കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അതിജീവന പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി നടന് കുഞ്ചാക്കോ ബോബനും സംവിധായകന് ഡോ.ബിജുവും. എന്‍ഡോസള്‍ഫാന്‍ ബാധിത ഗ്രാമങ്ങളിലെ യാഥാര്‍ത്ഥ്യം ഞെട്ടിച്ചെന്ന് കുഞ്ചാക്കോ ബോബന്. സര്‍ക്കാരും സന്നദ്ധ സംഘടനകളും നല്കുന്ന സഹായങ്ങള്‍ അപര്യാപ്തമെന്നതാണ് ദുരിതബാധിതരുടെ സാഹചര്യം വ്യക്തമാക്കുന്നതെന്ന് ഡോ.ബിജു. എന്‍ഡോസള്‍ഫാന്‍ ദുരന്തം പ്രമേയമാക്കി നിര്‍മ്മിക്കുന്ന ‘വലിയ ചിറകുള്ള പക്ഷികള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനെത്തിയ ഇരുവരും കാസര്‍കോട് പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു.
ആദ്യമായാണ് കാസര്‍കോട്ടെ ദുരിതം നേരിട്ട് കാണുന്നതെന്ന് പറഞ്ഞ കുഞ്ചാക്കോ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവങ്ങളും പങ്കുവച്ചു. മാനസികമായി ഏറെ തയ്യാറെടുത്താണ് ഓരോ ദിവസവും അഭിനയിക്കാനെത്തുന്നത്. എന്നാല്‍ എത്ര തയ്യാറെടുത്താലും യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വരും. ഇരകളുടെ ചിത്രങ്ങള്‍ എത്ര കഠിനഹൃദയരുടെയും കണ്ണുനിറയ്ക്കും. ആദ്യ ദിവസത്തെ ചിത്രീകരണത്തിന് ശേഷം രണ്ട് ദിവസത്തോളം ഭക്ഷണം കഴിക്കാന്‍ പോലും സാധിച്ചില്ല. നിന്നു തിരിയാന്‍ പോലും ഇടമില്ലാത്ത വീട്ടില്‍ വര്‍ഷങ്ങളായി ദുരിതബാധിതനായ മകനോടൊപ്പം താമസിക്കുന്ന അമ്മമാരെ കണ്ടു. ഒരുവഴി പോലും ആ വീട്ടിലേക്കില്ല. അമ്മമാരോട് ഏറ്റവുമധികം ബഹുമാനം തോന്നുന്നത് ഈ ഗ്രാമങ്ങളിലുള്ളവരെ കാണുമ്പോഴാണ്.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെക്കുറിച്ച് വാര്‍ത്തകളിലൂടെ മാത്രമേ നേരത്തെ അറിഞ്ഞിട്ടുള്ളു. എന്നാല്‍ അറിഞ്ഞതിനേക്കാള്‍ എത്രയോ ഭീകരമാണ് നേരിട്ട് കണ്ട കാഴ്ചകള്‍.
സാമ്പത്തിക ലാഭം പ്രതീക്ഷിച്ചല്ല സിനിമയെടുക്കുന്നതെന്നും വിഷയം കൂടുതല്‍ പേരിലേക്കെത്തണമെന്നും ഡോ.ബിജു വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരിതം ഇതുവരെ സിനിമക്ക് വിഷയമായിട്ടില്ല.
ലൊക്കേഷനില്‍ സിനിമയുടെ അന്തരീക്ഷമല്ല വിഷമകരമായ അവസ്ഥയാണ്. സമ്മതമുള്ള ആളുകളെ വച്ച് മാത്രമാണ് സിനിമ ചിത്രീകരിക്കുന്നത്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കുന്നുമുണ്ട്. ആദ്യമൊന്നും ഫോട്ടോയെടുക്കാന്‍ പോലും ആരും സമ്മതിച്ചിരുന്നില്ല. സിനിമയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ബോധ്യപ്പെടുത്തിയപ്പോഴാണ് സഹകരണമുണ്ടായത്. ബിജു പറഞ്ഞു.
ദുരിതബാധിതര്‍ക്ക് പുനരധിവാസ കേന്ദ്രം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്. കുഞ്ചാക്കോ ബോബന് അവതരിപ്പിക്കുന്ന ഫോട്ടോഗ്രാഫറിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരന്തം പറയുന്ന സിനിമയാണ് വലിയ ചിറകുള്ള പക്ഷികള്‍. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടത്തിലെ ത്രിമൂര്‍ത്തികളായ ലീലാകുമാരിയമ്മ, ശ്രീപദ്രെ, ഡോ.വൈ.എസ്.മോഹന്‍കുമാര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കാസര്‍കോടിന് പുറമെ ജെയിനെവയിലെ സ്റ്റോക്ഖോം കണ്‍വെന്‍ഷനും ചിത്രീകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: