കാസര്‍ക്കോട്: കേരളം ഭീകരരുടെ നഴ്സറിയായി മാറിയെന്ന് ബി.ജെ.പി.യുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. വിനോദ സഞ്ചാരത്തിന്റെ ഭൂമിയായ കേരളം ഭീകരവാദികളെ സൃഷ്ടിക്കുകയും പോഷണം നല്കി പരിചരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ട്. കോണ്‍ഗ്രസ് പുറത്ത് പച്ചയും അകത്ത് ചുവപ്പുമാണ്. ഓരോ മുന്നണി ചെയ്യുന്ന തെറ്റുകള്‍ എതിര് മുന്നണി മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഭയാനകമാംവിധം വര്‍ദ്ധിച്ചിരിക്കുകയാണ്. രാജ്യത്ത് സ്ത്രീകള്‍ക്കു നേരെ അതിക്രമം നടക്കുന്ന പത്ത് സംസ്ഥാനങ്ങളില്‍ ആറെണ്ണം കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണെന്നും മോദി പറഞ്ഞു. കാസര്‍കോട് കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി മലയാളികള്‍ക്കുവേണ്ടി എ.കെ ആന്റണി ചെറുവിരല്‍ പോലും ഇളക്കിയില്ലെന്നും നരേന്ദ്രമോദി പറഞ്ഞു.
കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പാക് സൈന്യത്തെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈനികരുടെ തല വെട്ടിയത് പാക്കിസ്ഥാന് സൈന്യമല്ല എന്നാണ് ആന്റണി പറഞ്ഞത്. പാക്കിസ്ഥാനെ സഹായിക്കാനാണ് ആന്റണി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും മോദി പറഞ്ഞു. വ്യോമസേനയുടെ 97 ശതമാനം ആയുധങ്ങളും കാലഹരണപ്പെട്ടതാണ്. ഇതേക്കുറിച്ച് ആന്റണി നിലപാട് വ്യക്തമാക്കണം.
പാക്ക് സേന ഇന്ത്യന്‍ സേനയെ ആക്രമിച്ചത് ആന്റണി മറച്ചുവെച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. ആന്റണിയുടെ നിലപാടില്‍ സൈന്യം വിയോജിപ്പ് അറിയിക്കുക പോലും ചെയ്തു. പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ എ.കെ.ആന്റണിയെ പ്രകീര്‍ത്തിക്കുന്ന സ്ഥിതി വരെയുണ്ടായെന്നും മോദി പറഞ്ഞു. മംഗലാപുരത്ത് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം 11.30 ഓടെയാണ് മോദി കാസര്‍ക്കോട്ടെത്തിയത്. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് ,കാസര്‍ക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്, കണ്ണൂരിലെ സ്ഥാനാര്‍ഥി പി.സി.മോഹനന് മാസ്റ്റര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: