തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട കടകംപള്ളി, കളമശേരി ഭൂമി തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് സിബിഐ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കേസ് നേരത്തെ അന്വേഷിച്ച വിജിലന്‍സില്‍ നിന്ന് അന്വേഷണ റിപ്പോര്‍ട്ടും മറ്റു വിശദാംശങ്ങളുമാണ് സി.ബി.ഐ ശേഖരിച്ചത്. ഭൂമിയിടപാടില്‍ ക്രമക്കേട് നടന്നതിനാല്‍ ഹൈക്കോടതിയാണ് സി.ബി.ഐ അന്വേഷണത്തിന് നേരത്തെ ഉത്തരവിട്ടത്. അതിനിടെ ഭൂമിതട്ടിപ്പിന് ഇരയായവര്‍ കടകംപള്ളി വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
തങ്ങളുടെ ഭൂമിക്ക് കരം അടച്ചു തരണമെന്ന ആവശ്യവുമായി വില്ലേജ് ഓഫീസിനു മുന്നില്‍ അവര്‍ പ്രതിഷേധിച്ചു. തുടര്‍ന്ന് കളക്ടര്‍ ബി.ജു പ്രഭാകര്‍ എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ശനിയാഴ്ച ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്താമെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയി. തിരുവനന്തപുരം നഗരത്തിലെ കടകംപള്ളി വില്ലേജ് പരിധിയില്‍ 18 സര്‍വേ നമ്പരുകളിലായുള്ള 44.5 ഏക്കര്‍ സ്ഥലം തട്ടിയെടുക്കാന്‍ ശ്രമം നടന്നതായാണ് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്.
തണ്ടപ്പേര് രജിസ്റ്ററിലെ 10156 എന്ന പേജ് കീറിക്കളഞ്ഞ് 3587 എന്ന നമ്പരില്‍ പുതിയ തണ്ടപ്പേര് ചേര്‍ക്കുകയായിരുന്നു. ഒന്നര ഏക്കര്‍ സ്ഥലത്തിന് ഇരട്ടപ്പട്ടയം നല്കി പോക്കുവരവ് നടത്തിയതായും കണ്ടെത്തി. സലിംരാജിന്റെ സഹോദരീഭര്‍ത്താവായ അബ്ദുല്‍ മജീദും സഹോദരന്മാരും ചേര്‍ന്ന് തണ്ടപ്പേര് തിരുത്തി തൃക്കാക്കര പത്തടിപ്പാലം ബിഎംവി റോഡിലെ എന്‍എ ഷറീഫയുടെ 25 കോടിയുടെ ഭൂമി കൈവശപ്പെടുത്തിയെന്നാണ് കളമശേരി കേസ്. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥയായ സലിംരാജിന്റെ ഭാര്യയുടെ സഹായത്തോടെയാണ് തണ്ടപ്പേര് മാറ്റിയതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: