തിരുവനന്തപുരം: കേരള സംസ്ഥാന ടെക്സ്റ്റെയില്‍ കോര്‍പ്പറേഷന്റെ കെടുകാര്യസ്ഥതമൂലം സര്‍ക്കാരിന്റെ കോടികള്‍ പാഴാവുന്നു. 96.68 കോടി രൂപ മുതല്‍ മുടക്കി സ്ഥാപിച്ച മൂന്ന് മില്ലുകള്‍ സ്തംഭനാവസ്ഥയിലായി. ഇതുമൂലം 115.57 കോടി രൂപയുടെ പാഴ്ചെലവാണ് ഉണ്ടായത്. ആലപ്പുഴ കോമളപുരം ഹൈടെക് സ്പിന്നിംഗ് ആന്റ് വീവിംഗ് മില്‍സ്, കണ്ണൂര്‍ പിണറായി ഹൈടെക് വീവിംഗ് മില്‍സ്, കാസര്‍ഗോഡെ ഉദുമ ടെക്സ്റ്റെയില്‍ മില്‍സ് എന്നിവയാണ് നാലു വര്‍ഷമായി മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കി യന്തോപകരണങ്ങള്‍ സ്ഥാപിച്ചശേഷവും സ്തംഭനാവസ്ഥയില്‍ കിടക്കുന്നത്. മില്ലുകള്‍ക്ക് ലൈസന്‍സ് നേടാനോ പ്രവര്‍ത്തന സജ്ജമാക്കാനോ വ്യവസായ വകുപ്പ് ചെറുവിരലനക്കിയിട്ടില്ല.
ടെക്സ്റ്റെയില്‍സ് മേഖലയില്‍ 72 കോടി മുതല്‍ മുടക്കുള്ള മൂന്ന് മില്ലകളുടെയും പദ്ധതി നിര്‍ദ്ദേശം ഏപ്രില്‍ 2010നാണ് സര്‍ക്കാര്‍ അംഗീകരിക്കുന്നത്. നഷ്ടത്തിലായിരുന്ന സ്വകാര്യ ടെക്സ്റ്റെയില്‍സ് യൂണിറ്റായിരുന്ന കേരള സ്പിന്നേഴ്സ് ലിമിറ്റഡിനെ ഏറ്റെടുത്താണ് കോമളപുരം മില്‍ ആക്കിയത്. പദ്ധതി തുക 72.11 കോടി ആയിരുന്നുവെങ്കിലും യഥാര്‍ത്ഥ ചെലവ് 98.68 കോടിയായി. കോമളപുരം മില്ലിന് 49.81 കോടിയും ഉദുമ മില്ലിന് 20.69 കോടിയും പിണറായി മില്ലിന് 28.18 കോടിയുമാണ് ചെലവായത്. ഇതില്‍ ഉദുമയിലും കോമളപുരത്തും ഉള്ള മില്ലുകള്‍ പണി പൂര്‍ത്തിയാകുംമുമ്പ് 2011 ല്‍ ഉദ്ഘാടനവും നടത്തി. മൂന്ന് മില്ലുകളിലും കൂടി 65.25 കോടിയുടെ യന്ത്രോപകരണങ്ങളും സ്ഥാപിച്ചു. പക്ഷെ നാളിതുവരെ പ്രവര്‍ത്തനം തുടങ്ങിയില്ല.
ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിന്റെ 45 കോടിയും സര്‍ക്കാരിന്റെ 35.51 കോടിയും കേരള സ്പിന്നേഴ്സ് ലിമിറ്റഡിന്റെ (കെഎസ്ആര്) പഴയ യന്ത്രോപകരണ വില്‍പ്പനയില്‍ നിന്നും കണ്ടെത്തിയ 2.54 കോടിയുമാണ് പദ്ധതിക്ക് വിനിയോഗിച്ചത്. കെഎസ്എല്‍ എറ്റെടുത്തപ്പോള്‍ അതിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ 5.18 കോടി നഷ്ടപരിഹാരമായും നല്കി. മൂന്ന് മില്ലുകള്‍ക്ക് ചെലവാക്കിയ തുകയും നഷ്ടപരിഹാരവും മാര്‍ച്ച് 31 വരെ നല്‍കാനുള്ള 11.71 കോടി രൂപയുടെ പലിശഭാരവും ചേര്‍ത്താണ് 115.57 കോടിയുടെ മൊത്തം ചെലവ് ഉണ്ടായിരിക്കുന്നത്.
വ്യവസായ വകുപ്പ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുമുമ്പു തന്നെ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ കാലാവധി നിശ്ചയിക്കുകയായിരുന്നു. ഇത് പദ്ധതിക്ക് തിരിച്ചടിയായി. അനുഭവജ്ഞാനമില്ലാത്ത കണ്‍സള്‍ട്ടന്റുമാരെ നിശ്ചയിച്ചതുമൂലം പദ്ധതി ചെലവ് 72.11 കോടിയില്‍ നിന്ന് 98.68 കോടിയായി ഉയര്‍ന്നു. ഉദുമയിലെയും പിണറായിയിലെയും മില്ലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ടെണ്ടര്‍പോലും വിളിച്ചിരുന്നില്ല. പിണറായി മില്ലിന് ബില്‍ഡിംഗ് പെര്‍മിറ്റ് നേടാതെയാണ് കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഓക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വസ്തുവിലേക്കുള്ള അപ്രോച്ച് റോഡിന്റെ വീതി ആറുമീറ്ററായിരിക്കണം. ഇവിടെ 4.5 മീറ്റര്‍ മാത്രമാണ് വീതി. ഇതുമൂലം ഗ്രാമ പഞ്ചായത്ത് ഇതുവരെയും ഓക്യുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. മൂന്നു മില്ലുകള്‍ക്കും ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതുമൂലം പഞ്ചായത്ത് ലൈസന്‍സ് നല്‍കിയിട്ടില്ല. അതുകൊണ്ടുതന്നെ അടുത്ത കാലത്തെങ്ങും മില്ലുകള്‍ക്ക് പ്രവര്‍ത്തനം തുടങ്ങാനും സാധ്യമല്ല.
67.75 കോടിയുടെ യന്ത്രോപകരണങ്ങളാണ് മൂന്നു മില്ലുകളിലുമായുള്ളത്. വിതരണം ചെയ്ത് 6 മാസം മുതല്‍ 18 വരെയുള്ള കാലയളവിലേക്കാണ് യന്ത്രോപകരണങ്ങള്‍ക്ക് പെര്‍ഫോമെന്‍സ് വാറന്റിയുള്ളത്. ലഭിച്ച യന്ത്രോപകരണങ്ങള്‍ കമ്മീഷന് ചെയ്യുകയോ പ്രവര്‍ത്തനം ഉറപ്പുവരുത്തുകയോ ചെയ്തിട്ടില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ ഈ യന്ത്രങ്ങള്‍ കാലഹരണപ്പെട്ട അവസ്ഥയിലുമാണ്. കോമളപുരം മില്ലിനാവട്ടെ വൈദ്യുതി ബന്ധം പോലും ഇതു വരെ ലഭിച്ചിട്ടില്ല. ജനറേറ്റര്‍ വാടകയ്ക്കെടുത്താണ് ഉദ്ഘാടനം നടത്തിയത്. രണ്ട് മില്ലുകളുടെയും ഉദ്ഘാടനത്തിന് പൊടിച്ചത്.
28.82 ലക്ഷം രൂപയും. കോമളപുരം മില്ലിന്റെ ഏറ്റെടുക്കല്‍ സാധ്യതയും മില്ലിനുവേണ്ടി നടത്തിയ നിക്ഷേപവും അനിശ്ചിതത്വത്തിലാണ്. കേരള സ്പിന്നേഴ്സ് ഏറ്റെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി സ്പിന്നേഴ്സ് മില്ലിന്റെ ഓഹരി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് ഇതുവരെ തീര്‍പ്പായിട്ടുമില്ല.
വന്‍ കയറ്റുമതി സാധ്യതയുള്ള മൂന്ന് വ്യവസായ യൂണിറ്റുകള്‍ സ്തംഭിച്ചിട്ടും വ്യവസായവകുപ്പ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മുതല്‍മുടക്കിയ കോടികള്‍ക്കൊപ്പം പ്രതിവര്‍ഷം പലിശഭാരത്തില്‍ 6.27 കോടിയും മില്ലുകള്‍ പരിപാലിക്കുന്നതിനായി 1.05 കോടിയും നഷ്ടപ്പെടുത്തുകയാണ് വ്യവസായ വകുപ്പ് ചെയ്യുന്നത്.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: