നീലേശ്വരം (കാസര്‍കോട്): തെരഞ്ഞെടുപ്പിന് ശേഷവും കാസര്‍കോട്ട് സിപിഎം ശക്തി കേന്ദ്രങ്ങളില്‍ കൊഴിഞ്ഞ് പോക്ക് തുടരുന്നു. നീലേശ്വരത്തെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നിന്നും ഇരുന്നൂറോളം യുവാക്കള്‍ സിപിഎമ്മില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനോടനുബന്ധിച്ച് നടന്ന ആഘോഷത്തില്‍ പങ്കെടുത്തവരെ സിപിഎമ്മുകാര്‍ തെരഞ്ഞ് പിടിച്ച് അക്രമിച്ചിരുന്നു. ഇതിനുശേഷവും യുവാക്കള്‍ ബിജെപിയിലേക്കെത്തിയത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്.
സിപിഎം കേന്ദ്രമായ മടിക്കൈ, ബങ്കളം, പുതുക്കൈ, ചാത്തമത്ത്, പാലായി, കുന്നുംകൈ, കൈതക്കാട്, മാവിലാകടപ്പുറം, ഓരി എന്നിവിടങ്ങളിലെ യുവാക്കളാണ് പുതുതായി ബിജെപിയിലെത്തിയത്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടന്ന പ്രത്യേക കണ്‍വെന്‍ഷനില്‍ ബിജെപി ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന് അംഗത്വം വിതരണം ചെയ്തു. ബിജെപിയില്‍ ചേരാന്‍ പുതുതായി താത്പര്യം പ്രകടിപ്പിച്ചിട്ടുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി വീണ്ടും കണ്വെന്ഷന് നടത്താനും തീരുമാനിച്ചു. മണ്ഡലം പ്രസിഡണ്ട് ടി.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ. ശ്രീകാന്ത്, ജില്ലാ വൈസ് പ്രസിഡണ്ട് ടി.കുഞ്ഞിരാമന്, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ.കെ. രാജഗോപാല്‍, കൊവ്വല്‍ ദാമോദരന്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ.പി. ഹരീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.സി. രാമചന്ദ്രന് സ്വാഗതവും എ.കെ. ചന്ദ്രന് നന്ദിയും പറഞ്ഞു.
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ദിനത്തില്‍ ആഘോഷം സംഘടിപ്പിച്ചതിന് നീലേശ്വരത്തും പരിസര പ്രദേശങ്ങളിലും വ്യാപക അക്രമമാണ് സിപിഎം നടത്തിയത്. വിതരണത്തിന് തയ്യാറാക്കിയ പായസം നശിപ്പിക്കുകയും വീടുകളില്‍ കയറി അക്രമം നടത്തുകയും ചെയ്തു. സിപിഎമ്മിന്റേയും പോഷക സംഘടനകളുടേയും നേതാക്കളുടെ തട്ടകത്തിലാണ് കൊഴിഞ്ഞുപോക്ക് ഏറെയും. തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഇവിടങ്ങളില്‍ വന്‍ വോട്ട് വര്‍ദ്ധനവാണ് ഇക്കുറി ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: