തിരുവനന്തപുരം: പ്രഖ്യാപിത പവര്‍ കട്ടും തോന്നിയതുപോലുള്ള അപ്രഖ്യാപിത പവര്‍ കട്ടും കാരണം കേരളം കടുത്ത ദുരിതത്തില്‍. വൈദ്യുതി പ്രതിസന്ധി രൂക്ഷമാണെന്നു കാട്ടി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ആഴ്ച ആരംഭിച്ച പവര്‍കട്ട് ഇപ്പോള്‍ പല സ്ഥലങ്ങളെയും ഭാഗികമായി ഇരുട്ടിലാക്കി.
അരമണിക്കൂര്‍ പീക്ക് സമയങ്ങളില്‍ മാത്രമേ പവര്‍ കട്ട് ഉണ്ടാകുകയുള്ളു എന്നു പറഞ്ഞിരുന്ന കെഎസ്ഇബി ഡാമുകളില്‍ വെള്ളം കുറവാണെന്നും വൈദ്യുതി എത്തിക്കാന്‍ ലൈനുകള്‍ ഇല്ലെന്നും ശബരിഗിരിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുവെന്നും പറഞ്ഞ് അരമണിക്കൂര്‍ എന്നത് മുക്കാല്‍ മണിക്കൂറായി ഉയര്‍ത്തി. ഒരു ദിവസം 45 മിനിട്ടു മാത്രമേ പവര്‍ കട്ടുണ്ടാകൂവെന്നു വകുപ്പു മന്ത്രിയും ഉറപ്പു നല്‍കിയിരുന്നു. താല്‍ച്ചാര്‍, കൂടംകുളം നിലയങ്ങളില്‍ നിന്നും കേന്ദ്ര വിഹിതമായ 250 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും പവര്‍കട്ട് 20 മിനിട്ടു കൂടി ദീര്‍ഘിപ്പിക്കേണ്ടി വരുമെന്നു കെഎസ്ഇബി വ്യക്തമാക്കുന്നു. ഇതോടെ ഔദ്യോഗികമായി പവര്‍കട്ട് ഒരുമണിക്കൂറിനു മുകളിലാകും.
എന്നാല്‍ സംസ്ഥാനത്തെ ഭൂരിഭാഗം സ്ഥലങ്ങളിലും പവര്‍ കട്ട് ഇപ്പോള്‍ ഒന്നര മണിക്കൂറാണ്. 45 മിനിട്ടു വെച്ച് രണ്ടു തവണയാണ് കെഎസ്ഇബി പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത്. കൂടാതെ രാവിലെയും രാത്രിയും അപ്രഖ്യാപിത പവര്‍കട്ടും. സബ് ഡിവിഷനുകള്‍ക്ക് പവര്‍കട്ടുമായി യാതൊരു ബന്ധവുമില്ലെന്നാണ് പറയുന്നത്. രാത്രിസമയങ്ങളില്‍ പ്രഖ്യാപിത പവര്‍ കട്ടു സമയം കഴിഞ്ഞു വീണ്ടും കറണ്ടു പോവുകയാണെങ്കില്‍ ഉപഭോക്താക്കള്‍ കെഎസ്ഇബി സബ് ഡിവിഷനുകളില്‍ ഫോണ്‍ വിളിച്ചാല്‍ എല്ലാം ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്നു, അതു നടപ്പാക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നാണ് ഉത്തരം.
കഴിഞ്ഞ ദിവസം വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദ് നിയമസഭയിലും പറഞ്ഞത് അപ്രഖ്യാപിത പവര്‍കട്ട് സംസ്ഥാനത്തില്ലെന്നാണ്. പിന്നെ എങ്ങനെയാണ് 45 മിനിട്ട് പവര്‍കട്ട് ഒന്നര മണിക്കൂറിലേക്കു നീണ്ടതെന്ന് ആര്‍ക്കും വ്യക്തമല്ല. മന്ത്രി പറയുന്നത് 45 മിനിട്ട് പവര്‍കട്ട് അനിവാര്യമാണെന്നാണ്. എന്നാല്‍, ഒരു ദിവസം എത്ര തവണ പവര്കട്ടുണ്ടാകുമെന്നു പറഞ്ഞിട്ടില്ല. 45 മിനിട്ട് വെച്ച് രണ്ടോ മൂന്നോ തവണ ഒരു ദിവസം പവര്‍കട്ടു നടത്താമെന്നു ധരിച്ചാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കാര്യങ്ങള്‍ നീക്കുന്നത്. ജനങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത കട്ടും ഉദ്യോഗസ്ഥരുടെ അപ്രഖ്യാപിത കട്ടും കൊണ്ട് പൊറുതി മുട്ടുകയാണ്.
കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ ഇടുക്കി ജലസംഭരണിയടക്കമുള്ള റിസര്‍വോയറുകള്‍ നിറയും. ഇതിനനുസരിച്ച് വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കും. അതിനു ശേഷം പവര്‍കട്ട് പൂര്‍ണമായും പിന്‍വലിക്കുമെന്ന സര്‍ക്കാര്‍ വാദ്ഗാനം പാഴ് വാക്കാവുമെന്നാണ് ഉപഭോക്താക്കളുടെ ആശങ്ക.
ഇതു കൂടാതെയാണ് അനധികൃത പവര്‍കട്ടു നടത്തുന്നത്. കേരളത്തില്‍ വ്യാപകമായി പവര്‍കട്ട് നടത്തുന്നതിനു പ്രധാന കാരണമായി ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നയിക്കുന്ന പരാതി കേന്ദ്ര പൂളില്‍ നിന്നും ലഭിക്കേണ്ട വൈദ്യുതി വിഹിതം കിട്ടുന്നില്ലെന്നാണ്.
അജയ് എസ് ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: