കണ്ണൂര്‍: എന്‍ കെ പ്രേമചന്ദ്രനെതിരായ പരനാറി പ്രയോഗത്തില്‍ ഉറച്ചുനില്‍ക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. പരാമര്‍ശം ബോധപൂര്‍വം നടത്തിയതാണ്. എന്നാല്‍ ഈ പ്രയോഗത്തിലൂടെ താന്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍.കെ.പ്രേമചന്ദ്രനെ ലക്ഷ്യമിട്ടില്ലെന്നും സമൂഹമത് അദ്ദേഹത്തിനു മേല്‍ ചാര്ത്തിനല്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയ്ക്കു ശേഷം പലരും തന്നെ ഫോണില്‍ വിളിച്ചിരുന്നു. ഈ പദപ്രയോഗം പോരെന്നും യൂദാസെന്നോ രാഷ്ട്രീയവേശ്യയെന്നോ പ്രയോഗിക്കണമെന്നായിരുന്നുമാണ് അവര്‍ തന്നോട് പറഞ്ഞതെന്നും പിണറായി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബിന്റെ ജനവിധി-2014 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. കൊല്ലത്തെ സിപിഎം സ്ഥാനാര്‍ത്ഥി എംഎ ബേബിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ ആയിരുന്നു പിണറായിയുടെ വിവാദ പരനാറി പരാമര്‍ശം.
ആര്‍എസ്പിയുടെ കൂടുമാറ്റം പെട്ടെന്നുള്ള തീരുമാനമായിരുന്നില്ല. ആഴ്ചകള്‍ക്കു മുമ്പെ ഇതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. പ്രേമചന്ദ്രന്റെ അധികാരമോഹമാണ് ചുവടുമാറ്റത്തിനു പിന്നില്‍. നല്ല രീതിയിലല്ലാതെ വ്യവസായം നടത്തുന്ന രാഷ്ട്രീയക്കാരനല്ലാത്ത വ്യക്തിയാണ് ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്നും പിണറായി ആരോപിച്ചു.
എല്‍ഡിഎഫ് കേരളത്തില്‍ വലിയ മുന്നേറ്റമുണ്ടാക്കും. തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫില്‍ ഇപ്പോഴുള്ള ഐക്യം പൂര്‍ണമായും തകരും. എന്നാല്‍ രാഷ്ട്രീയ ഉപജാപത്തിലൂടെ ഭരണം നേടാന്‍ എല്‍ഡിഎഫ് ശ്രമിക്കില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: