രാവിലെ 7.30ന് കാട്ടാക്കട കുളത്തുമ്മല്‍ ഗവ. എല്‍പിഎസിന് മുന്നിലാണ് അപകടം. അപകടത്തില്‍പ്പെട്ട അജയകുമാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പരിക്കേറ്റ മകള്‍ ഭദ്ര എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. പൂജപ്പുര പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളാണ് അജയകുമാര്‍. കോളേജ് ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ ആരോപിച്ചു. ഡ്രൈവര്‍ 16-ാം കല്ല് നെടുമങ്ങാട് കൊലളിക്കോട് മധുകുമാറിനെ കാട്ടാക്കട പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ബൈക്കില്‍ അജയകുമാറും ഭാര്യയും രണ്ടുപെണ്‍മക്കളും സഞ്ചരിക്കവെയാണ് അപകടം. മറ്റൊരു ബസിന് സൈഡ് കൊടുക്കുന്നതിലേക്കായി പിന്നിലേക്കെടുത്ത മോഹന്‍ദാസ് എഞ്ചിനീയറിംഗ് കോളേജിന്റെ ബസാണ് അപകടമുണ്ടാക്കിയത്. ബൈക്കിനെയും യാത്രികരെയും 30 മീറ്ററോളം വലിച്ചിഴച്ച ശേഷമാണ് ബസ് നിന്നത്. ബസിന്റെ ചക്രങ്ങള്‍ രാധികയുടെ തലയിലൂടെ കയറിയിറങ്ങി. തല ഉടലില്‍ നിന്ന് വേര്‍പെട്ട് രാധിക തത്ക്ഷണം മരിച്ചു. കുട്ടിയും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
റൂറല്‍ എസ്പി രാജ്പാല് മീണ, ഡിവൈഎസ്പി അനില്‍കുമാര്‍, സബ്കളക്ടര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. അലക്ഷ്യമായി ഓവര്‍ സ്പീഡില്‍ പിന്നോട്ടെടുത്ത ബസിന്റെ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ പ്രതിഷേധിച്ച് കാട്ടാക്കട മേഖലയില്‍ ബിജെപി, സിപിഎം എന്നീ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ ആചരിച്ചു. പ്രദേശത്തെ സ്കൂളുകള്‍, കോളേജുകള്‍ എന്നിവ പ്രവര്‍ത്തിച്ചില്ല. കാട്ടാക്കട മേഖലയില്‍ ഇരുപതോളം കോളേജുകളുടെ ബസുകള്‍ ഓടുന്നുണ്ട്. ഇവയിലെ ഡ്രൈവര്‍മാരെ യാതൊരുവിധ പരിശോധനയ്ക്കും അധികൃതര്‍ വിധേയമാക്കുന്നില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച ബിജെപി പ്രവര്‍ത്തകര്‍ ഡ്രൈവര്‍മാരെ ഇനി മുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാമെന്ന പോലീസിന്റെ ഉറപ്പിനെത്തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വീട്ടുവളപ്പില്‍ സംസ്കരിച്ചു. മാര്‍ക്കറ്റ് റോഡില്‍ അപകടം തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ കരുതല്‍ നടപടി ഉടന്‍ കൈക്കൊള്ളണമെന്ന് സ്ഥലം സന്ദര്‍ശിച്ച സബ് കളക്ടറോട് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: