തിരുവനന്തപുരം: വാഹനങ്ങളുടെ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് തന്നോടാലോചിക്കാതെ പിന്‍വലിച്ച സര്‍ക്കാര്‍ നിലപാടില്‍ ഗതാഗത കമ്മീഷണര്‍ ഋഷിരാജ്സിംഗിന് പ്രതിഷേധം. നിയമം നടപ്പാക്കാന്‍ കഴിയാതെ വന്നാല്‍ ആവശ്യമെങ്കില്‍ ഗതാഗത കമ്മീഷണര്‍ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന നിലപാടിലാണ് അദ്ദേഹം. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അവധിയിലായ അദ്ദേഹം ഒരുമാസം കൂടി അവധി ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരിന് കത്ത് നല്കി. തന്റെ പ്രതിഷേധവും അതിന്റെ ഭാഗമായി അവധിയില്‍ പോകുകയാണെന്നതും ഋഷിരാജ്സിംഗ് തന്റെ സഹപ്രവര്‍ത്തകരെയും അറിയിച്ചിട്ടുണ്ട്. സംസ്ഥാനം മടുത്ത അദ്ദേഹം കേന്ദ്രസര്വ്വീസിലേക്കു പോകാനും ശ്രമം നടത്തുന്നുണ്ട്.
കാറില്‍ പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിക്കൊണ്ടാണ് സിംഗ് ഉത്തരവിട്ടത്. കേന്ദ്രമന്ത്രി ഗോപിനാഥ്മുണ്ടെ ദല്‍ഹിയില്‍ വാഹനാപകടത്തില്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഇത്. മുണ്ടെ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നെങ്കില്‍ മരിക്കില്ലായിരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേന്ദ്രമോട്ടോര്‍ വാഹനചട്ടം 138 (3) പ്രകാരമായിരുന്നു ഋഷിരാജ് സിംഗിന്റെ ഇത്തരവ്. യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചാണോ യാത്ര ചെയ്യുന്നതെന്ന് പരിശോധിക്കാന്‍ എല്ലാ റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാര്‍ക്കും കമ്മീഷണര്‍ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. സീറ്റ് ബെല്‍റ്റ് ധരിക്കുകയാണെങ്കില്‍ അപകടത്തിലുണ്ടാവുന്ന ആഘാതം 95 ശതമാനത്തോളം കുറയ്ക്കാന്‍ കഴിയുമെന്ന വിദഗ്ധരുടെ അഭിപ്രായത്തെത്തുടര്‍ന്നായിരുന്നു തീരുമാനം. ആദ്യഘട്ടത്തില്‍ ഉപദേശം നല്‍കാനും പിന്നീട് ശിക്ഷ നടപ്പാക്കാനുമായിരുന്നു സര്‍ക്കുലറിലെ നിര്‍ദേശം. എന്നാല്‍ സിംഗിന്റെ ഉത്തരവ് പിന്‍വലിക്കുകയാണെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ പ്രഖ്യാപിച്ചു. ഋഷിരാജ്സിംഗുമായോ മറ്റുദ്യോഗസ്ഥരുമായോ യാതൊരു കൂടിയാലോചനയുമില്ലാതെയാണ് മന്ത്രി തീരുമാനമെടുത്തത്.
നടപ്പാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുള്ളതിനെ തുടര്‍ന്നാണ് പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കിയ ഇത്തരവ് പിന്‍വലിക്കുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയതിനെതിരെ ഭരണകക്ഷിയിലെ കെ.ശിവദാസന്‍നായര്‍ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഋഷിരാജ് സിംഗിനെതിരെ ശിവദാസന്‍നായര്‍ സഭയില്‍ രൂക്ഷവിമര്‍ശനവും നടത്തിയിരുന്നു. മാധ്യമശ്രദ്ധ നേടാന്‍ ഇത്തരം നടപടികള്‍ നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കാണ് സീറ്റ് ബെല്റ്റിടേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
എന്നാല്‍, സ്ഥാനമൊഴിയുന്നതു സംബന്ധിച്ച് യാതൊരുവിധ കത്തും ഗതാഗത കമ്മീഷണര്‍ സര്‍ക്കാരിന് ഔദ്യോഗികമായി നല്‍കിയിട്ടില്ലന്നാണ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിശദീകരണം. 11ന് ഡല്‍ഹിയില്‍പ്പോയ ഋഷിരാജ് സിങ് 20വരെ അവധിയിലായിരുന്നു. ഈ അവധി ഒരുമാസം നീട്ടിനല്‍കണമെന്നാണ് കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നതെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ പല നടപടികളോടും യോജിക്കാനാകാത്ത സ്ഥിതിയിലായിരുന്നു ഋഷിരാജ് സിംഗ്. വാഹനപരിശോധനകളിലടക്കം കര്‍ശന നിലപാട് സ്വീകരിച്ച അദ്ദേഹത്തിനെതിരെ സര്‍ക്കാരിലെ ഒരു വിഭാഗം പ്രത്യക്ഷമായി തന്നെ രംഗത്തുവന്നിരുന്നു. പരിശോധനകളും നടപടികളും കര്‍ശനമാക്കിയതോടെ ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗവും സിംഗിനെതിരെ രംഗത്തു വന്നിരുന്നു. എങ്ങനെയും അദ്ദേഹത്തെ കേരളത്തില്‍ നിന്ന് കെട്ടുകെട്ടിക്കാന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരായിരുന്നു ഇതിന് നേതൃത്വം നല്‍കിയിരുന്നത്. വന്‍കിട വാഹനലോബിയും ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മാഫിയയും അതിനു പിന്നിലുണ്ട്. ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അത്തരക്കാര്ക്കൊപ്പമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരം നടപടികളോടുള്ള വിയോജിപ്പുമൂലമാണ് കേന്ദ്രസര്‍വീസിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: