ചിങ്ങവനം(കോട്ടയം): കോട്ടയം വെള്ളുത്തുരുത്തി പാറപ്പറമ്പില് പി.എന്‍. ശശീന്ദ്രന് നായരെ വിവാഹം ചെയ്തശേഷം സ്വര്‍ണവും പണവും തട്ടിയെടുത്തെന്ന കേസില്‍ കൊല്ലം ആയൂര്‍ സ്വദേശിനി ശാലിനി (29)യെ ചങ്ങനാശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി 14 ദിവസത്തേക്ക് റിമാന്റു ചെയ്തു. ഇവരെ കോട്ടയം സബ് ജയിലിലേക്ക് മാറ്റി.
ശശീന്ദ്രന് നായര്‍ നല്കിയ പരാതിയെ തുടര്‍ന്ന് ഇവരെ തമിഴ്നാട്ടിലെ പഴനിയില്‍ നിന്നു ചിങ്ങവനം എസ്ഐ എസ്. നിസാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. കോട്ടയത്തെത്തിച്ച ഇവരെ വാകത്താനം സ്റ്റേഷനില്‍ പാര്‍പ്പിച്ചു. ഇന്നലെ രാവിലെ ചങ്ങനാശ്ശേരി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ച് ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ചിങ്ങവനം സ്റ്റേഷനിലെത്തിച്ചു. പരാതിക്കാരനായ ശശീന്ദ്രന് നായര്‍ സ്റ്റേഷനിലെത്തി തട്ടിപ്പുകാരിയെ തിരിച്ചറിഞ്ഞു. പിന്നീട് ശാലിനിയെ വെള്ളൂത്തുരുത്തിയിലെ ഇയാളുടെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുപോയെങ്കിലും ജനരോഷം മൂലം ജീപ്പ്പില്‍ നിന്നും പുറത്തിറക്കിയില്ല. വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കി.
ശാലിനിയുടെ മുന്‍ ഭര്‍ത്താവായ കാവാലം സ്വദേശി രതീഷിന്റെ സഹായത്തോടെയാണ് തട്ടിപ്പുകാരിയെ കുടുക്കിയതെന്ന് ചിങ്ങവനം എസ്ഐ പറഞ്ഞു. ശാലിനി സ്ഥിരമായി ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരിലേക്ക് ഇയാളെ കൊണ്ട് വിളിപ്പിച്ചാണ് ഇവരുടെ നീക്കങ്ങള്‍ ചോര്‍ത്തിയത്. പോലിസ് ഭീഷണി മൂലം രക്ഷയില്ലാതായെന്ന് പറഞ്ഞ മുന്‍ ഭര്‍ത്താവ് നാട്ടില്‍ നിന്നും മാറി ജീവിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആദ്യം വഴങ്ങാതിരുന്ന ശാലിനി പിന്നീട് താന്‍ തമിഴ്നാട്ടിലുണ്ടെന്നും ഇവിടെ വന്നാല്‍ പ്രശ്നമില്ലാതെ ജീവിക്കാമെന്നും പറയുകയായിരുന്നു. തുടര്‍ന്ന് പോലിസ് സംഘം രതീഷിനെ ഉപയോഗിച്ച് ശാലിനി താമസിച്ചിരുന്ന പഴനിയിലെ ലോഡ്ജ് കണ്ടെത്തി. ഇരുവരും സംസാരിക്കുന്നതിനിടെ പോലിസ് ലോഡ്ജ് വളഞ്ഞു. രക്ഷപ്പെടാന്‍ ശാലിനി ശ്രമിച്ചു.
അറസ്റ്റിലാവുമ്പോള്‍ ശശീന്ദ്രന് നായര്‍ അണിയിച്ച താലിമാലയും 20000 രൂപയുമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. സീനിയര്‍ സിവില്‍ ഓഫിസര്‍ റെജി, വനിതാ പോലീസുകാരായ സീനാ മോഹന്‍, തങ്കമണി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. വിശദമായ ചോദ്യം ചെയ്യലിനായി ശാലിനിയെ അടുത്തദിവസം തന്നെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: