വിജയവാഡ: പുതിയ ആന്ധ്രാ പ്രദേശ് സര്‍ക്കാരിന്റെ ആദ്യമുഖ്യമന്ത്രിയായി ടിഡിപി നേതാവ് എന്‍. ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു.19മന്ത്രിമാരും അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തു. നഗരത്തില്‍നിന്ന് 18 കിലോ മീറ്റര്‍ അകലെ നാഗാര്‍ജുന്‍ നഗര്‍ എന്ന സ്ഥലത്തു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഇ.എസ്.എല്‍. നരസിംഹന് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
7.27ന്റെ ശുഭമുഹൂര്‍ത്തത്തിലായിരുന്നു പ്രതിജ്ഞ.ഒട്ടേറെ കേന്ദ്ര മന്ത്രിമാരും മുഖ്യമന്ത്രിമാരും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും ചടങ്ങിനു സാക്ഷിയാകാനെത്തി. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്മോഹന് റെഡ്ഡിയും വിട്ടുനിന്നു. ദൈവനാമത്തിലാണ് നായിഡു സത്യപ്രതിജ്ഞ ചെയ്തത്. വേദിയില്‍ സ്ഥാപിച്ചിരുന്ന തെലുഗു തള്ളൈ (തെലുഗിന്റെ അമ്മ)യുടെ പ്രതിമയില്‍ വണങ്ങിയ ശേഷമാണ് അദ്ദേഹം പ്രതിജ്ഞ ചൊല്ലിയത്.
ആചാര്യ നാഗാര്‍ജ്ജുന യൂണിവേഴ്സിറ്റിക്ക് എതിര്‍വശമുള്ള 70 ഏക്കര്‍ പ്രദേശത്ത് നടത്തിയ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ കടുത്ത ചൂടുവകവെക്കാതെ ലക്ഷക്കണക്കിനു പേരാണ് എത്തിയത്. കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, എം. വെങ്കയ്യാ നായിഡു, അനന്തകുമാര്‍, കല്‍രാജ് മിശ്ര, പ്രകാശ് ജാവ്ദേക്കര്‍, നിര്‍മലാ സീതാരാമന് എന്നിവര്‍ ചടങ്ങിനു സാക്ഷിയായി.
മുഖ്യമന്ത്രിമാരായ പ്രകാശ്സിംഗ് ബാദല്‍ (പഞ്ചാബ്), മനോഹര്‍ പരീക്കര്‍ (ഗോവ), വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്), രമണ്‍സിംഗ് (ഛത്തീസ്ഗഢ്), ടി. ആര്. സെലിംഗ് (നാഗാലാന്‍ഡ്) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍.കെ.അദ്വാനി,മുരളി മനോഹര്‍ ജോഷി തുടങ്ങിയവരും ചടങ്ങിനു സാക്ഷിയായി.
രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് പി. ജെ. കുര്യന്, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബോളിവുഡ് നടന് വിവേക് ഒബ്റോയ്, തെലുഗു നടന് പവന് കല്യാണ്‍, എന്‍ടിആര്‍ ജൂനിയര്‍, കല്യാണ്‍ റാം തുടങ്ങിയവരും പങ്കെടുത്തു. ശ്രീ ശ്രീ രവിശങ്കര്‍, ബാഡ്മിന്റന്‍ താരം പുല്ലേല ഗോപി ചന്ദ്, വ്യവസായ പ്രമുഖരായ ജി. മല്ലികാര്‍ജ്ജുന റാവു തുടങ്ങിവരും എത്തി. മുഖ്യമന്ത്രി നായിഡുവിന് ‘സാധ്യമായ എല്ലാ സഹായവും’ നല്‍കുമെന്ന് ആശംസയര്പ്പിച്ചയച്ച സന്ദേശത്തില്‍ മോദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: