‘ഏതാ നിങ്ങളുടെ നേതാവ്’ എന്ന പതിവ് ചോദ്യത്തെ അപ്രസക്തമാക്കിക്കൊണ്ടായിരുന്നു 16-ാം ലോക്സഭാ തെരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ എന്തായിരിക്കും നയമെന്നായിരുന്നു സകല കോണുകളില്‍ നിന്നും ചോദ്യം. അതിനുത്തരം ഇന്നലെ പാര്‍ലമെന്റിന്റെ സംയുക്തസമ്മേളനത്തില്‍ രാഷ്ട്രപതി പ്രഖ്യാപിച്ചു. ഇനി നടപടികളിലേക്ക്. ബജറ്റ് അവതരണത്തിലൂടെ അതിന് വ്യക്തമായ രൂപരേഖയുമാകും.
മുപ്പതുവര്‍ഷത്തിനു ശേഷമാണ് ഉറച്ച ഭരണത്തിന് ഏകകക്ഷിയെ വമ്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങള്‍ വിജയിപ്പിച്ചത്. വ്യക്തമായ നയം വന്നതോടെ ശക്തമായ നടപടി തുടങ്ങാറായി. അത് പൂര്‍ണമായും 125 കോടി ജനങ്ങളുടെ ക്ഷേമത്തിനാണെന്ന് വ്യക്തമായി. ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും അഭിമുഖീകരിക്കുന്നതാണ് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സഭയില്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നീണ്ട നയപ്രസംഗം. സമസ്ത മേഖലയെയും സ്പര്‍ശിച്ച നയം “ഏകഭാരതം ശ്രേഷ്ഠഭാരത”മെന്ന ബിജെപിയുടെ സങ്കല്‍പ്പം കര്മപഥത്തിലെത്തിക്കുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. നയപ്രസംഗം തീര്‍ന്ന ഉടന്‍ കേട്ട പ്രതികരണം കൗതുകമുളവാക്കുന്നതായിരുന്നു. ‘ബിജെപിയുടെ പ്രകടന പത്രിക അപ്പടി പകര്‍ത്തി വച്ചതായിരുന്നു നയപ്രസംഗം’ എന്നായിരുന്നു അത്. പ്രകടന പത്രികയില്‍ നിന്നും വ്യതിചലിച്ചാലായിരുന്നു വിമര്ശനമുയരേണ്ടത്. മറ്റൊന്ന് ‘370-ാം വകുപ്പ്, പൊതുസിവില്‍ കോഡ്, ശ്രീരാമക്ഷേത്രം എന്നിവ ഒഴിവാക്കി’ എന്ന പരാതി.
പ്രകടനപത്രികയില്‍ ഈ വക കാര്യങ്ങളുണ്ട്. അത് അഞ്ചുവര്ഷത്തേക്കുള്ളതാണ്. ആദ്യ നയത്തില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ അത് ഒഴിവാക്കി എന്ന പ്രയോഗം അപക്വവും അറിവില്ലായ്മയുമാണെന്ന് പറയേണ്ടതില്ല. മേല്‍ പറഞ്ഞ മൂന്നു കാര്യങ്ങളും പ്രകടന പത്രികയില്‍ വന്നപ്പോള്‍ കടുത്ത വിമര്‍ശനമുയര്‍ത്തിയവര്‍ നയപ്രസംഗത്തില്‍ അത് കാണാത്തതില്‍ അരിശം പ്രകടിപ്പിക്കുന്നത് കൗതുകമുളവാക്കുന്നു.
പത്തുവര്‍ഷം ഭരിച്ച യുപിഎ സൃഷ്ടിച്ചുവച്ച ഭരണരംഗത്തെ അഴുക്കും അഴിമതിയും തന്നെയാണ് എന്‍ഡിഎ സര്‍ക്കാര്‍ നേരിടേണ്ട മുഖ്യപ്രശ്നം. ഓഫീസുകള്‍ ശുദ്ധവും കാര്യക്ഷമവുമാക്കാനുള്ള നടപടി ആദ്യ ആഴ്ചയില്‍ തന്നെ തുടങ്ങി. ഒരു തരത്തിലും അഴിമതി അനുവദിക്കില്ലെന്ന് നയത്തില്‍ വ്യക്തമാക്കി. ലോക്പാലിന് പല്ലും നഖവും നല്‍കുമെന്നും പ്രഖ്യാപിച്ചു. വിലക്കയറ്റമാണ് ജനങ്ങളെ അലട്ടുന്ന മുഖ്യപ്രശ്നം. അതു പരിഹരിക്കുമെന്നും പ്രസ്താവിച്ചു. സ്വതന്ത്ര ഇന്ത്യയുടെ 67-ാം വര്‍ഷമാണിത്. പ്ലാറ്റിനം ജൂബിലിയാകുമ്പോള് കൂരയില്ലാത്തവരും കുടിവെള്ളം കിട്ടാത്തവരും ഉണ്ടാകില്ലെന്ന നയമാണ് തിളക്കമേറിയത്. 24 മണിക്കൂറും വെള്ളവും വെളിച്ചവും ഇന്നലെവരെ സ്വപ്നത്തില്‍ പോലും കാണാമായിരുന്നില്ല. പക്ഷേ അത് യാഥാര്‍ഥ്യമാക്കുമെന്ന് ഉറപ്പു നല്കിയിരിക്കുന്നു.
അടിസ്ഥാനസൗകര്യമില്ലായ്മയാണ് രാജ്യം നേരിടുന്ന വികസന മുരടിപ്പിന് മുഖ്യകാരണം. 15 ലക്ഷത്തിലധികം തൊഴിലാളികളും ലക്ഷക്കണക്കിന് കിലോമീറ്റര്‍ നീണ്ടുപരന്നു കിടക്കുന്നതുമായ റെയില്‍വേ യഥാവിധി പ്രയോജനപ്പെടുത്തിയാല്‍ ഒരുപരിധിവരെ യാത്രാദുരിതം തീരും. വാജ്പേയി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ചതുഷ്കോണ റോഡ് പദ്ധതിപോലെ റെയില്‍വേയ്ക്കും അത് നടപ്പാക്കുന്നു. അതോടൊപ്പം ജലഗതാഗതത്തിന്റെ സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്താനും നയമായി. മുടങ്ങികിടക്കുന്ന കേരളത്തിന്റെ ജലപാത യാഥാര്‍ത്ഥ്യമാക്കാന്‍ ഇത് സഹായകമാകും. നല്ല ഭരണം സമഗ്രപുരോഗതി എന്ന കാഴ്ചപ്പാടിനൊപ്പം ദാരിദ്ര്യത്തിന് ജാതിയില്ല, വര്‍ഗമില്ല, വര്‍ണമില്ല എന്ന നിലപാടും പ്രശംസിക്കപ്പെടേണ്ടതാണ്.
ദേശീയ കായികനയവും വിദ്യാഭ്യാസനയവും പുരോഗതിയുടെ അനിവാര്യഘടകമാണ്. ഭൂവിനിയോഗത്തിന് ദേശീയ നയം എന്നുപറയുമ്പോള്‍ അത് ഭൂപരിഷ്ക്കരണം തന്നെയാണ്. ഭൂസ്വാമിമാരില്നിന്നും ഭൂരഹിതരായ പട്ടിണിപാവങ്ങള്ക്കാണത് സഹായമാവുക. വനിതകള്‍ക്ക് മന്ത്രിസഭയില്‍ ഏക്കാലത്തേയും മുന്തിയ പരിഗണന നല്കിയ നരേന്ദ്രമോദി സര്‍ക്കാര്‍ നിയമനിര്‍മ്മാണസഭകളില്‍ മൂന്നിലൊന്ന് പ്രാതിനിധ്യം ഉറപ്പുനല്‍കുന്നതോടൊപ്പം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഊന്നല്‍ നല്കുന്നു. അതിലേറെ പ്രധാനപ്പെട്ടതാണ് കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി. കാശ്മീര്‍ താഴ്വരയില്‍നിന്നും ഏഴുലക്ഷത്തിലധികം കുടുംബങ്ങളാണ് ജനിച്ച വീടും ദേശവും ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ടിവന്നത്. സ്വന്തം രാജ്യത്തിന്റെ പലഭാഗങ്ങളായി അഭയാര്‍ത്ഥികളായി കഴിയേണ്ടിവന്നവര്‍ക്ക് ജന്മനാട്ടില് തിരിച്ചെത്താന്‍ സൗകര്യം നല്‍കുന്നത് ഏറെ പ്രശംസിക്കപ്പെടേണ്ടതുതന്നെ.
അഞ്ചുവര്‍ഷത്തിനകം എല്ലാ ഗ്രാമങ്ങളും ബ്രോഡ് ബ്രാന്റ് സംവിധാനം. അതിനുമുമ്പ് അത്യന്താധുനിക നൂറ് നഗരങ്ങള്‍, നവീന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭരണമികവ്, പ്രതിരോധമേഖലയുടെ നവീകരണം, ഒരേ റാങ്കില്‍ ഒരേ പെന്ഷന്. സഹകരണ ഫെഡറിലിസം എന്ന പ്രയോഗം ഇതുവരെ ആരും നടത്തിയതല്ല. പ്രീണനമോ പ്രീതിയോ ഇല്ലാതെ മുഴുവന്‍ ഭാരതത്തെയും ഭാരതീയരെയും ഒന്നായി കണ്ട് ഭരണ നിര്‍വഹണം നടത്തുമെന്നതിന്റെ സത്യപ്രസ്താവനകൂടിയായി നയ പ്രസംഗം.
ഒരുഭാഗത്ത് വെള്ളപ്പൊക്കം മറുഭാഗത്ത് വരള്‍ച്ച. നമ്മുടെ രാജ്യത്തിന്റെ വൈവിധ്യത്തില്‍ ഒന്നാണത്. ചതുപ്പും മരുഭൂമിയും . ഇവയെല്ലാം എങ്ങിനെ വികസനത്തിന്റെ പാതയില്‍ മുതല്കൂട്ടാക്കാമെന്ന് ഗുജറാത്ത് പരീക്ഷിച്ച് വിജയിച്ചു. നദീസംയോജനമെന്ന പദ്ധതിയും അതിലേക്കുള്ള വഴിയാണ്. ഇത് കേരളത്തിന് ദോഷമാകുമത്രെ. കേരളം ഇന്ത്യയുടെ ഭാഗമല്ലെന്നാണോ?
കള്ളപ്പണം പുറത്തുകൊണ്ടുവരാനുള്ള പദ്ധതി ആരംഭിച്ചു. അതിന് ആക്കം കൂട്ടുന്നതാണ് രാഷ്ട്രപതിയുടെ വാക്കുകള്‍. മദ്രസകള്‍ നവീകരിക്കാനും തൊഴിലില്ലായ്മ പരിഹരിക്കാനും തുറമുഖങ്ങള്‍ പുതുതായി തുടങ്ങാനും ഉള്ളവ നവീകരിക്കാനും ചെറിയ വിമാനത്താവളങ്ങള്‍ തുടങ്ങാനുമെല്ലാം നയമായി. ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം തന്നെയാണ് ശൗചാലങ്ങള്‍ വ്യാപകമാക്കുന്നത്. ഗംഗാ ശുദ്ധീകരണത്തിന് തുടക്കം കുറിച്ചതും രാഷ്ട്രപതിയുടെ പ്രസംഗത്തില്‍ ഇടം നേടയിട്ടുണ്ട്. എണ്ണിപ്പറയാന്‍ നിരവധിയുണ്ട്. എല്ലാ പ്രയോഗികമാക്കാന്‍ കഴിയുന്നവ. ഈ നയം നടപടിയിലേക്ക് നീങ്ങുമ്പോള്‍ ഇന്ത്യാ ചരിത്രത്തില്‍ നവയുഗാരംഭമാണ് കുറിക്കുന്നത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: