ക്വാലാലംപുര്‍: കപ്പല്‍ തട്ടിയെടുത്ത് ഒരു ദശലക്ഷം ലിറ്ററിലേറെ വരുന്ന പെട്രോള്‍ ചോര്‍ത്തിക്കൊണ്ടുപോയ കടല്ക്കൊള്ളക്കാര്ക്കുവേണ്ടി മലേഷ്യന്‍ അധികൃതര്‍ തെരച്ചില്‍ ശക്തമാക്കി.തെക്കന്‍ ചൈനാകടലിലെ ബിന്റുലു മേഖല കേന്ദ്രീകരിച്ചാണ് ദൗത്യം തുടരുന്നത്.
മലേഷ്യയുടെ കിഴക്കന്‍ തീരത്തെ എണ്ണസമ്പുഷ്ടമായ സാറാവാക്കിലെ ബിന്റുലുവില്വച്ച് ശനിയാഴ്ചയായിരുന്നു എംടി ബുധി മെസ്ര ദുവാ എന്ന എണ്ണക്കപ്പലിനെ കൊള്ളക്കാര്‍ പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്നു പെട്രോള്‍ മറ്റൊരു കപ്പലിലേക്ക് നിറച്ച കൊള്ളക്കാര്‍ ജീവനക്കാരുടെ വിലപ്പിടിപ്പുള്ള വസ്തുക്കളും കവര്‍ന്നു. തുടര്‍ന്ന് പുറംലോകവുമായി ബന്ധപ്പെടാനുള്ള മാര്‍ഗങ്ങളെല്ലാം വിച്ഛേദിച്ചശേഷം കടന്നുകളഞ്ഞു. പത്തു മണിക്കൂറോളം ജീവനക്കാരെ ബന്ധിയാക്കിയശേഷമായിരുന്നു വലിയ ട്യൂബുകള്‍ ഉപയോഗിച്ച് കൊള്ളസംഘം പെട്രോള്‍ കവര്‍ന്നത്.
മലേഷ്യയുടെയും ഇന്തോനേഷ്യയുടെയും സിംഗപ്പൂരിന്റെയും തീരങ്ങളില്‍ അടുത്തിടെ കടല്‍ക്കൊള്ളക്കാരുടെ ശല്യം വര്‍ധിച്ചിട്ടുണ്ട്. ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ അഞ്ച് കപ്പലുകളാണ് കൊള്ളക്കാരുടെ ആക്രമണത്തിന് ഇരയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: