തിരുവനന്തപുരം: 49 ഉഗ്രവിഷമുള്ള രാജവെമ്പാലകളെ പിടിച്ച് വാവസുരേഷ് ഗിന്നസ് റിക്കോര്‍ഡിലേക്ക്. യാതൊരു ശാസ്ത്രീയ സംവിധാനങ്ങളുടെയും സഹായമില്ലാതെയാണ് സുരേഷ് ഇത്രയധികം രാജവെമ്പാലകളെ പിടിച്ചതെന്നതാണ് പ്രത്യേകത. 49-ാമത്തെ രാജവെമ്പാലയെ കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ അഞ്ചലില്‍ നിന്നാണ് പിടികൂടിയത്. രാജവെമ്പാലയെ പിടിച്ചതിന് നിലവിലുള്ള ഗിന്നസ് റിക്കോര്‍ഡ് തായ്ലാന്റ് കാരനായ പാമ്പുപിടുത്തക്കാരന്റെ പേരിലാണ്. 42 രാജവെമ്പാലകളെ പിടികൂടിയ അദ്ദേഹം രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചിരുന്നു. പത്തുമാസങ്ങള്‍ക്ക് മുന്നേ തന്നെ സുരേഷ് തായ്ലന്റുകാരന്റെ റിക്കോര്‍ഡ് മറികടന്നെങ്കിലും അമ്പതു രാജവെമ്പാലകളെ പിടിച്ചതിനു ശേഷം ഗിന്നസ് അധികൃതര്‍ക്ക് രേഖകള്‍ നല്‍കാനാണ് സുരേഷിന്റെ തീരുമാനം.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അഞ്ചലില്‍ എണ്ണപ്പനയ്ക്ക് മുകളില്‍ കയറിയിരുന്ന രാജവെമ്പാലയെ പനയില്‍ നിന്ന് താഴെയിറക്കിയാണ് സുരേഷ് വലയിലാക്കിയത്. എണ്ണപ്പന തോട്ടത്തില്‍ പണിയെടുത്ത തൊഴിലാളികളാണ് പാമ്പ് പനയില്‍ കയറിയത് കണ്ടത്. ഉടനെ സുരേഷിനെ വിവരമറിയിക്കുകയായിരുന്നു. 17 അടി നീളവും 15 കിലോ ഭാരവുമുള്ള ആണ് രാജവെമ്പാലയാണ് പിടിയിലായത്. പാമ്പിനെ പിന്നീട് വനംവകുപ്പ് അധികൃതരുടെ സാന്നിധ്യത്തില്‍ കാട്ടിലേക്ക് വിട്ടു. സുരേഷ് ഇതുവരെ പിടിച്ച രാജവെമ്പാലകളില്‍ കൂടുതലും പത്തംനംതിട്ട ജില്ലയില്‍ നിന്നാണ്.
തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ വാവസുരേഷ് പാമ്പുകളുടെ തോഴനാണ് . പന്ത്രണ്ടാം വയസ്സിലാണ് പാമ്പുപിടിത്തം തുടങ്ങിയത്. വീട്ടില്‍ കയറിയ മൂര്‍ഖനിലായിരുന്നു തുടക്കം. കണ്ടാല്‍ ആളുകള്‍ തല്ലിക്കൊല്ലുന്ന പാമ്പുകള്‍ക്ക് സുരേഷ് അങ്ങനെ രക്ഷകനായി. പാമ്പുകളെ പിടിച്ച് ജനങ്ങള്‍ക്ക് ശല്യമില്ലാതെ വനത്തില്‍ കൊണ്ടുപോയി വിട്ടുതുടങ്ങി. ഇതുവരെ 38,000 ഓളം പാമ്പുകളെ പിടിച്ചു. അതില്‍ 15,500 മൂര്‍ഖന്‍ പാമ്പുകള്‍. 49 രാജവെമ്പാലകള്‍. വിഷപ്പാമ്പുകളായ അണലിയും ശംഖുവരയനും മുതല്‍ വിഷമില്ലാത്ത ചുരുട്ടവരെ ആയിരക്കണക്കിന് പാമ്പുകള്‍. 270 തവണ പാമ്പുകടിയേറ്റു. എല്ലാം ഉഗ്രവിഷമുള്ള പാമ്പുകള്‍.
മൂന്നു തവണ മരണത്തെ മുന്നില്‍ കണ്ട് വെന്റിലേറ്ററിലായി. ഡോക്ടര്‍മാര്‍ക്കിപ്പോള്‍ സുരേഷിന്റെ ശരീരത്തെ കുറിച്ച് അദ്ഭുതമാണ്. ഒരു ലക്ഷം രൂപയുടെ മാധവന്‍പിള്ള ഫൗണ്ടേഷന് പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ സുരേഷിന് ലഭിച്ചിട്ടുണ്ട്. ഏതു വീട്ടില്‍ പാമ്പുകയറിലായും സുരേഷിനെ വിളിച്ചാല്‍ മതി, എത്രവലിയ പാമ്പായായും സുരേഷ് പിടിച്ചിരിക്കും. പാമ്പുകളെ അത്രയധികം ഇഷ്ടമുള്ളതിനാലാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് സുരേഷ് പറയുന്നത്.
ആര്. പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: