കാസര്‍കോട്: വനവാസി സമൂഹത്തെ മുന്‍ നിര്‍ത്തി വിദേശത്ത് നിന്നും കോടികളുടെ ഫണ്ട് കൈക്കലാക്കുന്ന ക്രൈസ്തവ സഭ ഭൂരിഭാഗവും ചെലവഴിക്കുന്നത് സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കും സ്വന്തക്കാര്‍ക്കും വേണ്ടി. നാമമാത്രമായ തുകയാണ് വനവാസി മേഖലകളുടെ ഉന്നമനത്തിന് ചെലവഴിക്കുന്നത്.
സൗത്ത് ഇന്ത്യ ആദിവാസി നെറ്റ്വര്‍ക്ക് (സിയാന്) എന്ന സംഘടന വഴിയാണ് കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക സഭ പ്രധാനമായും വിദേശപണം സ്വീകരിക്കുന്നത്. കേരളത്തില്‍ ആദിവാസി ഫോറം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലും സഭ വനവാസി സംഘടനകളെ വളര്‍ത്തുന്നുണ്ട്. ഈ സംഘടനകളെ ഉപയോഗിച്ച് മേഖലകളിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കി വിദേശ ഏജന്‍സികള്‍ക്ക് സമര്‍പ്പിച്ച് ഫണ്ട് നേടിയെടുക്കുകയും ചെയ്യുന്നു.
സിയാന്റെയും ആദിവാസി ഫോറത്തിന്റേയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് കല്‍പ്പറ്റയിലെ ‘നീതിവേദി’യാണ്. എല്ലാ വിഭാഗങ്ങള്‍ക്കും സൗജന്യ നിയമസഹായമാണ് നീതിവേദിയുടെ വാഗ്ദാനം. വനവാസി ഊരുകളിലാണ് പ്രധാന പ്രവര്‍ത്തനം. സഹായിക്കാന്‍ കേസുകള്‍ കണ്ടെത്തുന്ന ചുമതല വനവാസികള്‍ക്കാണ്. ഇതിനായി സംസ്ഥാനത്ത് വനവാസികളായ ഇരുപതോളം ഫീല്‍ഡ് സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ട്. വയനാട്ടില്‍ മാത്രം ഒന്‍പത് പേര് പ്രവര്‍ത്തിക്കുന്നു. വനവാസി ഊരുകളിലെത്തി വിവരങ്ങള്‍ ശേഖരിച്ച് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് ഇവരുടെ ജോലി. മദ്യപാനം, പീഡനം, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് ഭൂരിഭാഗം കേസുകളും. പുറമെയുള്ളവര്‍ സമീപിച്ചാല്‍ ഇത്തരം വിവരങ്ങള്‍ കിട്ടുക സാധ്യമല്ലാത്തതിനാല്‍ വനവാസികളുടെ സഹായമില്ലാതെ വിവരശേഖരണം നടക്കില്ല. അക്രമവും ഭീഷണിയും നേരിട്ട് പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് നീതിവേദി നല്കുന്ന മാസശമ്പളം വെറും നാലായിരം രൂപയാണ്. അടുത്തിടെ ഇതിലും മാറ്റം വരുത്തി. കേസുകള്‍ കണ്ടെത്തുന്നതിന് അനുസരിച്ചാണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത്.
ഓഫീസ് ജീവനക്കാരായോ മറ്റ് ഉയര്‍ന്ന തസ്തികകളിലോ വനവാസികളെ നിയമിക്കാറില്ല. സഭയുടെ സ്വന്തക്കാര്‍ക്കാണ് ഇത്തരം നിയമനങ്ങള്‍. ഇവര്‍ക്ക് പതിനായിരങ്ങള്‍ ശമ്പളമായി നല്‍കുന്നുണ്ട്. ഇതേ രീതിയിലാണ് സിയാന്റേയും ആദിവാസി ഫോറത്തിന്റേയും പ്രവര്‍ത്തനം. വന്‍തുക ശമ്പളം കൈപ്പറ്റുന്ന കോര്‍ഡിനേറ്റര്‍മാരായി ക്രിസ്ത്യന്‍ വിഭാഗത്തിലുള്ളവരെ നിയമിക്കും. ഫീല്‍ഡ് സ്റ്റാഫിനപ്പുറത്തേക്ക് വനവാസികള്‍ക്ക് പരിഗണന നല്‍കാറില്ല. ആദിവാസി ഫോറത്തിന്റെ പ്രവര്‍ത്തനത്തിനും തുച്ഛമായ തുകയാണ് അനുവദിക്കുന്നത്. സിയാനുവേണ്ടി സര്‍വ്വേ നടത്തുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുന്നത് ആദിവാസി ഫോറമാണ്. എന്നാല്‍ വിദേശപ്പണം സംബന്ധിച്ച യാതൊരറിവും വനവാസി നേതാക്കള്‍ക്കില്ല. വനവാസി ഊരുകളില്‍ പട്ടിണി പടരുമ്പോഴും അവരുടെ പേരില്‍ വിദേശത്തുനിന്നുമെത്തുന്ന പണമുപയോഗിച്ച് സഭയും സ്ഥാപനങ്ങളും തഴച്ചുവളരുന്നു.
സിയാനു പുറമെ കഴിഞ്ഞ വര്‍ഷം മുതല്‍ നീതിവേദിക്കും സ്വന്തമായി വിദേശഫണ്ട് കിട്ടിത്തുടങ്ങി. ഹോളണ്ടില്‍ നിന്നുമാണ് പ്രധാനമായും പണമൊഴുകുന്നത്. ഏറ്റെടുക്കുന്ന കേസുകളുടെ എണ്ണത്തിലെ വര്‍ദ്ധനവിനനുസരിച്ച് പണത്തിന്റെ അളവും വര്‍ദ്ധിക്കുന്നു. സംഘര്‍ഷവും ദാരിദ്ര്യവും വനവാസി ഊരുകളില്‍ നിലനില്‍ക്കേണ്ടത് ഇത്തരം സംഘടനകളുടെ നിലനില്‍പ്പിനും അനിവാര്യമാണ്. അതുകൊണ്ട് തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനപ്പുറം, നാമമാത്രമായ സഹായങ്ങള്‍ ചെയ്ത് വനവാസികളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുകയാണ് സഭ.
കെ. സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: