കൊല്ലം: മെയിലാപ്പൂര്‍ പേരയത്ത് പ്രവര്‍ത്തിച്ചുവരുന്ന ജമാലിയ കോളേജ് ഓഫ് അറബിക് എന്ന സ്ഥാപനത്തില്‍ നിന്നും ജാര്‍ഖണ്ഡ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കടത്തികൊണ്ടുവന്ന് മതപഠനം നടത്തുന്ന 24 കുട്ടികളെ പോലീസ് പിടികൂടി. സ്പെഷ്യല്‍ ബ്രാഞ്ച് പോലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ചാത്തന്നൂര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡിലാണ് കുട്ടികളെ കണ്ടെത്താനായത്. ഇതില്‍ 20 പേര് ജാര്‍ഖണ്ഡ് സ്വദേശികളും നാലുപേര്‍ ബീഹാറികളുമാണ്. എല്ലാവരും 18 വയസില്‍ താഴെയുള്ളവരാണ്. നിലമേല്‍ സ്വദേശി നവാസ് റഷാദി എന്നയാള്‍ ചെയര്‍മാനായ സൊസൈറ്റിയാണ് ഈ സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍. ഇതുകൂടാതെ കരിക്കോട് ഫെര്‍ദോസ് കോളേജ് ഓഫ് അറബിക് എന്ന സ്ഥാപനവും ഈ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്നുണ്ട്. കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പോലീസ് പറഞ്ഞു. ഇതിനിടയില്‍ അനധികൃതമായി കുട്ടികളെ താമസിപ്പിച്ചു വന്ന കോളേജ് പൂട്ടാനും അന്തേവാസികളായ കുട്ടികളെ ചില്‍ഡ്രന്‍സ് ഹോമില്‍ സംരക്ഷിക്കുന്നതിനും ജില്ലാ കളക്ടര്‍ പ്രണബ്ജ്യോതി നാഥ് ഉത്തരവായി. അനാരോഗ്യമായ ചുറ്റുപാടിലാണ് കുട്ടികളെ താമസിപ്പിച്ചിരുന്നതെന്ന് കളക്ടര്‍ പറഞ്ഞു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവന്ന കുട്ടികളെ തകര ഷെഡിലാണ് പാര്‍പ്പിച്ചിരുന്നത്. കുട്ടികളുടെ വ്യക്തിഗതരേഖകളോ മറ്റ് നിയമപരമായ വിശദാംശങ്ങളോ സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ല. വയല്‍നികത്തിയ സ്ഥലത്ത് അപര്യാപ്തമായ പ്രാഥമിക സൗകര്യങ്ങളും സ്ഥലപരിമിതിയുമാണ് പരിശോധനയില്‍ കണ്ടെത്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് പോലീസ്, സാമൂഹ്യനീതി വകുപ്പ്, ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി എന്നിവരോട് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ മുഴുവന്‍ അനാഥാലയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കളക്ടര്‍ അറിയിച്ചു. ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് ആന്റണി, എ സി പി മാരായ ജേക്കബ് ജോബ്, മധുസൂധനന്, സാമൂഹ്യനീതി ഓഫീസര്‍ ഇ ജയ്സ, സൂപ്രണ്ട് സാബു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: