കോട്ടയം: സോളാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ‘സോളാര്‍ സ്വപ്നം’ എന്ന സിനിമ 20ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. വെളിച്ചം കുറഞ്ഞ സാമൂഹിക ബോധത്തിന്റെ ഇടനാഴിയില്‍ സ്ത്രീ ഒരിക്കലും സുരക്ഷിതയല്ല എന്ന തിരിച്ചറിവിനെ വെളിവാക്കുന്ന ചിത്രമാണിതെന്ന് നിര്‍മ്മാതാവും തിരക്കഥാ രചയിതാവുമായ ഡോളര്‍ രാജു പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡ്രീം വേള്‍ഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സംഭാഷണവും തിരക്കഥയും ഡോളര്‍ രാജു ജോസഫാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
ചിത്രത്തിലെ നായിക ഹരിതാനായരായി പുതുമുഖം പൂജയും നായകന് അജയായി തമിഴ്നടന്‍ ഭുവനും വേഷമിടുന്നു. ദേവന്, സന്തോഷ്, മേഘ്നാ പട്ടേല്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന്റെ ഗാനരചന ജയകുമാര്‍ പവിത്രനും സംഗീതം ജയന് ബി എഴുമാന്തുരുത്തുമാണ്. ചാരങ്ങാട്ട് അശോക് റിലീസ് വിതരണം നടത്തുന്ന ഈ ചിത്രത്തില്‍ എം.ജി. ശ്രീകുമാര്‍, അനിത ഷെയ്ക്ക്, റിയ രാജു എന്നിവര്‍ ഗാനാലാപനം നടത്തുന്നു. കപടരാഷ്ട്രീയക്കാരനാല് ബാല്യത്തില്‍ ലൈംഗികചൂഷണത്തിന് ഇരയായ പെണ്‍കുട്ടി സാഹചര്യങ്ങളാല്‍ തട്ടിപ്പുകാരിയാകുന്നതും അവളുടെ പ്രതികാര ചിന്തയുമാണ് സിനിമക്കാധാരം.
പത്രസമ്മേളനത്തില്‍ ഗാനരചയിതാവ് ജയകുമാര്‍ പവിത്രന്, സംഗീത സംവിധായകന് ജയന് ബി. എഴുമാന്തുരുത്ത്, പി.ആര്‍ഒ അയ്മനം സാജന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: