തിരുവനന്തപുരം : ബംഗാള്‍ സ്വദേശികളില്‍ നിന്നും കള്ളനോട്ടു പിടിച്ച സംഭവത്തില്‍ പാക് ബന്ധമുണ്ടെന്ന് സംശയം. കഴിഞ്ഞ ദിവസം രാത്രി ചാല മാര്‍ക്കറ്റില്‍ കള്ളനോട്ടുമാറാന് ശ്രമിക്കവെ 35000 രൂപയുടെ കള്ളനോട്ടുകള്‍ ബംഗാള്‍ സ്വദേശിയില്‍ നിന്നും കണ്ടെടുത്തിയിരുന്നു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ രാജ്കുമാര് മണ്ഡല് (20)നെ സംഭവവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഒപ്പമുണ്ടായിരുന്ന ബംഗാള്‍ സ്വദേശി സാദിര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ചാലയിലെ കടയില്‍ രാത്രി 500 രൂപയുടെ നോട്ടുമാറാന്‍ രാജ്കുമാര് ശ്രമിക്കവെ കടക്കാരന് സംശയം തോന്നി പോലീസില്‍ അറിയിക്കുകയായിരുന്നു. ഇയാളില്‍ നിന്നും 13 നോട്ടുകള്‍ കണ്ടെടുത്ത പോലീസ് സംഘം ഇവര്‍ താമസിച്ചിരുന്ന ബീമാപള്ളിയിലെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ 67 നോട്ടുകള്‍ കൂടി കണ്ടെടുത്തിരുന്നു. ഈ നോട്ടുകള്‍ പാകിസ്ഥാനില്‍ അടിച്ച് ബംഗ്ലാദേശ് വഴി കേരളത്തിലെത്തിച്ചവയാണെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്. രക്ഷപ്പെട്ട സാദിറാണ് നോട്ടുകള്‍ രാജ്കുമാറിന് നല്‍കിയത്. കഴിഞ്ഞ ദിവസമാണ് രണ്ടുപേരും തിരുവനന്തപുരത്തെത്തിയത്. രാജ്കുമാര് ആദ്യമായാണ് കേരളത്തിലെത്തുന്നത്. എന്നാല്‍ സാദിര്‍ മൂന്ന് വര്‍ഷമായി കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ താമസിച്ചിരുന്നു. ബീമാപള്ളിയിലെ ബംഗാളികള്‍ താമസിക്കുന്ന സ്ഥലത്ത് ശനിയാഴ്ച പുലര്‍ച്ചെയാണ് ഇവരെത്തിയത്. ബംഗാളില്‍ നിന്ന് സ്ഥിരതാമസക്കാരല്ലാത്തവരെയും തുച്ഛമായ വാടക വാങ്ങി പാര്‍പ്പിക്കാറുണ്ട്. ഇതിനു മറപറ്റിയാണ് സംഘം ബീമാപള്ളിയിലെത്തിയത്. പിടിച്ചെടുത്ത നോട്ടുകള്‍ നാസിക്കില്‍ വിശദ പരിശോധനയ്ക്കായി അയയ്ക്കും.
രാജ്കുമാറിനെ റിമാന്റ് ചെയ്തു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും. ഐബിയുടെ ഉദ്യോഗസ്ഥരും സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ഫോര്‍ട്ട് സിഐ സദന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: