തൃശൂര്‍: യത്തീംഖാനകളുടെ മറവില്‍ നടത്തുന്ന മനുഷ്യകടത്തിനെതിരെ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എബിവിപി മുന്‍ ദേശീയ സെക്രട്ടറിയും ദക്ഷിണമേഖല സംഘടനാ സെക്രട്ടറിയുമായ എന്‍. രവികുമാര്‍ ആവശ്യപ്പെട്ടു. എബിവിപി സംസ്ഥാന സമിതിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യത്തീംഖാനകളുടെ പേരില്‍ നഗ്നമായ നിയമലംഘനമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസരംഗം കെടുകാര്യസ്ഥതയുടെയും രാഷ്ട്രീയവത്ക്കരണത്തിന്റെയും അഴിമതിയുടെയും പിടിയിലാണ്. ഭൂരിപക്ഷം യൂണിവേഴ്സിറ്റികളിലും വൈസ്ചാന്‍സലര്‍മാരെ നിയോഗിക്കുവാന്‍ അദ്ധ്യയനവര്‍ഷം ആരംഭിച്ചിട്ടും സാധിച്ചിട്ടില്ല. യോഗ്യതയില്ലാത്തവരെ സുപ്രധാന സ്ഥാനങ്ങളില്‍ തിരുകി കയറ്റുവാനാണ് ശ്രമിക്കുന്നത്. വിസിമാരുടെ നിയമനങ്ങള്‍ക്ക് അക്കാദമിക് യോഗ്യത നിര്‍ബ്ബന്ധമാക്കാന്‍ തയ്യാറാകണം. ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിലെ അപാകതകളും ഏകജാലക സംവിധാനത്തിന്റെ ആശങ്കകളും സര്‍ക്കാരിന്റെ കെടുകാര്യസ്ഥയാണ് വെളിവാക്കുന്നത്. ഇത് സ്വകാര്യ മാനേജ്മെന്റുകളെ സഹായിക്കാനാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എബിവിപി സംസ്ഥാന പ്രസിഡന്റ് സി.കെ. രാകേഷ് അദ്ധ്യക്ഷത വഹിച്ചു. “ലഹരി വിരുദ്ധ കലാലയം” കാമ്പെയ്ന്റെ പോസ്റ്റര്‍ പ്രകാശനവും എബിവിപി കേരള ഘടകത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനവും നടന്നു. വിസി നിയമനം, മനുഷ്യകടത്ത്, ഏകജാലക സംവിധാനം എന്നീ വിഷയങ്ങളില്‍ ആശങ്കകളുംനിലപാടുകളും വിശദീകരിക്കുന്ന പ്രമേയം പാസാക്കി. ഈ വര്‍ഷത്തെ സംസ്ഥാന പഠന ശിബിരം ജൂലായ് 11, 12, 13 തിയതികളില്‍ പത്തനംത്തിട്ടയില്‍ നടത്താന്‍ തീരുമാനിച്ചു. “ലഹരി വിമുക്ത കലാലയം” കാമ്പെയിന് സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കാനും, സച്ചിന് – വിശാല്‍ സ്മൃതി ദിനം ആചരിക്കാനും യോഗം തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകജാലക സംവിധാനത്തിന്റെ സര്‍ക്കാര്‍ അട്ടിമറിക്കെതിരെ 11ന് ഹയര്‍ സെക്കണ്ടറി സ്ക്കൂളുകളില്‍ പഠിപ്പുമുടക്കി പ്രതിഷേധിക്കും. 17ന് വിദ്യാഭ്യാസ മന്ത്രിയുടെ കോലം ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി കത്തിച്ച് പ്രതിഷേധിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ബി.ആര്. അരുണ്‍, പ്രാന്ത പ്രമുഖ് എം. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: