കൊച്ചി: സര്‍വ്വസമ്മതമായി കാര്യങ്ങള്‍ എഴുതുക എന്നതല്ല വിമര്‍ശകന്റെ ലക്ഷണം, വായനക്കാരന്റെ ആലോചനാരീതികളെ പ്രകോപിപ്പിക്കാന്‍ കഴിവുളളവനാകണം എഴുത്തുകാരനെന്ന് പ്രൊഫ. എം. തോമസ് മാത്യു അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യസമിതി കലൂര്‍ എസിഎസ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മാരാര്‍ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഴുത്തില്‍ കാണിക്കേണ്ട സത്യസന്ധത എല്ലാ അര്‍ത്ഥത്തിലും നിലനിര്‍ത്തിപ്പോന്ന വിമര്‍ശകനായിരുന്നു കുട്ടികൃഷ്ണമാരാര് എന്ന് അദ്ദേഹം പറഞ്ഞു.
കുട്ടികൃഷ്ണമാരാര് ഇതിഹാസങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രൊഫ. തുറവൂര്‍ വിശ്വംഭരന് പറഞ്ഞു. ഇതിഹാസങ്ങളെക്കുറിച്ച് മാരാര്‍ ജീവിതത്തില്‍ ഉടനീളം വെച്ചുപുലര്‍ത്തിപ്പോന്ന ധാരണകള്‍ യുക്തിരഹിതവും വികലവും ഋഷിസങ്കല്പ്പവിരുദ്ധവുമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
തപസ്യ സംസ്ഥാന പ്രസിഡന്റ് കവി എസ്. രമേശന്‍നായര്‍, എം.എ. കൃഷ്ണന്, കെ. ലക്ഷ്മീനാരായണന്‍, സജികുമാര്‍, പ്രസാദ്, ഷാജി, കെ. സതീഷ്ബാബു, കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: