തിരുവനന്തപുരം: ചട്ടങ്ങള്‍ ലംഘിച്ച് ചിട്ടി നടത്തിയതുവഴി കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന് (കെഎസ്എഫ്ഇ) 114.72 കോടിയുടെ നഷ്ടം. കമ്പ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടിലാണ് കെഎസ്എഫ്ഇ യുടെ കെടുകാര്യസ്ഥത തുറന്നുകിട്ടുന്നത്.പുതുതായി ആരംഭിച്ച 95 ശാഖകളില്‍ 75 ശാഖകളും നഷ്ടത്തിലാണെന്നും ഇതുവഴി 9.43 കോടിയുടെ നഷ്ടമുണ്ടെന്നും ഓഡിറ്റില്‍ പറയുന്നു.
ഓഹരി മൂലധനമായ 191.13 കോടിയുമായി താരതമ്യം ചെയ്യുമ്പോള്‍ കമ്പനിയുടെ കടബാധ്യതയായ 3135.60 കോടിയെന്നത് വളരെയധികം ഉയര്‍ന്നതാണെന്ന് സിഎജി ചൂണ്ടികാട്ടുന്നു. 2008 മുതല്‍ 2012 വരെയുള്ള കാലയളവുകളിലെ കണക്കുകളാണ് സിഎജി അവലോകനം ചെയ്തത്.2011 വരെയുള്ള കാലയളവില്‍ ചിട്ടിയില്‍ 122 ശതമാനം വര്‍ദ്ധനവുണ്ടായപ്പോള്‍ വരിസംഖ്യ അടക്കുന്നതില്‍ മുടക്കം വരുത്തിയതിന്റെ വര്‍ദ്ധനവ് 156 ശതമാനമായി മാറി. 2008-09 ല്‍ 585.32 കോടിയാണ് മുടക്കമെങ്കില്‍ 2012 ല്‍ അത് 1497.97 കോടിയായി മാറി. 2008-09 ല്‍ 9.68കോടിയുടെ നഷ്ടവും 2009-10 ല്‍ 6.76കോടിയുടെ നഷ്ടവും ചിട്ടിവ്യാപാരത്തില് ഉണ്ടായപ്പോള്‍ 2010-11ല്‍ 3.10കോടിയുടെ നേരിയ ലാഭം മാത്രമാണ് കമ്പനിക്കുണ്ടായത്. 2012-ല്‍ 387 ബ്രാഞ്ചുകളിലായി 28224 ചിട്ടികളും 14,96,998 വരിക്കാരുമുള്ളപ്പോഴാണിത്. കമ്പനിയുടെ മൊത്തം വിറ്റുവരവില്‍ ചിട്ടി വിറ്റുവരവിന്റെ ശതമാനം 80.98 ഉള്ളപ്പോഴാണ് കേവലം 3.10 കോടിയുടെ നേരിയ ലാഭം മാത്രമുണ്ടായത്.
മുടക്കം വരുത്തുന്ന വരിക്കാരെയും സാമ്പത്തികഭദ്രതയില്ലാത്ത ആള്‍ക്കാരെയും വ്യാപകമായി ചിട്ടിയില്‍ ചേര്‍ക്കുന്നുണ്ട്. ഇതുവഴി 1.96 കോടിരൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. 30 ശാഖകളില്‍ നടത്തിയ പരിശോധനകളില്‍ നിന്നാണ് ഇത്രയും നഷ്ടം കണ്ടെത്തിയത്. ചിട്ടി കുടിശികയുള്ളയാള് കുടിശിക പലിശ അടക്കാന്‍ പരാജയപ്പെട്ടാല്‍ കമ്പനിക്ക് പുതിയ വരിക്കാരെ കണ്ടെത്തുകയോ സ്വയം പകരക്കാരനാവുകയോ ചെയ്യാം. സാമ്പത്തിക ഭദ്രതയില്ലാത്തവരെ യാതൊരു മാനദണ്ഡവുമില്ലാതെ ചേര്‍ത്തതുമൂലം കുടിശിക വ്യാപകമാകുകയും അവര്‍ക്ക് പകരം പുതിയ വരിക്കാരെ കണ്ടെത്താന്‍ പരാജയപ്പെടുത്തുകയും ചെയ്തു. ഇതുമൂലം ഭീമമായ എണ്ണം ചിട്ടികള്‍ക്ക് കമ്പനി സ്വയം പകരക്കാനാവേണ്ടിവന്നു. ഇതുമൂലം 45.62 കോടിയാണ് 2008 മുതല്‍ 2011 വരെ നഷ്ടമായത്.
മുടക്കം വന്ന തവണകള്‍ക്ക് ഏജന്റുമാര്‍ക്ക് നല്കിയ കമ്മീഷന് തിരിച്ചുപിടിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. 14 ബ്രാഞ്ചുകളില്‍ നടത്തിയ പരിശോധനയില്‍ ഇത്തരത്തില്‍ 6.56 ലക്ഷത്തിന്റെ നഷ്ടമാണുണ്ടായത്. കമ്പനി ചട്ടമനുസരിച്ച് മുടക്കം വരുത്തിയ ചിട്ടിക്കാരന് ലേലത്തില്‍ പങ്കെടുക്കാനാവില്ല.
ചെക്കു വഴി കുടിശിക അടച്ചിട്ടുണ്ടെങ്കില്‍ ചെക്കു പണമായി മാറിയശേഷമേ ലേലത്തില്‍ പങ്കെടുക്കാനാവൂ. ഇതിന് വിരുദ്ധമായി പലരും ചെക്ക് നല്‍കുകയും ലേലതുക സ്വന്തമാക്കുകയും പിന്നീട് ചെക്ക് മടങ്ങുകയും ചെയ്യുന്നത് പതിവായി. 27 ബ്രാഞ്ചുകളിലെ 215 കേസുകളില്‍നിന്നായി ഇത്തരത്തില്‍ ചെക്ക് നല്‍കിയവര്‍ക്ക് നല്കിയ ലേലതുക 23.95 കോടിരൂപയാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള സര്‍ട്ടിഫിക്കറ്റിന്റെ ജാമ്യത്തിലാണ് ലേലതുക വിതരണം ചെയ്യുന്നത്. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റിലൂടെ ലേലതുക തട്ടിയെടുക്കുന്നത് വ്യാപകമായി. 21 ബ്രാഞ്ചുകളില്‍ 36 കേസുകളില്‍ ബ്രാഞ്ച് മാനേജര്‍മാര്‍ സ്വീകരിച്ച ശമ്പള സര്‍ട്ടിഫിക്കറ്റ് വ്യാജമായിരുന്നു ഇതില്‍ ലേലതുകയായി നല്കിയ 36.67 ലക്ഷത്തില്‍ 11.19 ലക്ഷം രൂപ മാത്രമേ ഈടാക്കാനായുള്ളൂ. 28 കേസുകളില്‍ 25.48 ലക്ഷംരൂപ തിരിച്ചുപിടിക്കാനുണ്ട്. മറ്റ് ജാമ്യവസ്തുക്കളില്ലാത്തതിനാല് ഇത്തരം തുക തിരികെ ലഭിക്കാനുള്ള സാധ്യത വിദൂരമാണെന്ന് ഓഡിറ്റ് നിരീക്ഷിക്കുന്നു. ചിട്ടിയില്നിന്നും ഒഴിവാക്കപ്പെട്ടവരുടെ പണം കമ്പനി അനധികൃതമായി കൈവശം വയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ 51.31 കോടിരൂപ കമ്പനിയുടെ കൈവശമുണ്ട്.ഇതില്‍ 13.01 കോടി 10വര്‍ഷത്തിനുള്ളില്‍ കൂടുതലായി നല്കാനുള്ളതാണ്. ഗുരുതരമായ കുടിശിക കേസുകളില്‍ റവന്യൂ റിക്കവറി നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിന് ബ്രാഞ്ച് മാനേജര്‍ മുതിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 18 ശാഖകളില്‍നിന്നുള്ള പരിശോധനയില്‍ മാത്രം കണ്ടത് 5.70 കോടി കുടിശിക ഉള്ള 208 കേസുകളില്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ്.
വായ്പാ വ്യാപാരം നടത്തുന്നതിന് കമ്പനിയെ വിഭജിച്ച് ബാങ്കിംഗിതര സാമ്പത്തിക സ്ഥാപനം എന്നനിലയില്‍ ഒരു പ്രത്യേക സ്ഥാപനമായി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കാന്‍ ഉടന്‍ നടപടി കൈക്കൊള്ളണമെന്നും സിഎജി നിര്‍ദ്ദേശിക്കുന്നുണ്ട്.
അധര്മ്മിഷ്ഠരായ സ്വകാര്യ ചിട്ടി നടത്തിപ്പുകാരില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കാനായി 1969ല്‍ ആരംഭിച്ച സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനമായ കെഎസ്എഫ്ഇ് എന്തു ലക്ഷ്യം നേടുവാന്‍ വേണ്ടിയാണോ പ്രവര്‍ത്തിക്കേണ്ടിയിരുന്നത് അതിനെതന്നെ പരാജയപ്പെടുത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: