കട്ടപ്പന: സ്കൂള്‍ അങ്കണത്തിലെ സരസ്വതിദേവിയുടെ വിഗ്രഹം ഒരുപറ്റം സാമൂഹ്യവിരുദ്ധര്‍ അടിച്ചുതകര്‍ത്തു. കുമളി ഒന്നാം മെയിലിന് സമീപം പ്രവര്‍ത്തിക്കുന്ന സരസ്വതി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിന് മുന്പില് സ്ഥിതിചെയ്യുന്ന വിഗ്രഹമാണ് തലയും കൈയ്യും വെട്ടിമാറ്റിയ നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ രാത്രിയിലാണ് അജ്ഞാതസംഘം വിഗ്രഹം തകര്‍ത്തത്. ഇതിനെതിരെ വിവിധ ഹൈന്ദവ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഒന്നാം മെയില്‍ പ്രദേശത്ത് മറ്റ് സ്കൂളുകളെ അപേക്ഷിച്ച് സരസ്വതി സ്കൂളില്‍ ഇത്തവണ പുതിയ അഡ്മിഷനില്‍ റെക്കോഡ് വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതും പ്രകോപന കാരണമാകാമെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു.
സ്കൂളിന് മുന്പില് സ്ഥാപിച്ചിരിക്കുന്ന സരസ്വതി ദേവിയുടെ തലയും കൈയ്യും അറുത്തുമാറ്റി മതസ്പര്‍ദ്ധ വളര്‍ത്തി നേട്ടമുണ്ടാക്കാനുള്ള ചില രാഷ്ട്രവിരുദ്ധ ശക്തികളുടെ നീക്കമാണോ ഇതിനുപിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഹൈന്ദവ നേതാക്കള്‍ ആരോപിച്ചു. വിവിധ പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ കുമളിയില്‍ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. കുമളി ഒന്നാം മെയിലില്‍ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ബസ് സ്റ്റാന്‍ഡ് മൈതാനിയില്‍ സമാപിച്ചു. പൊതു സമ്മേളനം ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ സ്വാമി ദേവചൈതന്യ ഉദ്ഘാടനം ചെയ്തു.
എസ്എന്‍ഡിപി പീരുമേട് യൂണിറ്റ് പ്രസിഡന്റ് ചെമ്പന്‍കുളം ഗോപിവൈദ്യര്‍, എന്‍എസ്എസ് പ്രതിനിധിസഭാംഗം സി.എം മോഹനന് പിള്ള, വിശ്വകര്‍മ്മസഭ താലൂക്ക് യൂണിയന് പ്രസിഡന്റ് പി.എന്‍ സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: